25 April Sunday

ഉത്തരേന്ത്യയില്‍ നിന്ന് വാര്‍ത്തകളുണ്ട്; ഭയാനകമായ വാര്‍ത്തകള്‍

ശ്രീജിത്ത് ദിവാകരന്‍Updated: Saturday Apr 24, 2021

ഡൽഹിയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹംങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്നു.

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

കടം മേടിച്ചോ കവര്‍ന്നോ കാലുപിടിച്ചോ ജീവന്‍ രക്ഷാ സംവിധാനങ്ങളൊരുക്കൂ എന്ന് ഒരു രാജ്യത്തെ സര്‍ക്കാരിനോട് കോടതി അപേക്ഷിക്കുകയാണ്. ഇങ്ങനെ ഒരു പ്രതിസന്ധി ഒരു പക്ഷേ സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. ലോകത്ത് മുഴുവന്‍ പ്രതിസന്ധിയുണ്ടായിട്ടുണ്ട്. പക്ഷേ ഒരു നാടും ഇതുപോലെ ഉത്തരവാദിത്ത ശൂന്യമായി മഹാമാരിയെ നേരിട്ടിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി രോഗം നമ്മളെ ബാധിച്ചിട്ട്. അപ്രതീക്ഷിത ലോക്ഡൗണ്‍ മുതല്‍ രോഗത്തെ നേരിടാനുള്ള അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ വരെ ഇക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിച്ചു... ശ്രീജിത്ത് ദിവാകരന്‍ എഴുതുന്നു

ഓക്‌സിജന്‍ സിലണ്ടറിനുവേണ്ടി രോഗിയായ പിതാവിനേയും പുറകിലിരുത്തി തുടര്‍ച്ചയായി ഒരു രാത്രിയും പകലും ഗുജാറാത്തിലെ ഒരോ ആസ്പത്രികളിലായി കയറിയിറങ്ങിയ ഒരു സ്ത്രീയെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. മൂന്ന് ആസ്പത്രികളില്‍ ചികിത്സ കിട്ടാതെ നാലാമത്തെ ആസ്പത്രിയില്‍ ചികിത്സയ്ക്കായി വീല്‍ ചെയറില്‍ ഇരുത്തി കാത്തിരുന്ന ദീപക് എന്നയാളോട് അയാളുടെ ഭാര്യ വീല്‍ ചെയറില്‍ ഇരുന്ന് തന്നെ മരിച്ചുപോയതായി ഡോക്ടര്‍മാര്‍ അറിയിച്ച വാര്‍ത്ത അഹമ്മദാബാദില്‍ നിന്നും കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടു. ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ സിലണ്ടറുകള്‍ക്ക് വേണ്ടി കേണപേക്ഷിച്ചുകൊണ്ട് വാട്‌സ്അപില്‍ സന്ദേശം അയയ്ക്കുന്നത് തലസ്ഥാനത്തെ പ്രമുഖ ജേണലിസ്റ്റുകളും ഉദ്യോഗസ്ഥരുമടങ്ങുന്ന വെണ്ണപ്പാളിയില്‍ പെട്ട മനുഷ്യരാണ്. സാധാരണക്കാര്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് പോലും അറിയില്ല. ലഖ്‌നൗവില്‍ സ്വകാര്യ ലാബുകളോട് ടെസ്റ്റുകള്‍ നടത്തേണ്ട എന്നാണ് നിര്‍ദ്ദേശം. ടെസ്റ്റുകള്‍ നടത്തുകയാണെങ്കില്‍ തന്നെ പോസിറ്റീവ് വാര്‍ത്തകള്‍ മറച്ചു വയ്ക്കാനും. ടെസ്റ്റ് നടത്തുകയും രോഗികളുടെ എണ്ണം കണക്കുകൂട്ടുകയും ചെയ്താലല്ലേ രോഗത്തിന്റെ ശരിയായ സ്ഥിതി പുറത്തറിയൂ. അത് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ തടയുന്നു.

