നൗകാമ്പ്
സ്‌പാനിഷ് ലീഗിൽ കിരീടപ്പോരാട്ടം ശക്തമാക്കി ബാഴ്‌സലോണ രംഗത്ത്. ഗെറ്റഫെയെ 5–-2ന് തകർത്ത ബാഴ്‌സ പട്ടികയിൽ മൂന്നാമതെത്തി. വെസ്‌കയെ രണ്ട് ഗോളിന് തോൽപ്പിച്ച അത്‌ലറ്റികോ മാഡ്രിഡ് ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. അത്‌ലറ്റികോയ്‌ക്ക് 32 കളിയിൽ 73 പോയിന്റാണ്. 70 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാമതുണ്ട്. ബാഴ്‌സയ്‌ക്ക് 68 പോയിന്റ്. ഒരു മത്സരം കുറവാണ് ബാഴ്‌സയ്‌ക്ക്.
ലയണൽ മെസിയുടെ തകർപ്പൻ പ്രകടനമാണ് ബാഴ്‌സയ്‌ക്ക് കൂറ്റൻ ജയമൊരുക്കിയത്. മെസി ഇരട്ടഗോളടിച്ചു. ഒൺടോയ്‌ൻ ഗ്രീസ്‌മാൻ, റൊണാൾഡ് അറൗഹോ എന്നിവരും ബാഴ്‌സയ്‌ക്കായി ലക്ഷ്യംകണ്ടു. ഒരു ഗോൾ ഗെറ്റഫെ താരം സോഫിയാൻ ചാക്ലയുടെ പിഴവുഗോളായിരുന്നു.
മെസിയുടെ ഗോളിലാണ് ബാഴ്‌സ തുടങ്ങിയത്. എന്നാൽ, ബാഴ്‌സ പ്രതിരോധക്കാരൻ ക്ലമന്റ് ലാങ്‌ലെറ്റിന്റെ പിഴവുഗോൾ ഗെറ്റഫയെ ഒപ്പമെത്തിച്ചു. പിന്നാലെ ഗെറ്റഫെയും പിഴവുവരുത്തി. ഇതിനിടെ മെസി രണ്ടാംഗോളും നേടി. രണ്ടാംപകുതിയുടെ തുടക്കത്തിൽ എണെസ് ഉനാലിന്റെ പെനൽറ്റിയിലൂടെ ഗെറ്റഫെ പ്രതീക്ഷ വച്ചെങ്കിലും അവസാനഘട്ടത്തിൽ ഇരട്ടഗോളടിച്ച് ബാഴ്‌സ ജയം പൂർത്തിയാക്കി. അവസാന നിമിഷം ഗ്രീസ്‌മാൻ പെനൽറ്റിയിലൂടെ ബാഴ്‌സയുടെ ഗോളടി പൂർത്തിയാക്കുകയായിരുന്നു. അറൗഹോയുടെ ഗോളിന് മെസി അവസരവുമൊരുക്കി.
വെസ്‌കയ്‌ക്കെതിരെ ഏയ്‌ഞ്ചൽ കൊറിയയും യാന്നിക് കറാസ്‌കോയും അത്‌ലറ്റികോയുടെ ഗോൾ നേടി.
മെയ് എട്ടിന് ബാഴ്‌സയും അത്‌ലറ്റികോയും തമ്മിൽ മത്സരമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..