കൊൽക്കത്ത
കോവിഡ് വ്യാപന ഭീതിയിൽ നടന്ന ഏഴാം ഘട്ട വോട്ടെടുപ്പിലും ബംഗാളിൽ വ്യാപക അക്രമം. പല സ്ഥലത്തും പൊലീസ് ലാത്തിച്ചാർജ് നടത്തി. പൊലീസിനുനേരെയും അക്രമം ഉണ്ടായി. നിരവധി തൃണമൂൽ–- ബിജെപി പ്രവർത്തകർ അറസ്‌റ്റിലായി. ദക്ഷിണ ദിനാജ്പുർ, പശ്ചിമ ബർദ്വമാൻ, മാൾദ, മൂർഷിദാബാദ് എന്നീ നാല് ജില്ലയിലെ 31 ഉം ദക്ഷിണ കൊൽക്കത്തയിലെ നാലും ഉൾപ്പെടെ 34 മണ്ഡലത്തിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. വൈകിട്ട് 6 വരെയുള്ള കണക്കനുസരിച്ച് 76 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. കൊൽക്കത്തയിലാണ് ഏറ്റവും കുറവ്–-67 ശതമാനം.
സിപിഐ എം സ്ഥാനാർഥി ഐഷി ഘോഷ് മത്സരിക്കുന്ന ജാമുരിയയിൽ പലയിടങ്ങളിലും തൃണമൂലും ബിജെപിയും ഇടതുമുന്നണി പ്രവർത്തകരെ ആക്രമിച്ചു. വിവരം അന്വേഷിക്കാനെത്തിയ ഐഷിയെ തൃണമൂലുകാർ തടഞ്ഞു. അസൺസോളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കുഴഞ്ഞുവീണ് മരിച്ചു.
മുഖ്യമന്ത്രി മമത ബാനർജി ഭവാനിപുർ മണ്ഡലത്തിലെ മിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ വോട്ടു രേഖപ്പെടുത്തി. രോഗ ബാധിതനായതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ഇത്തവണ വോട്ട് ചെയ്തില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..