തിരുവനന്തപുരം > ഒരിക്കൽ കേരളത്തിനുമുന്നിൽ കർണാടക കൊട്ടിയടച്ച വഴികളിലൂടെ ഇന്ന് സംസ്ഥാനം അവർക്ക് പ്രാണവായു എത്തിക്കുന്നു. കർണാടകത്തിനൊപ്പം അയൽസംസ്ഥാനമായ തമിഴ്‌നാടിനും കേരളം ഓക്സിജൻ നൽകുന്നുണ്ട്. ഇരുസംസ്ഥാനത്തിനുമായി 100 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ കേരളം നൽകി. വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം തമിഴ്‌നാടിന് 77 മെ. ടണ്ണും കർണാടകത്തിന് 16 മെ. ടൺ ഓക്സിജനും നൽകി. ഇനിയും വിതരണം പൂർത്തിയാകാനുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നൂറുകണക്കിന് രോഗികൾ പ്രാണവായുകിട്ടാതെ മരിക്കുമ്പോളാണ് കേരളത്തിന്റെ ഈ മാതൃക. രോഗികൾക്ക് ആനുപാതികമായും അതിലധികവും മെഡിക്കൽ ഓക്‌സിജൻ ഉൽപ്പാദനമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. കഞ്ചിക്കോട് ഇനോക്‌സ് എയർ പ്രൊഡക്ട്‌സ്, ചവറ കെഎംഎംഎൽ, പരാക്‌സെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്–-എറണാകുളം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻ നിർമിക്കുന്നത്.
കോവിഡ് രോഗികൾ ദിനംപ്രതി വർധിക്കുന്നതിനാൽ സംസ്ഥാനത്തിന് ഒരു ദിവസം ഏകദേശം 70–-80 മെ.ടൺ ഓക്സിജൻ ആവശ്യമായി വരും. വിവിധ കേന്ദ്രങ്ങളിലായി 150 മെ. ടണ്ണിൽ അധികം ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നതിനാൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകില്ലെന്ന് പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ (പെസൊ) ഡെപ്യൂട്ടി ചീഫ് കൺട്രോളറും സംസ്ഥാനത്തെ മെഡിക്കൽ ഓക്‌സിജൻ നോഡൽ ഓഫീസറുമായ ഡോ. ആർ വേണുഗോപാൽ പറഞ്ഞു. പെസൊയുടെ നിർദേശപ്രകാരം നിലവിൽ ഓക്സിജൻ വിതരണം ആരോഗ്യമേഖലയിലേക്ക് മാത്രമാണ്. ഒരു ടൺ മെഡിക്കൽ ഓക്സിജന്റെ വില കോവിഡ്‌കാലത്ത് കെഎംഎംഎൽ പതിനായിരമായി കുറച്ചിരുന്നു. ഹരിയാന പോലുള്ള സംസ്ഥാനങ്ങളിൽ 50,000 രൂപയാണ് ഒരു ടൺ ഓക്സിജന് വേണ്ടിവരിക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..