26 April Monday

ബിജെപി കുഴല്‍പണക്കേസ്: ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 26, 2021

തൃശൂര്‍ > ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച കുഴല്‍പണം തട്ടിയെടുത്ത കേസില്‍ ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ. കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

തെഞ്ഞെടുപ്പിന് ബിജെപിക്ക് ചെലവഴിക്കാന്‍ കോഴിക്കോട് നിന്നും എറണാകുളത്തേക്ക്  മൂന്നരക്കോടി കുഴല്‍പ്പണം കടത്തിയെന്നും  ഇത് തട്ടിയെടുത്തുമായിരുന്നു ആദ്യ വിവരം. എന്നാല്‍ മറ്റു ജില്ലകളിലേക്കുള്‍പ്പടെ പത്തുകോടി തട്ടിയെടുത്തതായി  പിന്നീട് പുറത്തുവന്നു. അപകടം നടത്തുന്നതിനായുള്ള ഗൂഡാലോചനയുടെ ഭാഗമായി ബിജെപി നേതാവ് അയച്ച എസ്എംഎസ് സന്ദേശവും പുറത്തായി.

ഏപ്രില്‍ മൂന്നിന് കൊടകരയിലാണ് കവര്‍ച്ചാ നാടകം നടന്നത്. അടുത്ത ദിവസം ഭൂമി ഇടപാടിനായി എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തെന്ന് കോഴിക്കോട് സ്വദേശി  കൊടകര പൊലീസില്‍ പരാതി നല്‍കി.  എന്നാല്‍ ഇത് വ്യാജമാണെന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

വാഹനാപകടം സൃഷ്ടിച്ച് പണം തട്ടിപ്പ് ആസൂത്രണത്തിന് പിന്നില്‍ സംസ്ഥാനത്തെ പ്രമുഖ ബിജെപി  നേതാവാണെന്നാണ് സൂചന. ഇയാളുടെ ഗ്രൂപ്പുകാരനായ  ജില്ലയിലെ നേതാവാണ് മുഖ്യകണ്ണി. കോഴിക്കോട് നിന്നും വാഹനം പുറപ്പെട്ട ഉടനെ സംസ്ഥാന നേതാവ് വിവരം ജില്ലാ നേതാവിന് കൈമാറി. ഇയാള്‍ തൃശൂരിലെ ഓഫീസിലെത്തിയ സംഘത്തിന് സ്വകാര്യ ലോഡ്‌ജില്‍ മുറി ശരിയാക്കി നല്‍കി.  തുടര്‍ന്ന് പുലര്‍ച്ചെ കൊടകര പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി പണവും കാറുമായി കടക്കുകയായിരുന്നു.

പണം കവര്‍ച്ച ബിജെപിയില്‍ വന്‍പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. സംസ്ഥാന പ്രസിഡന്റും സംഘടനാ ജനറല്‍ സെക്രട്ടറിമാരുമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഫണ്ടിന്റെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന സംഘടനാ സെക്രട്ടറിയെ ഇത്തവണ മാറ്റിനിര്‍ത്തിയിരുന്നു. ഇതിനുപിന്നില്‍ ആരാണെന്നത് പുറത്ത് വരുന്നതോടെ കൂടുതല്‍ വിവരം പുറത്താകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top