മഹാരാഷ്ട്ര കോവിഡ് എന്ന ഗൂഗിളിള്‍ സര്‍ച്ച് ചെയ്താല്‍ കരളലിയിപ്പിക്കുന്ന ആയിരം ന്യൂസ് സ്റ്റോറികള്‍ വായിക്കാം. ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഭയാനകമാണ്. വിദ്യാഭ്യാസ അവകാശപ്രവര്‍ത്തകനും ബീഹാറില്‍ നിന്നുള്ള പഴയകാല എ.ഐ.എസ്.എഫ് നേതാവുമായ അംബരീഷ് റായി അടക്കമുള്ള എത്രയോ പേര്‍ക്കാണ് ചികിത്സയും ഓക്‌സിജനും ലഭ്യമാകാതെ കടന്ന് പോയത്. ഡല്‍ഹിയിലും അഹ്മദാബാദിലും സൂറത്തിലും രാജ്‌കോട്ടിലുമൊക്കെയുള്ള ആകാശകാഴ്ചകളില്‍ എരിയുന്ന ചിതകളാണ് നിറയെ. പൊതു സ്ഥലങ്ങളെല്ലാം ശ്മശാനങ്ങളാകുന്നു. എങ്ങും മനുഷ്യ ശരീരം കത്തുന്ന മണം.

രണ്ട് ലെയറുകളിലാണ് ഈ സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. ഒന്ന് പ്രതിരോധ നയം ഇല്ല. ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളായിട്ട് പോലും പല സ്ഥലങ്ങളിലും രോഗം പടര്‍ന്ന് പിടിക്കുന്നതിനുള്ള പ്രധാന കാരണം മാക്‌സ്, ശുചിത്വം എന്നിവയുടെ അഭാവമാണ്. രോഗം പടര്‍ന്ന് പിടിച്ച ആദ്യ ഘട്ടങ്ങളില്‍ പോലും, നഗര കേന്ദ്രങ്ങളില്‍ വരെ മാസ്‌ക് ജനതയ്ക്ക് ശീലമായില്ല. ആകണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടില്ല. ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി മാറ്റിയതോടെ ജീവിതം പഴയത് പോലെയായി. കേരളത്തിലും അത് സംഭവിച്ചു. പക്ഷേ കേരളത്തില്‍ മാസ്‌ക് പോളിസിയും അടിസ്ഥാന ശുചിത്വവും നിലനിന്നു. വളരെ വര്‍ദ്ധിച്ച ജനസാന്ദ്രത, തദ്ദേശ തിരഞ്ഞെടുപ്പ് എന്നീ സാഹചര്യങ്ങളെയും മറികടന്ന് ആദ്യ ഘട്ടത്തില്‍ രോഗാവസ്ഥയുടെ കര്‍വ് താഴേയ്ക്ക് പോയതിന്റെ പിന്നില്‍ ആ പ്രാഥമിക കരുതലാണ്. ഈ കരുതല്‍ പോലെ തന്നെ പ്രധാനമാണ് പരിശോധനയും. ഉത്തര്‍പ്രദേശും ഗുജറാത്തും ടെസ്റ്റുകളും കണക്കുകളും ഏതാണ്ട് പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശ് സ്വകാര്യ ലാബുകളെ പരിശോധനയില്‍ നിന്ന് വിലക്കുക വരെ ചെയ്തു. ഡല്‍ഹിയില്‍ രണ്ടാം തരംഗം അപ്രതീക്ഷിതമായി വന്നപ്പോള്‍ ടെസ്റ്റുകള്‍ നടത്തുക എന്ന സാധ്യതപോലും ഇല്ലാതായി.

