ഒരു സീനിൽ പോലും ചെന്നായ ഇല്ല. പക്ഷേ, ഓരോ കഥാപാത്രത്തിലും ഒളിച്ചിരിക്കുന്നുണ്ട് വൂൾഫ്. നായകന്, നായികയ്‌ക്ക്, കാമുകന്, അമ്മയ്‌ക്ക്, പൊലീസുകാർക്ക്... കാടുകളിൽ വിലസുന്ന ചെന്നായയുടെ വന്യത ഓരോ മനുഷ്യരിലും പടരുന്നു. ജനപ്രിയ സീരിയൽ എം എയ്റ്റി മൂസയുടെ നർമത്തിൽനിന്ന് വൂൾഫിന്റെ പരുക്കൻ പ്രതലത്തിലേക്കാണ് ഷാജി അസീസ് എന്ന സംവിധായകൻ ചുവടുമാറിയത്. അർജുൻ അശോകും ഷൈൻ ടോം ചാക്കോയും ഇർഷാദും ജാഫർ ഇടുക്കിയും സംയുക്തയുമെല്ലാം അണിനിരന്ന ‘വൂൾഫ്’ എന്ന ചിത്രം പ്രമേയത്തിലെ വ്യത്യസ്‌തത കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ചുരുങ്ങിയ ബജറ്റിൽ, 20 ദിവസത്തിനുള്ളിൽ ഷൂട്ടിങ് തീർത്ത ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. വൂൾഫിന്റെ വിജയത്തെക്കുറിച്ച് സംവിധായകൻ ഷാജി അസീസ് സംസാരിക്കുന്നു. ജി ആർ ഇന്ദുഗോപന്റെ ചെന്നായ എന്ന കഥയാണ് സിനിമയായത്. സ്‌ക്രിപ്റ്റും ഇന്ദുഗോപന്റേത്. ഒരു രാത്രി തുടങ്ങി പിറ്റേന്ന് ഉച്ചവരെ വന്നുപോകുന്ന കഥാപാത്രങ്ങളിലേക്കാണ് സിനിമ മിഴിതുറക്കുന്നത്.
ലോക്‌ഡൗൺ നിശ്ചലമാക്കുന്ന ജീവിതം
മനസ്സിൽ തളംകെട്ടിക്കിടക്കുന്ന അനിശ്ചിതത്വത്തിന്റെ സമയത്ത് മനുഷ്യരിൽ പുറത്തെത്തുന്ന വന്യതയാണ് സിനിമ പറയുന്നത്. കാടിനു പകരം വീടിനുള്ളിൽ തന്നെയാണ് ആ വന്യത. എല്ലാ സ്വാതന്ത്ര്യവും നിശ്ചലമാകുമ്പോൾ അത് പതിയെ പുറത്തുവരുന്നു. അതുകൊണ്ടു തന്നെയാണ് എല്ലാ കഥാപാത്രത്തിലെയും ചെന്നായ പുറത്തുവരുന്നത്.
ആണധികാരത്തിന്റെ പൊളിച്ചെഴുത്ത്
ചുറ്റുപാടുകളിലെല്ലാം നീണ്ടുവരുന്ന ആണധികാരത്തിന്റെ കൊമ്പ് ഒടിയേണ്ടതുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നത്. അത് തിരിച്ചറിയപ്പെടുന്ന സിനിമകൾ ഈയിടെ മലയാള സിനിമയിൽ പുറത്തുവരുന്നുണ്ട്. ഈ ചിത്രവും അങ്ങനെയായതിൽ സന്തോഷം. നായകന്റെ പരുക്കൻ സ്വഭാവത്തിൽ വീർപ്പുമുട്ടുന്ന അവൾക്ക് ഒരു സ്വസ്ഥതയും അയാൾ നൽകുന്നില്ല. ആ ആണധികാരം അവളുടെ നിലപാടുകൾക്കൊപ്പം പൊളിയുന്നുണ്ട്. ഉറങ്ങുന്ന ചെന്നായ സ്‌നേഹത്തിന് മുറിവേൽക്കുന്ന മനുഷ്യർ ചെലപ്പോൾ എങ്ങനെയാകുമെന്ന് പ്രവചിക്കാനാകില്ല. വിവാഹത്തിനുശേഷം സ്‌ത്രീകൾ അനുഭവിക്കുന്ന ചില പ്രശ്‌നങ്ങൾ സിനിമയാകാറുണ്ട്. എന്നാൽ, കല്യാണം ഉറപ്പിക്കുമ്പോൾ തന്നെ അവളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുമ്പോൾ അതിൽനിന്ന് രക്ഷപ്പെടാനുള്ള ഒരു ശ്രമമുണ്ട്. അത് വൂൾഫിൽ വിജയിക്കാൻ കഴിഞ്ഞു.
ഇർഷാദിന്റെ വരവ്
ഇർഷാദ് ശരിക്കും പ്രതിഭയുള്ള നടനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇർഷാദ് സീരിയിലിൽ അഭിനയിക്കുമ്പോൾ തന്നെ ഒപ്പം ജോലിചെയ്‌തിരുന്നു. ഓംപുരി അടക്കം വലിയ നടന്മാർക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇർഷാദ് നല്ല നടനും നല്ലൊരു മനുഷ്യനുമായി എനിക്ക് തോന്നിയിരുന്നു. സിനിമയും സാഹിത്യവും ചർച്ച ചെയ്യുന്ന സുഹൃത്തുക്കളും കൂടിയാണ് ഞങ്ങൾ. ഇന്ദുഗോപൻ കഥ പറയുമ്പോൾ കാമുകനായ ചെറുപ്പക്കാരനെ കുറിച്ച് പറഞ്ഞപ്പോൾ ഒരു 45 കഴിഞ്ഞയാളായാലോ എന്ന് തോന്നി. ആ ചിന്ത ഇർഷാദിലെത്തി. ഒരേ സമയം ശാന്തനായ കാമുകനും കാടിന്റെ വന്യതയിൽ ജീവിക്കുന്നവനുമായി മാറാൻ ഇർഷാദിന് കഴിഞ്ഞു. കലാ ലോകത്ത് ഇർഷാദിന്റെ 25 വർഷത്തെ ക്ഷമയുടെയും ആത്മസമർപ്പണവുമാണ് ജോ എന്ന കഥാപാത്രം.
നാടകത്തിൽനിന്ന് സിനിമയിലേക്ക്
കുട്ടിക്കാലംമുതൽ നാടകം ജീവിതത്തിന്റെ ഭാഗമായിരുന്നു. പുസ്‌തകങ്ങളെയും നാടകത്തെയും സ്‌നേഹിച്ചു നടന്നു. തൃശൂരിലെ നാടകജീവിതം. സിനിമകളിൽ അസി. ഡയറക്ടർ, അസോസിയറ്റ് ഡയറക്ടർ. തുടർന്ന് ഷേക്‌സ്‌പിയർ എം എ മലയാളം, പോസ്‌റ്റുമാൻ എന്നീ ചിത്രങ്ങൾ സംവിധാനം. തൃശൂരിലെ കൊടുങ്ങല്ലൂർ സ്വദേശിയാണ്. പിതാവ് അബ്ദുൾ അസീസ്. മാതാവ്: ആബിദ അസീസ്. ഭാര്യ റമീന ഷാജി കൊടുങ്ങല്ലൂർ കെകെടിഎം ഗവ. കോളേജിൽ അസി. പ്രൊഫസറാണ്. മക്കൾ: അയ്‌ന ഷാജി, ഐറിൻ ഷാജി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..