ന്യൂഡൽഹി
രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഓക്‌സിജൻ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ പിഎം കെയർ നിധി ഉപയോഗിച്ച് 551 മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് നിർമിക്കുമെന്ന് പ്രധാനമന്ത്രികാര്യാലയം. വിവിധ ജില്ലാ ആസ്ഥാനങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിലാകും പ്ലാന്റുകൾ. ഇവിടെ ഉൽപ്പാദിക്കുന്ന ഓക്സിജന്റെ സംഭരണ ഉത്തരവാദിത്തം ആരോഗ്യമന്ത്രാലയത്തിനാണ്.
പ്രെഷർ സ്വിങ് അഡ്‌സോർപ്‌ഷൻ (പിഎസ്‌എ) സാങ്കേതികത പ്രകാരമുള്ള പ്ലാന്റുകളാണ് നിർമിക്കുക. ക്രയോജനിക് സാങ്കേതികത ഉപയോഗിച്ചുള്ള ലിക്വിഡ് ഓക്‌സിജന്റെ അത്ര ശുദ്ധമല്ലെങ്കിലും പിഎസ്‌എ പ്ലാന്റുകളിൽനിന്നുള്ള ഓക്‌സിജൻ ചെലവ് കുറഞ്ഞതും മഹാമാരിക്കാലത്ത് പ്രയോജനപ്പെടുന്നതുമാണ്.
നേരത്തേ പിഎം കെയർ നിധിയിൽനിന്ന് 201.58 കോടി രൂപ മുതൽമുടക്കിൽ 162 പിഎസ്‌എ ഓക്‌സിജൻ പ്ലാന്റിന് അനുമതി നൽകിയിരുന്നെങ്കിലും 33 എണ്ണം മാത്രമാണ് സ്ഥാപിക്കാനായത്. ഒക്‌ടോബറിൽ ടെൻഡർ ക്ഷണിച്ചതാണെങ്കിലും കേന്ദ്രത്തിന്റെ അലംഭാവത്താൽ തുടർനടപടി വൈകി. 50 പ്ലാന്റ് ഏപ്രിൽ അവസാനത്തോടെയും 80 പ്ലാന്റ് മെയ് അവസാനത്തോടെയും നിലവിൽ വരുമെന്നാണ് ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാജ്യത്ത് മെഡിക്കൽ ഓക്‌സിജൻ ആവശ്യകതയിൽ 23 ശതമാനം വർധനയാണ് വന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..