മധ്യപ്രദേശില്‍ ആംബുലന്‍സില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹം വഴിയില്‍ വീഴുന്നു

മധ്യപ്രദേശില്‍ ആംബുലന്‍സില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹം വഴിയില്‍ വീഴുന്നു


കടം മേടിച്ചോ കവര്‍ന്നോ കാലുപിടിച്ചോ ജീവന്‍ രക്ഷാ സംവിധാനങ്ങളൊരുക്കൂ എന്ന് ഒരു രാജ്യത്തെ സര്‍ക്കാരിനോട് കോടതി അപേക്ഷിക്കുകയാണ്. ഇങ്ങനെ ഒരു പ്രതിസന്ധി ഒരു പക്ഷേ സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. ലോകത്ത് മുഴുവന്‍ പ്രതിസന്ധിയുണ്ടായിട്ടുണ്ട്. പക്ഷേ ഒരു നാടും ഇതുപോലെ ഉത്തരവാദിത്ത ശൂന്യമായി മഹാമാരിയെ നേരിട്ടിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി രോഗം നമ്മളെ ബാധിച്ചിട്ട്. അപ്രതീക്ഷിത ലോക്ഡൗണ്‍ മുതല്‍ രോഗത്തെ നേരിടാനുള്ള അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ വരെ ഇക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിച്ചു. കോടികള്‍ പുണെയിലെ സെറം ഇന്റിറ്റിയൂട്ട് എന്ന സ്ഥാപനത്തിന് നല്‍കിയെങ്കിലും നമുക്ക് സ്വന്തമായി വാക്‌സിനുകള്‍ രൂപപ്പെടുത്താനായില്ല. വിദേശ സാങ്കേതിക വിദ്യയില്‍ നമ്മള്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കുക മാത്രം ചെയ്തു. എന്നാല്‍ ഇന്ത്യപോലെ അപാരമായ ജനസംഖ്യയുള്ള നാട്ടില്‍ വാക്‌സില്‍ പൂര്‍ണ്ണമായ തോതില്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള ഉള്‍ക്കാഴ്ചയോടെ നിര്‍മ്മാണം നടത്തുക എന്ന ഉത്തരവാദിത്തം നമ്മളാരെയും ഏല്‍പ്പിച്ചില്ല. ആദ്യഘട്ടത്തില്‍ തന്നെ വ്യക്തവും കൃത്യവുമായി ബോധ്യമായതാണ് രോഗാവസ്ഥയിലുണ്ടാകുന്ന പ്രതിസന്ധികള്‍. ഓക്‌സിജന്റെ ആവശ്യകത, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, ഐ.സി.യു ബെഡുകള്‍ തുടങ്ങിയവ ചികിത്സ രംഗത്തും സാമൂഹിക അകലവും മാസ്‌കും ഹാന്‍ഡ് സാനിറ്റെസേഷനും പ്രതിരോധ രംഗത്തും അതീവ ആവശ്യകരമാണെന്ന് നമുക്ക് ഒരു വര്‍ഷമായി അറിയാം. പക്ഷേ കേന്ദ്രസര്‍ക്കാരും മിക്കവാറും സംസ്ഥാന സര്‍ക്കാരുകളും ഇതിനെയെല്ലാം അവഗണിച്ചു.

