ന്യൂഡൽഹി
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ രേഖ ഹാജരാക്കാൻ യുപി സർക്കാരിനോട് സുപ്രീംകോടതി. ‘ആദ്യം ഞങ്ങൾ മെഡിക്കൽ രേഖകൾ പരിശോധിക്കട്ടെ. രേഖകൾ ബുധനാഴ്‌ച ഹാജരാക്കൂ. കഴിയുമെങ്കിൽ ഇന്നുതന്നെ അത് സമർപ്പിക്കണം’ –- ചീഫ്‌ജസ്‌റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയോട് നിർദേശിച്ചു. ചൊവ്വാഴ്‌ച കേസ് പരിഗണിക്കവേ, ബുധനാഴ്‌ചത്തേക്ക് മാറ്റണമെന്ന് സോളിസിറ്റർജനറൽ ആവശ്യപ്പെട്ടു. എന്നാൽ, ചൊവ്വാഴ്‌ച തന്നെ കേസ് പരിഗണിക്കാൻ ബെഞ്ച് തീരുമാനിച്ചു. സിദ്ദിഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സമർപ്പച്ച ഹർജിയും സിദ്ദിഖിന്റെ ഭാര്യ റൈഹാനത്ത് നൽകിയ അപേക്ഷയുമാണ് പരിഗണിച്ചത്.
ഈ മാസം 20ന് കോവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ ജയിലിൽനിന്ന് മഥുര കൃഷ്‌ണമോഹൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ കട്ടിലിൽ ചങ്ങലയാൽ ബന്ധിച്ചിട്ടിരിക്കുകയാണെന്ന് അഡ്വ. വിൽസ് മാത്യു കോടതിയെ അറിയിച്ചു. എന്നാൽ, ഈ വാദം തെറ്റാണെന്നും അദ്ദേഹത്തെ ബന്ധിച്ചിട്ടില്ലെന്നും സോളിസിറ്റർ ജനറൽ അവകാശപ്പെട്ടു. തുടർന്ന്, കോടതി മെഡിക്കൽ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു. വീഡിയോ കോൺഫറൻസിങ് വഴിയുള്ള വാദം കേൾക്കലിനിടെ സാങ്കേതികപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് കേസ് ബുധനാഴ്‌ചത്തേക്ക് മാറ്റി. ഹാഥ്‌രസിൽ ദളിത്‌പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് റിപ്പോർട്ട് ചെയ്യാൻ പോകവേയാണ് സിദ്ദിഖിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..