കോഴിക്കോട് > പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ പേരിൽ തന്നെ വർഗീയവാദിയാക്കാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശ്രമിച്ചുവെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് മുല്ലപ്പള്ളികൂടി പങ്കെടുത്ത കൊച്ചിയിലെ യുഡിഎഫ് യോഗത്തിലാണ് ജമാഅത്തെ ബന്ധം തീരുമാനിച്ചത്. മുസ്ലിംലീഗ് മുൻകൈയിലെടുത്ത തീരുമാനം കെപിസിസി രാഷ്ട്രീയകാര്യസമിതിയും അംഗീകരിച്ചതാണ്. വെൽഫെയർ പാർടിയുമായി പ്രാദേശിക നീക്കുപോക്കുണ്ടാക്കി. ഈ നയം കേന്ദ്ര നേതൃത്വത്തെ വിശദീകരിച്ച് ബോധ്യപ്പെടുത്തേണ്ട ബാധ്യത കെപിസിസി പ്രസിഡന്റിനായിരുന്നുവെന്നും ഹസ്സൻ കുറ്റപ്പെടുത്തി.
ജമാഅത്തെ സംസ്ഥാനഅമീറിനെ കൊട്ടും കുരവയുമായി താൻ കണ്ടുവെന്ന് മുല്ലപ്പള്ളി തെരഞ്ഞെടുപ്പിനുശേഷം ആക്ഷേപിച്ചതിൽ നേരിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സിപിഐ എം ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു മുല്ലപ്പള്ളി. ഒരു അഭിമുഖത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ പ്രവർത്തനശൈലിക്കും നിലപാടിനുമെതിരെ യുഡിഎഫ് കൺവീനറുടെ കടന്നാക്രമണം. ജമാഅത്തെയുടെ വെൽഫെയർ പാർടിയുമായുള്ള ബന്ധം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമുണ്ടാക്കി. തോൽവിയുടെ കാരണം ഇതാണെന്നു പറഞ്ഞത് ഞങ്ങളുടെ കൂട്ടത്തിലെ കപട മതേതരവാദികളാണെന്നും ഹസ്സൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..