ലണ്ടൻ
പകരക്കാരനായെത്തിയ ജോ വില്ലോക്ക് 95–-ാം മിനിറ്റിൽ ലിവർപൂളിനെ ഞെട്ടിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിക്കാനെത്തിയ ലിവർപൂളിനെ വില്ലോക്കിന്റെ ഗോളിൽ ന്യൂകാസിൽ യുണൈറ്റഡ് തളച്ചു. ആൻഫീൽഡിൽ 1–-1നാണ് കളി അവസാനിച്ചത്.
മുഹമ്മദ് സലാ നാലാം മിനിറ്റിൽത്തന്നെ ഗോളടിച്ചപ്പോൾ ലിവർപൂൾ പ്രതീക്ഷിച്ചത് അനായാസ ജയമാണ്. പക്ഷേ, ന്യൂകാസിൽ വിട്ടുകൊടുത്തില്ല. ലിവർപൂൾ മുൻനിരയെ സമർഥമായി കൈകാര്യം ചെയ്‌ത അവർ അവസാനനിമിഷം പ്രത്യാക്രമണംകൊണ്ട് വിറപ്പിക്കുകയും ചെയ്‌തു.
വില്ലോക്കിന്റെ ഗോളിന് തൊട്ടുമുമ്പ് കല്ലം വിൽസൺ ലിവർപൂൾ വലയിൽ പന്തെത്തിച്ചതാണ്. എന്നാൽ, ലക്ഷ്യം കാണുന്നതിനുമുമ്പ് പന്ത് വിൽസന്റെ കൈയിൽ തട്ടിയെന്ന കാരണത്താൽ ഗോൾ പിൻവലിക്കുകയായിരുന്നു. എന്നാൽ, പരിക്കുസമയത്ത് മറ്റൊരു മനോഹരമായ നീക്കം ഗോളിലെത്തുകതന്നെ ചെയ്‌തു. വില്ലോക്കിന്റെ തകർപ്പൻ ഗോളിൽ ലിവർപൂൾ വിരണ്ടു.
മറ്റൊരു മത്സരത്തിൽ അഴ്‌സണൽ എവർട്ടണ് മുന്നിൽ വീണു. ഒരു ഗോളിനാണ് എവർട്ടന്റെ ജയം. അഴ്‌സണൽ ഗോൾകീപ്പർ ബെർണാഡ് ലെനോയുടെ പിഴവുഗോളിലാണ് എവർട്ടൺ ജയം കുറിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..