തിരുവനന്തപുരം
കോവിഡ് അതിതീവ്രവ്യാപനം പ്രതിരോധിക്കാനുള്ള കേരളത്തിന്റെ കടുത്ത നിയന്ത്രണത്തിന് പിന്തുണനൽകി ശനിയാഴ്‌ച ജനങ്ങൾ വീട്ടിലിരുന്നു. സർക്കാരിന്റെ ആഹ്വാനം ജനങ്ങൾ സ്വമേധയാ ഏറ്റെടുത്തു. അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങിയത്. കോവിഡ് അതിതീവ്രതയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ ‘ലോക്‌ഡൗണിന് സമാനമായ’ നിയന്ത്രണം സർക്കാർ ഏർപ്പെടുത്തിയത്. ഞായറാഴ്‌ചയും ഇതേ നിയന്ത്രണംതുടരും.
അവശ്യസാധനങ്ങൾ വിൽക്കുന്നവ ഒഴിച്ചുള്ള കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഹോട്ടലുകളിൽ പാർസൽ മാത്രമായിരുന്നു. സർക്കാർ ഓഫീസുകൾക്ക് അവധിയായിരുന്നു. അവശ്യ സർവീസിന്റെ ഭാഗമായ ഓഫീസുകൾ തുറന്നു. പൊതു വാഹനങ്ങളെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും യാത്രക്കാർ കുറവായിരുന്നു.
പ്ലസ്‌ടു പരീക്ഷ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരാതിക്കിടയില്ലാതെ നടന്നു. നേരത്തേ നിശ്‌ചയിച്ച വിവാഹംപോലുള്ള ചടങ്ങുകൾക്കും മരണങ്ങൾക്കും സർക്കാർ നിബന്ധന കപ്രകാരമുള്ള ആളുകളാണ് പങ്കെടുത്തത്. ഞായറാഴ്‌ചയും ഇതുതന്നെയാകും.
പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ജനങ്ങൾ നിയന്ത്രണങ്ങളോട് പൊതുവേ സഹകരിച്ചു. എവിടെയും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കോവിഡ് വാക്‌സിനേഷൻ, പരിശോധന തുടങ്ങിയവ തടസ്സമില്ലാതെ നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..