ന്യൂഡൽഹി
കോവിഡ് വാക്‌സിൻ വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്ന് ഓര്‍മിപ്പിച്ച് സുപ്രീംകോടതി. ‘‘വിവിധ കമ്പനികൾ വാക്‌സിന് വ്യത്യസ്‌ത വില നിശ്‌ചയിക്കുന്നു. ഡ്രഗ്‌സ് കൺട്രോൾ ആക്ട്, പേറ്റന്റസ് ആക്ട് പ്രകാരം സർക്കാരിന് ഇടപെടാൻ അധികാരമുണ്ട്. സർക്കാർ എന്ത് ഇടപെടല്‍ നടത്തി?. മഹാമാരി സൃഷ്ടിച്ച ദേശീയപ്രതിസന്ധിയാണ് മുന്നില്‍. ഇപ്പോൾ അധികാരം ഉപയോഗിച്ചില്ലെങ്കിൽ ഇനി എപ്പോഴാണത് ഉപയോഗിക്കുക?’’–- ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ് , എൽ നാഗേശ്വരറാവു, എസ് രവീന്ദ്രഭട്ട് എന്നിവർ അംഗങ്ങളായ ബെഞ്ച് ചോദിച്ചു.
കോവിഡ് സാഹചര്യങ്ങളിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ ചോദ്യം.വാക്‌സിൻ വില നിശ്‌ചയിച്ചതിലെ അടിസ്ഥാനയുക്തി കേന്ദ്രം വിശദീകരിക്കണം. 18 വയസ്സിന് മുകളിലുള്ളവർക്ക് നൽകാൻ എത്ര വാക്‌സിൻ വേണമെന്നും വാക്‌സിൻക്ഷാമം പരിഹരിക്കാൻ എന്ത് നടപടിയെടുത്തെന്നും വിശദീകരിക്കാനും കോടതി നിർദേശിച്ചു.
‘മൂകസാക്ഷിയാകാനാവില്ല’
കോവിഡ് കാരണം ദേശീയപ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിൽ മൂകസാക്ഷിയായിരിക്കാൻ സുപ്രീംകോടതിക്ക് പറ്റില്ലെന്നും ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് . വിവിധ ഹൈക്കോടതികൾ കോവിഡുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നു. അതിൽനിന്ന് ഹൈക്കോടതികളെ വിലക്കാൻ ഉദ്ദേശിക്കുന്നില്ല. ഹൈക്കോടതികൾക്ക് ഇടപെടാൻ പരിമിതികളുള്ള ചില പ്രശ്‌നങ്ങളുണ്ട്. അതിൽ ആവശ്യമായ ഇടപെടലുകൾ നടത്തും. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തതെന്നും ജഡ്‌ജിമാർ വിശദീകരിച്ചു. ഓക്‌സിജന്റെയും മരുന്നുകളുടെയും വിതരണം, വാക്‌സിൻ വിലനിയന്ത്രണം എന്നിവയില്‍ റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രത്തോട് നിർദേശിച്ചു. വെള്ളിയാഴ്‌ച സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും. നിലവിൽ 11 ഹൈക്കോടതി കോവിഡ്കേസുകൾ പരിഗണിക്കുന്നു.
അമിക്കസ്‌ക്യൂറിമാരെ നിയമിച്ചു
കേസിൽ സുപ്രീംകോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകരായ ജയ്‌ദീപ് ഗുപ്‌ത, മീനാക്ഷി അറോറ എന്നിവരെ അമിക്കസ് ക്യൂറിമാരായി ചുമതലപ്പെടുത്തി ഉത്തരവിറക്കി. നേരത്തെ നിയമിച്ച അമിക്കസ്‌ക്യൂറി ഹരീഷ് സാൽവേ പിന്മാറിയിരുന്നു.
ഓക്‌സിജനിൽ
രാഷ്ട്രീയമില്ലെന്ന് കേന്ദ്രം
ഓക്‌സിജൻ വിതരണത്തിൽ ഒരുതരത്തിലുള്ള രാഷ്ട്രീയവുമില്ലെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഓക്‌സിജൻ വിഷയം നന്നായി കൈകാര്യംചെയ്‌ത കേരളത്തിനെയും തമിഴ്‌നാടിനെയും അഭിനന്ദിക്കാൻ മടി കാണിച്ചിട്ടില്ലെന്നും സോളിസിറ്റർജനറൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..