കൊച്ചി > ജനസംഖ്യാനുപാതികമായി രോഗികളുടെ എണ്ണം കണക്കാക്കി കോവിഡ് വ്യാപനത്തിൽ എറണാകുളം ജില്ല രാജ്യത്ത് ഒന്നാമതായി എന്ന റിപ്പോർട്ട് യഥാർഥ വസ്തുതകൾ മറച്ചുവച്ചുകൊണ്ട്. പ്രതിദിനരോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഒന്നാമതായ ഡൽഹിയെക്കാളും വളരെ പിന്നിലാണ് കൊച്ചിയെങ്കിലും ജനസംഖ്യാനുപാതിക കോവിഡ് വ്യാപനത്തിൽ കൊച്ചി ഒന്നാമതാണെന്ന കാര്യംമാത്രം പറഞ്ഞാണ് വാർത്തകൾ പ്രചരിച്ചത്. പത്തു ലക്ഷത്തിൽ 1300 പേർക്ക് എന്ന കണക്കിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിനാൽ, ജനസംഖ്യാനുപാതികമായ കോവിഡ് വ്യാപനത്തിൽ എറണാകുളം രാജ്യത്ത് ഒന്നാമതെന്ന ഒരു ഡോക്ടറുടെ എഫ്ബി പോസ്റ്റാണ് ചില മാധ്യമങ്ങൾ റിപ്പോർട്ടാക്കിയത്.
രണ്ടാമതുള്ള ഡൽഹിയിൽ ഇത് 1281, മൂന്നാമതുള്ള കോഴിക്കോട് ഇത് 1194 എന്നും എഫ്ബി പോസ്റ്റിൽ പറയുന്നു. എന്നാൽ അതേ എഫ്ബി പോസ്റ്റിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നോക്കിയാൽ 35 ശതമാനവുമായി ഡൽഹിയാണ് ഒന്നാമത്. എറണാകുളത്ത് ഇത് 28 ശതമാനവും കോഴിക്കോട് 23 ശതമാനവുമാണെന്നും എഫ്ബി പോസ്റ്റിലുണ്ട്, പ്രതിദിനരോഗികളുടെ എണ്ണം 24,000 കടന്ന ഡൽഹിയാണ് കോവിഡ് രോഗികളിൽ ഒന്നാമതെന്നും ഡോക്ടർ എഫ്‌ബി പോസ്റ്റിൽ പറയുന്നുണ്ടെങ്കിലും മാധ്യമ റിപ്പോർട്ടുകളിൽ ഇത് പറയുന്നില്ല.
പുണെയിൽ 9863, മുംബൈയിൽ 7163, ലക്‌നൗവിൽ 5687 എന്നിങ്ങനെയാണ് പ്രതിദിനരോഗികളുടെ എണ്ണം. കൊച്ചിയിൽ ഇത് 4548ഉം കോഴിക്കോട് 3939ഉം ആണെന്നും എഫ്ബി പോസ്റ്റിലുണ്ട്. പുണെ, മുംബൈ, ലക്‌നൗ എന്നിവിടങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് യഥാക്രമം 22, 18, 13 എന്നിങ്ങനെ മാത്രമാണെന്നും പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..