28 April Wednesday

കുഴൽപ്പണം കവർച്ച: മുഖ്യപ്രതി
 ബിജെപി ഭാരവാഹി ; സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ്‌ തകർത്ത കേസിലും പ്രതി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 27, 2021


തൃശൂർ
ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച കുഴൽപ്പണം തട്ടിയെടുത്ത കേസിൽ  മുഖ്യപ്രതി ബിജെപി മേഖലാ ഭാരവാഹി.  അറസ്‌റ്റിലായ ഏഴുപേരിൽ ഒന്നാംപേരുകാരനായ കിഴക്കേ കോടാലി വെട്ടിയാട്ടിൽ ദീപക് (ശങ്കരൻ–34) ബിജെപി വെള്ളിക്കുളങ്ങര മേഖലാ എക്‌സിക്യൂട്ടീവ്‌ അംഗമാണ്‌. ദീപക് ഉൾപ്പെടെ  എല്ലാ ഭാരവാഹികളുടെയും ഫോട്ടോ കലണ്ടറായി ബിജെപി പുറത്തിറക്കിയിരുന്നു. ഫ്‌ളക്‌സ്‌ ബോർഡുകളും സ്ഥാപിച്ചിരുന്നു.  ബിജെപി ഉന്നതനേതാക്കളുമായും ദീപക്കിന്‌ ബന്ധമുണ്ട്‌. നേരത്തേ സിപിഐ എം വെള്ളിക്കുളങ്ങര ലോക്കൽ കമ്മിറ്റി ഓഫീസ്‌ തകർത്ത കേസിലും  ദീപക്‌ പ്രതിയാണ്‌.

കേസിൽ വേളൂക്കര ആപ്പിൾ ബസാർ വട്ടപ്പറമ്പിൽ അരീഷ് (28), വടക്കുംകര വെളയനാട് കോക്കാടൻ മാർട്ടിൻ ദേവസി (23),   പട്ടേപ്പാടം തരുപീടികയിൽ ലെബീബ് (30),  വെളയനാട് കുട്ടിച്ചാൽപ്പറമ്പിൽ അഭിജിത്ത് (അഭി–28),  വെളയനാട് തോപ്പിൽ ബാബു മുഹമ്മദാലി (വട്ട് ബാബു–39), വേളൂക്കര ഹാഷിൻ നഗർ വേലംപറമ്പിൽ അബു ഷാഹിദ് (25)  എന്നിവരും അറസ്റ്റിലായി.  പ്രതികളെ കോടതിയിൽ ഹാജരാക്കി.  രണ്ടുപേർകൂടി   കസ്‌റ്റഡിയിലുള്ളതായാണ്‌ സൂചന.  ചാലക്കുടി ഡിവൈഎസ്‌പി ജിജിമോന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം.  

ഏപ്രിൽ മൂന്നിന്‌ കൊടകരയിലാണ്‌ അപകട നാടകം സൃഷ്ടിച്ച്‌  കവർച്ച   നടന്നത്. 25 ലക്ഷവും  കാറും തട്ടിയെടുത്തെന്നാണ്‌  കോഴിക്കോട്‌ സ്വദേശി   കൊടകര പൊലീസിൽ നൽകിയ പരാതി.  എന്നാൽ മൂന്നരക്കോടി തട്ടി
ച്ചതായി  പുറത്തുവന്നു. പത്തുകോടിയാണെന്നും ആരോപണമുയർന്നു.  ഇതിൽ  ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ചും  അന്വേഷണം പുരോഗമിക്കുകയാണ്‌.  ജില്ലയിലെ ഒരു  ബിജെപി സ്ഥാനാർഥി   തന്റെ നാലുകോടി ബാധ്യത തീർക്കാൻ തയ്യാറായതും വിവാദമായിട്ടുണ്ട്‌.


3 പേരെ തെരയുന്നു
ബിജെപി തെരഞ്ഞെടുപ്പിന്  വിനിയോഗിക്കാനായി കൊണ്ടുപോയ മൂന്നരക്കോടി രൂപ വ്യാജ അപകടമുണ്ടാക്കി തട്ടിയെടുത്ത കേസിൽ പങ്കാളികളായ മൂന്നുപേരെ  പൊലീസ്‌ തെരയുന്നു.  ഇവർ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ   ഒളിവിലാണെന്നാണ്‌ സൂചന. ഒളിവിലുള്ളവരെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായാണ് ചേർത്തിരിക്കുന്നത്.

പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് കമ്പിപ്പാരയും ആയുധങ്ങളും കണ്ടെത്തിയെന്ന് പൊലീസിന്റെ റിമാൻഡ്‌ റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ ഏഴുപ്രതികളേയും ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി 14 ദിവസത്തേക്ക് റിമാൻഡ്‌  ചെയ്തു.  പ്രതികളെ സഹായിച്ചവർ  മുൻപൊലീസ്‌ ഉദ്യോഗസ്ഥന്റെ സഹായംതേടിയെന്ന്‌  സൂചന ലഭിച്ചു. ഇത്തരം വിവരം അറസ്റ്റിലായ പ്രതികളിലൊരാളിൽനിന്ന് കിട്ടിയതിനെത്തുടർന്ന്‌  ആഭ്യന്തരതല അന്വേഷണം തുടങ്ങി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top