 ഗുജറാത്തോ ഉത്തര്‍പ്രദേശോ ബീഹാറോ മഹാരാഷ്ട്രയോ മധ്യപ്രദേശോ നേരിടുന്ന പ്രതിസന്ധി കോവിഡ് കാലത്ത് ഉദയം ചെയ്തതല്ല. പൊതുജനാരോഗ്യം എന്നുള്ള അടിസ്ഥാന കാര്യത്തെ ദീര്‍ഘകാലമായി അവഗണിച്ചുപോന്ന രാഷ്ട്രീയ ദര്‍ശനമായിരുന്നു ഇവിടങ്ങളില്‍ ഭരണാധികാരികള്‍ക്ക് എന്നുള്ളതിന്റെ തുടര്‍ച്ചയാണിത്. പ്രതിസന്ധിയുടെ രണ്ടാമത്തെ ലെയര്‍ അതാണ്. പ്രതിരോധം മാത്രമല്ല ചികിത്സയും പാളുന്നു. പ്രാഥമിക ആരോഗ്യം എന്ന ആശയത്തെ ഏതാണ്ട് പൂര്‍ണ്ണമായും അവഗണിച്ചാണ് ഇവിടങ്ങളിലെ ഭരണകൂടങ്ങള്‍ ഇക്കാലമത്രയും മുന്നോട്ട് പോയത്. മള്‍ട്ട് ഫെസിലിറ്റി, സൂപ്പര്‍ സ്‌പെഷ്യല്‍ ആസ്പത്രികളും അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സര്‍ക്കാര്‍ സംവിധാനങ്ങളും മാത്രമായി രണ്ട് വിരുദ്ധ ധ്രുവങ്ങളിലായി ചികിത്സ. സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് വേണ്ടി ദീര്‍ഘമായി ജനങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടിവരുന്നു. അവിടെ സൗകര്യങ്ങള്‍ ദയനീയവും അല്പമാത്രവുമാണ്. സ്വകാര്യ ഇടങ്ങളാകട്ടെ സാധാരണക്കാര്‍ക്ക് മാത്രമല്ല, ഇടത്തരക്കാരായ മാസവരുമാനക്കാര്‍ക്ക് പോലും താങ്ങുന്നതിന്റെ എത്രയോ അപ്പുറത്താണ്.

കോവിഡിന്റെ ആദ്യഘട്ടത്തില്‍ ഇത് വ്യക്തമായിരുന്നു. കേരളം രോഗബാധയുള്ളവര്‍ക്ക് ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുകയും സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സാ സൗകര്യം ഒരുക്കുകയും സ്വകാര്യ ആസ്പത്രികളില്‍ നിന്ന് സ്ഥലങ്ങള്‍ കടമെടുക്കയും ചെയ്ത് സൗജന്യവും ഫലപ്രദവുമായ ചികിത്സ ഒരുക്കി. പോഷക സമൃദ്ധമായ ഭക്ഷണവും കരുതലും രോഗികള്‍ക്ക് നല്‍കി. സുതാര്യതയോടെ കാര്യങ്ങള്‍ ജനങ്ങളുമായി പങ്കുവച്ചു. ലോക്ഡൗണ്‍ കാലയളവില്‍ വീടുകളില്‍ കുടങ്ങീപ്പോയ മനുഷ്യര്‍ പട്ടിണി കിടക്കരുത് എന്ന് തീരുമാനിച്ച് നടപടികളെടുത്തു. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കും വീടുകളില്‍ ഒറ്റപ്പെട്ട് പോയ മുതിര്‍ന്ന പൗരര്‍ക്കും രോഗികള്‍ക്കും കിടപ്പ് രോഗികളുടെ കൂട്ടിയിരിപ്പകാര്‍ക്കും മുതല്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും തെരുവ് മൃഗങ്ങള്‍ക്കും വരെ ഭക്ഷണവും സുരക്ഷയും ഉണ്ടെന്ന് ഉറപ്പ് വരുത്തി. പച്ചക്കറി വളര്‍ത്താനും വീടുകളില്‍ ആരോഗ്യം സംരക്ഷിക്കാനും പ്രതീക്ഷയോടെ ജീവിക്കാനും മനുഷ്യരോട് സംസ്ഥാനത്തിന്റെ ഭരണാധികാരി ഒരോ വൈകുന്നേരവും വന്ന് പറഞ്ഞു. അഥവാ വീടിന്റകത്ത്, മൊബൈലുകളില്‍, പൊതുസ്ഥലങ്ങളില്‍ ഒരോ ദിവസവും മുഖ്യമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിക്കുന്നതിന്റെ ഗുണം ലഭിച്ചു. എല്ലാത്തിനും കണക്കുണ്ടായിരുന്നു.

