ഗോപേശ്വർ
ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ ഹിമപാതത്തിൽ ബോർഡർ റോഡ് ഓർഗനൈസേഷന്റെ (ബിആർഒ) എട്ട് തൊഴിലാളികൾ മരിച്ചു. 384 പേരെ സൈന്യം രക്ഷിച്ചു. ആറ് പേരുടെ നില ഗുരുതരം.
ഇന്ത്യ–-ചൈന അതിർത്തിക്കു സമീപം സുംമ്‌നയിലെ നിതി താഴ്‌വരയിൽ വെള്ളിയാഴ്‌ച വൈകിട്ടാണ് ഹിമപാതം ഉണ്ടായത്. തെരച്ചിലിൽ എട്ട് മൃതദേഹം കിട്ടി. ഫെബ്രുവരിയിൽ ഹിമപാതത്തിലും പ്രളയത്തിലും 60 പേർ മരിക്കുകയും 126 പേരെ കാണാതാകുകയും ചെയ്‌തു. ദൗലി ഗംഗാ നദിയിലുണ്ടായ പ്രളയത്തിൽ ജലവൈദ്യുത നിലയങ്ങളടക്കം തകർന്നു. തകർന്ന റോഡ് നന്നാക്കാനെത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ബിആർഒയുടെ രണ്ട് തൊഴിലാളി ക്യാമ്പ് ഇവിടെയുണ്ട്.
ഹിമപാതത്തെ തുടർന്ന് വഴി മുടങ്ങിയതോടെ മൂന്ന് കിലോമീറ്റർ അകലെയുള്ള ക്യാമ്പിൽനിന്ന് സൈനികർ രക്ഷാപ്രവർത്തനത്തിന് എത്താൻ ബുദ്ധിമുട്ടി. അഞ്ച് ദിവസമായി മോശം കാലാവസ്ഥ തുടരുന്ന ഇവിടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായി. ചുറ്റുവട്ടത്തെ ഗ്രാമങ്ങളും കന്നുകാലികളും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി തിരഥ് സിങ് റാവത്ത് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..