25 April Sunday
തൃശൂരിലെ ബിജെപി നേതാവാണ്‌ പദ്ധതി 
ആസൂത്രണം ചെയ്‌തതെന്ന് പരാതി

ബിജെപി ഫണ്ട്: 10 കോടി 
വെട്ടിക്കാൻ പാലക്കാട്ടും ശ്രമം ; ഡ്രൈവർ ചോർത്തിയതിനാൽ പണംതട്ടൽ പാളി

വേണു കെ ആലത്തൂർUpdated: Sunday Apr 25, 2021


പാലക്കാട്
തെരഞ്ഞെടുപ്പ്‌ ചെലവിലേക്ക്‌ കർണാടകത്തിൽനിന്ന്‌ എത്തിച്ച 10 കോടി രൂപ ചിലർ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി ബിജെപി സംസ്ഥാന നേതൃത്വത്തിന്‌ പരാതി. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലേക്ക് നൽകാൻ എത്തിച്ച തുകയാണ്‌ തട്ടാൻ ശ്രമിച്ചത്‌.
തട്ടിപ്പിന് തൃശൂരിലെ ഒരു ബിജെപി നേതാവാണ്‌ പദ്ധതി ആസൂത്രണം ചെയ്‌തതെന്നും തെരഞ്ഞെടുപ്പിന്റെ അവസാന ആഴ്ചയാണ് തട്ടിയെടുക്കല്‍നാടകം അരങ്ങേറിയതെന്നും‌ പറയുന്നു.

ഒരുമാസംമുമ്പാണ്‌ കോയമ്പത്തൂർവഴി 15 കോടിരൂപ പാലക്കാട്ടെത്തിയത്‌. ഇതിനുപുറമെ മധ്യപ്രദേശ്‌, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നും ട്രെയിൻവഴി ബിജെപിയുടെ തെരഞ്ഞെടുപ്പ്ചെലവിന് വേറെയും പണം എത്തി. തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുത്ത തൃശൂരിലെ പദ്ധതി വിജയിച്ചപ്പോൾ സമാനപദ്ധതി ആസൂത്രണം ചെയ്‌ത്‌‌ തുക പങ്കിട്ടെടുക്കാനായിരുന്നു ജില്ലയിലെ ഒരുവിഭാ​ഗം ബിജെപി നേതാക്കളുടെ നീക്കം. പാലക്കാട്ടുനിന്ന്‌ പണം കൊണ്ടുപോയ കാർ അപകടത്തിൽപ്പെടുത്തി പണം തട്ടിയെടുക്കാനായിരുന്നു പദ്ധതി.  എന്നാല്‍, ഡ്രൈവർ നൽകിയ എസ്‌എംഎസ്‌ സന്ദേശത്തിൽ പദ്ധതി പാളി.

പാലക്കാട്ടെ ബിജെപിയിലെ ഒരുവിഭാ​ഗം നേതാക്കൾ പണവുമായി പോകുന്ന വാഹനത്തിന്റെ നമ്പർസഹിതം പൊലീസിന്‌ ചോർത്തി നൽകി. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. കേരളത്തിൽ അൽപ്പമെങ്കിലും വോട്ടുകിട്ടുന്ന എ ക്ലാസ്‌ മണ്ഡലങ്ങളിൽ‌ 10മുതൽ 15കോടി രൂപവരെയാണ്‌ ബിജെപി കേന്ദ്രനേതൃത്വം നൽകിയത്‌. ഇതിൽ ചെറിയ തുക മാത്രമാണ്‌ ചെലവിട്ടത്‌.  ബാക്കി തുക നേതാക്കൾ സ്വന്തമാക്കിയെന്നാണ്‌ ഒരുവിഭാഗം കേന്ദ്രനേതൃത്വത്തിന്‌ നൽകിയ പരാതി‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top