രണ്ട് വലിയ തിരഞ്ഞെടുപ്പുകള്‍ വന്നു. വലിയ ആഘോഷങ്ങള്‍ വന്നു. സമരങ്ങളും പ്രതിഷേധങ്ങളും വന്നു. അപകടങ്ങളും ദുരന്തങ്ങളുമുണ്ടായി. പലപ്പോഴും കണക്കുകളും പ്രതിരോധവും കൈവിട്ട് പോയ അവസരങ്ങളുണ്ടായി. പക്ഷേ കേരളം പ്രതിരോധം ഉപേക്ഷിച്ചില്ല. മാത്രമല്ല, വലിയ ജനസാന്ദ്രതയുള്ള, പൊതുജീവിതമുള്ള, പരസ്പര ബന്ധിതങ്ങളായ ഗ്രാമങ്ങളും നഗരങ്ങളുമുള്ള, വലിയ ഹോട്ടല്‍ ശൃംഖലയും പൊതുഗതാഗത സൗകര്യങ്ങളുമുള്ള കേരളത്തില്‍ രോഗത്തിന്റെ പടര്‍ച്ച ഏത് നിമിഷവും പ്രതീക്ഷിച്ചിരുന്നു. എന്നിട്ട് പോലും നമുക്ക് പ്രതിസന്ധികളുണ്ടായി. അതിനെ കൂട്ടായി നിന്ന് മറികടന്നാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്.

ഇവിടെയാണ് മിക്കവാറും മറ്റ് സംസ്ഥാനങ്ങള്‍ക്ക് രണ്ടാമത്തെ ലെയര്‍ പ്രതിസന്ധി വരുന്നത്. രോഗബാധയുള്ളവരില്‍ ഒരു ചെറിയ വിഭാഗം സ്വകാര്യ ആസ്പത്രികളില്‍ വലിയ തുക നല്‍കി ചികിത്സ നടത്തി. ലോക്ഡൗണ്‍ കാലത്തെ അതിജീവിക്കാനുള്ള സംവിധാനങ്ങളെല്ലാം കുറവായിരുന്നത് കൊണ്ട് തന്നെ അവര്‍ വീണ്ടും ജോലിക്കും പൊതുജീവിതത്തിലേയ്ക്കും തിരികെയെത്തി. രോഗം തുടര്‍ന്നും പടര്‍ന്ന് പിടിച്ചപ്പോള്‍ ആസ്പത്രികളും ബെഡുകളും ഐ.സി.യുവുകളും വെന്റിലേറ്ററുകളും ഓക്‌സിജനും സ്വഭാവികമായും ഉണ്ടായിരുന്നില്ല. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് പറയുമ്പോള്‍ അവസ്ഥ പൂര്‍ണ്ണമായി. ഈ പരിതാപകരമായ സാഹചര്യം കണക്കിലെടുക്കാനുള്ള ഒരു ഭരണ സംവിധാനത്തിന്റെ അഭാവമാണ് കേരളവുമായി ഈ സം്സ്ഥാനങ്ങളെ വിഭിന്നമാക്കുന്നത്.

ഇപ്പോഴും ഒരു വര്‍ഷം അതിസാരം കൊണ്ടും റ്റിബി കൊണ്ടും ഇന്ത്യയില്‍ മരിക്കുന്ന മനുഷ്യരുടെ എണ്ണം വരില്ല കോവിഡ് കൊണ്ട് മരിക്കുന്നത്. ഒരു വ്യത്യാസമാണ് പ്രധാനമായും ഉള്ളത്. ജീവിതാവസ്ഥയും സാമൂഹിക അവസ്ഥയും മെച്ചപ്പെട്ടാല്‍ അതിസാരത്തേയും റ്റി.ബി.യേയും മിക്കവാറും തടഞ്ഞ് നിര്‍ത്താം. ഏറ്റവും അടിത്തട്ടിലുള്ള ദരിദ്രജനലക്ഷങ്ങളാണ് ഈ രോഗങ്ങളുടെ സ്ഥിരം ഇരകള്‍. കോവിഡ് മറ്റ് പകര്‍ച്ച വ്യാധികളെ പോലെ തന്നെ എല്ലാ വിഭാഗം മനുഷ്യരേയും ഒരു പോലെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമായി നാല് എം.എല്‍.എമാര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ജേണലിസ്റ്റുകളും പ്രൊഫഷണലുകളും നേതാക്കളും വ്യവസായികളും രോഗത്തിന് നിരന്തരം കീഴടങ്ങുന്നു. ആരും സുരക്ഷിതരല്ലന്നും എത്ര മുടക്കിയാലും ഇല്ലാത്ത ശ്വാസവായു സൃഷ്ടിക്കാവില്ലെന്നും ഇപ്പോള്‍ മനുഷ്യര്‍ക്കറിയാം.

