കാസർകോട്
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിലേക്ക് ഫണ്ട് മംഗളൂരുവഴിയുമെത്തി. ആർഎസ്‌എസ്സിന്റെ ദക്ഷിണേന്ത്യയിലെ ആസ്ഥാനമായ മംഗളൂരുവിലെ നേതാക്കൾ വഴിയാണ് ബിജെപി ഫണ്ട് കേരളത്തിൽ എത്തിച്ചത്. ഇങ്ങനെയെത്തിയ കുഴൽപ്പണത്തിൽനിന്നാണ് തൃശൂരിലും പാലക്കാടും തട്ടിയെടുത്തത്.
മംഗളൂരുവിൽനിന്ന് എങ്ങനെയാണ് ഫണ്ട് കേരളത്തിലെ വിവിധ ജില്ലകളിൽ എത്തിച്ചതെന്നത് ദൂരൂഹമാണ്. രണ്ട് മണ്ഡലങ്ങളിലായി മത്സരിച്ച നേതാവ് സഞ്ചരിച്ച വാഹനവും ഫണ്ട് കടത്താൻ ഉപയോഗിച്ചിട്ടുണ്ടെന്ന് പാർടിയുമായി ബന്ധമുള്ളവർ പറയുന്നു. സ്ഥാനാർഥി ഹെലികോപ്‌റ്ററിലാണ് ഇടവിട്ട ദിവസങ്ങളിൽ അതിർത്തിയിലെ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയത്. മംഗളൂരു അതിർത്തിയിലുള്ള ഗ്രാമത്തിലെ മൈതാനത്താണ് ഹെലികോപ്‌റ്റർ നിർത്തിയിട്ടിരുന്നത്. മംഗളൂരുവിൽനിന്ന് ഇവിടേക്ക് നിരവധി ഗ്രാമീണ റോഡുകളുണ്ട്. പ്രധാന നേതാവായതിനാൽ കാര്യമായ പരിശോധനയൊന്നും സ്ഥാനാർഥിയുടെ കാര്യത്തിൽ ഉണ്ടാകാറില്ല.
എ, ബി, സി എന്നിങ്ങനെ തിരിച്ചാണ് മണ്ഡലങ്ങളിലേക്ക് കേന്ദ്രനേതൃത്വം പണം നൽകിയത്. ബൂത്തുകൾക്ക് അരലക്ഷം മുതൽ ഒരു ലക്ഷം വരെ തെരഞ്ഞെടുപ്പ് ചെലവിനായി അനുവദിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റിനും സംഘടനാ സെക്രട്ടറിമാർക്കും ആർഎസ്‌എസ് നേതാക്കൾക്കുമായിരുന്നു ഫണ്ട് കൈാര്യം ചെയ്യുന്നതിന്റെ ചുമതല. ജില്ലകളിൽ പ്രസിഡന്റിന് ഉത്തരവാദിത്തമുണ്ട്. ഫണ്ട് തട്ടിയെടുത്ത സംഭവം പുറത്തുവന്നതിനു പിന്നാലെ ജില്ലകളിലും മണ്ഡലങ്ങളിലും യഥാവിധം ഫണ്ട് എത്തിയില്ലെന്ന പരാതിയുമുണ്ട്. ഫണ്ടിനെ ചൊല്ലി ബിജെപിയിൽ പുതിയ പോർമുഖം തുറന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..