ന്യൂഡൽഹി
പ്രണവായുവിനായി കേഴുന്ന രോഗികളുമായി ഓക്സിജൻ വണ്ടികൾ കാത്തിരിക്കുന്നത് ഡൽഹിയെ ചെറുതുംവലുതുമായി നിരവധി ആശുപത്രികൾ. ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ പല ആശുപത്രിയും രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ഡൽഹിക്ക് കേന്ദ്രസർക്കാർ ഓക്‌സിജൻ ക്വാട്ട വർധിപ്പിച്ചെങ്കിലും അധിക ഓക്സിജൻ വ്യോമമാർഗം എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
മാക്‌സ് ആശുപത്രികളിലും ഓഖ്‌ലയിലെ ഹോളിഫാമിലി ആശുപത്രിയിലും ഓക്‌സിജൻ ശേഖരം കുറവാണെന്ന് അധികൃതർ അറിയിച്ചു. കർക്കർദൂമയിലെ ശാന്തിമുകുന്ദ് ആശുപത്രിയിൽ പുതിയ രോഗികൾക്ക് പ്രവേശനമില്ല.നിലവിൽ 110 രോഗികളുണ്ട്. രണ്ട് മണിക്കൂർ നേരത്തേക്കുള്ള ഓക്‌സിജൻ മാത്രമാണ് ശേഷിക്കുന്നത്. –- കർക്കർദൂമ ശാന്തിമുകുന്ദ് ആശുപത്രി സിഇഒ സുനിൽകുമാർ സഗ്ഗർ പറയുന്നു.
ഡോ. ബാബാസാഹേബ് അംബേദ്‌കർ, ദീൻദയാൽ ഉപാദ്ധ്യായ, ബുരാരി, ജിടിബി, രാജീവ്‌ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി, ദീപ്‌ചന്ദ്‌ബന്ധു, അംബേദ്‌കർ നഗർ ആശുപത്രികളിലും ഓക്‌സിജൻ അളവ് അപകടകരമായ നിലയിലേക്ക് താഴ്‌ന്നു. മിക്ക ആശുപത്രികളിലും ഓക്‌സിജൻ പൂർണമായും കഴിയുന്ന മുറയ്‌ക്ക് അർധരാത്രിക്കും പുലർച്ചയ്‌ക്കുമാണ് ഓക്‌സിജൻ വിതരണം നടക്കുന്നത്. അതുവരെ ആശുപത്രി ജീവനക്കാരും രോഗികളും ബന്ധുക്കളും ആശങ്കയുടെ മുൾമുനയിലാണ് കഴിയുന്നത്.
ഹരിയാനയിൽ ഓക്‌സിജൻ ടാങ്കർ തട്ടിക്കൊണ്ടുപോയി
രാജ്യത്ത് ആശുപത്രികളിൽ ഓക്‌സിജൻ തീർന്ന് കൂട്ടമരണം ഉണ്ടാകുന്നതിനിടെ ഹരിയാനയിൽ ഓക്‌സിജനുമായി പോയ ടാങ്കർ ലോറി തട്ടിക്കൊണ്ടുപോയി. പാനിപ്പത്തിലെ പ്ലാന്റിൽനിന്ന് ദ്രവഓക്‌സിജനുമായി സിർസയിലേക്കു പോയ ടാങ്കറാണ് വെള്ളിയാഴ്‌ച കാണാതായത്. പൊലീസ് അന്വേഷണം തുടങ്ങി.
പാനിപ്പത്തില്‍ നിന്നും ഫരീദബാദിലേക്ക് പോയ ഓക്സിജന്‍ വാഹനം ഡല്‍ഹി സര്‍ക്കാര്‍ തട്ടികൊണ്ടുപോയെന്ന് ബുധനാഴ്ച ഹരിയാന മന്ത്രി അനില്‍ വിജ് ആരോപിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..