ഭീതി എന്നതാണ് ഇപ്പോള്‍ ഉത്തരേന്ത്യയിലുള്ള പൊതുവികാരം. മോഡി സര്‍ക്കാരിന്റെ പ്രകീര്‍ത്തനങ്ങള്‍, ന്യൂനപക്ഷ കോളനികളെ കുറിച്ചുള്ള നിറം പിടിച്ച കഥകള്‍, അമിത്ഷായുടെ അത്ഭുത കൃത്യങ്ങള്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും മുസ്ലീങ്ങളും ചേര്‍ന്ന് ആര്‍.എസ്.എസിനെ ആക്രമിക്കുന്നതിനെ കുറിച്ചുള്ള കഥകള്‍, കശ്മീരതിര്‍ത്തിക്കപ്പുറത്ത് നിന്ന് പാകിസ്താന്‍ ആക്രമിക്കുന്നതും ഇന്ത്യന്‍ സൈന്യം ധീരമായി പ്രതിരോധിക്കുന്നതിനേയും കുറിച്ചുള്ള വിവരണങ്ങള്‍, ഭീകരരായ രാജ്യദ്രോഹികളെ കീഴടക്കുന്ന മോഡി-ഷാ-അജിത് ഡോവല്‍ സംഘത്തിന്റെ ബുദ്ധി, വിദേശരാജ്യങ്ങള്‍ക്ക് ഇന്ത്യയോടും മോഡിയോടുമുള്ള ആരാധന എന്നിവയെല്ലാം പ്രചരിച്ചിരുന്ന വാട്‌സ്അപ് ഗ്രൂപ്പുകളില്‍ ഇപ്പോള്‍ ഒരന്വേഷണം മാത്രം- പ്ലീസ്, പ്ലീസ് ഓക്‌സിജന്‍ കിഥര്‍ മിലേഗ? പ്ലീസ് കോയി അസ്പതാല്‍ മേം വെന്റിലേറ്റര്‍ മിലേഗ? പ്ലീസ് ഹെല്‍പ്'. ഓകസിജന്, ഐസിയു ബെഡുകള്‍ക്ക്, വെന്റിലേറ്ററിന്, ചില ജീവന്‍രക്ഷാ മരുന്നുകള്‍ക്ക്, നഴ്‌സിങ് കെയറിന് മനുഷ്യര്‍ കേണപേക്ഷിച്ച്, ആസ്പത്രികളില്‍ നിന്ന് ആസ്പത്രികളിലേയ്ക്ക് പ്രാണസങ്കടങ്ങളുമായി പ്രയാണം ചെയ്യുകയാണിപ്പോള്‍.

കഴിവില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തവരുമായ ഒരു ഭരണകൂടത്തിന് കീഴിലുള്ള ഗതികെട്ട പൗരസമൂഹമാണ് ഇന്ത്യയിലെ മനുഷ്യര്‍. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്ക് ശേഷമുള്ള പുരോഗമന-ആഗോള ലോകത്തുണ്ടാകുന്ന ആദ്യത്തെ മഹാമാരിയില്‍ ഏറ്റവും വലിയ തിരിച്ചടിയേറ്റ് തളര്‍ന്ന് നില്‍ക്കുന്ന രാജ്യം മാത്രമല്ല ഇന്ത്യയിന്ന്. വാക്‌സിന്റെ പേരില്‍ സ്വന്തം ജനതയെ കൊള്ളയടിക്കാന്‍ അനുമതി നല്‍കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ കീഴിലുള്ള സമൂഹം കൂടിയാണ് ഇന്ത്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top