ന്യൂഡൽഹി
വടക്കു കിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിന് പൂർണമായ വീഴ്‌ചയുണ്ടായെന്ന് അഡീഷണൽ സെഷൻസ് കോടതി. എഫ്‌ഐആറുകൾ കൂട്ടിച്ചേർത്തത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്നും ജഡ്‌ജി വിനോദ് യാദവ് നിരീക്ഷിച്ചു. നിഷാർ അഹമ്മദ് എന്നയാളുടെ പരാതികൾ രണ്ടായി രജിസ്‌റ്റർ ചെയ്യണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരായ ഡൽഹി പൊലീസിന്റെ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വടക്കു കിഴക്കൻ ഡൽഹിയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ഉന്നത ഉദ്യോഗസ്ഥർ വീഴ്‌ച വരുത്തുകയാണ്. ഉന്നത ഉദ്യോഗസ്ഥർ പ്രശ്‌നപരിഹാരം ഉറപ്പാക്കിയാൽ ഇരകൾക്ക് നീതി ലഭിക്കുമെന്നും കോടതി പറഞ്ഞു. സിഎഎ വിരുദ്ധ സമരം സംഘടിപ്പിച്ചവരെ പ്രതികളാക്കി അന്വേഷണം പൊലീസ് വഴിതിരിച്ചുവിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഫെബ്രുവരി 25ന് നിഷാർ അഹമ്മദിന്റെ ഗോകുൽപുരിയിലെ വീട് കൊള്ളയടിക്കുകയും രണ്ട് ബൈക്ക് തീയിട്ടുനശിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതര മതവിഭാഗത്തിലുള്ളവരെ ആക്രമിക്കാൻ 24ന് ഒരുകൂട്ടം ആളുകൾ ആഹ്വാനം ചെയ്‌തതിനു പിന്നാലെയാണിതുണ്ടായത്. എന്നാൽ, മോഷണം നടന്നതായാണ് മാർച്ച് 18ന് പൊലീസ് പരാതി സ്വീകരിച്ചത്. എന്നാൽ, രണ്ട് സംഭവത്തിലും വ്യത്യസ്‌ത എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..