കോഴിക്കോട്
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രതിയായ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ വിജിലൻസിന് മുന്നിൽ ഹാജരാക്കിയത് വ്യാജരേഖയെന്ന് സംശയം. വെള്ളിയാഴ്‌ച ഹാജരാക്കിയ രശീതിയടക്കമുള്ളവയിലാണ് സംശയം. കോഴിക്കോട് തൊണ്ടയാട്ടെ വിജിലൻസ് ഓഫീസിൽ രണ്ടര മണിക്കൂർ ചോദ്യംചെയ്‌ത ശേഷമാണ് ഷാജിയെ വിട്ടയച്ചത്.
കണ്ണൂരിലെ വീട്ടിൽ നടന്ന പരിശോധനയിൽ പിടിച്ചെടുത്ത അരക്കോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി പിരിച്ച പണമാണ് അതെന്ന് തെളിയിക്കാനായി കൊണ്ടുവന്ന രശീതികളടക്കമുള്ളവയിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചത്. രേഖകൾ വിശദമായി പരിശോധിക്കണമെന്നും വീണ്ടും ചോദ്യം ചെയ്യണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
രേഖകൾ ഹാജരാക്കാൻ അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ഷാജി വിജിലൻസ് ഓഫീസിലെത്തിയത്. സമയം നീട്ടിവാങ്ങാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ വിസമ്മതിച്ചു. ഇതോടെയാണ് ചില രേഖകൾ നൽകാൻ എംഎൽഎ നിർബന്ധിതനായത്. ചുരുങ്ങിയ തുകയ്‌ക്കുള്ള രശീതികൾ മാത്രമാണ് കൈമാറിയത്. ഇതിൽ എത്രത്തോളം യഥാർഥ രേഖകളുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. വെള്ളിയാഴ്‌ച നൽകിയ രേഖകളും രശീതികളും പരിശോധിച്ചശേഷമാകും വീണ്ടും ചോദ്യംചെയ്യൽ.
അതേസമയം, വീട്ടിൽനിന്ന് പിടിച്ച പണം സംബന്ധിച്ച രേഖകൾ മാത്രം ഹാജരാക്കി അന്വേഷണം ആ രീതിയിലെന്ന് വരുത്തിത്തീർക്കാനാണ് ഷാജിയുടെ ശ്രമം. അനധികൃതമായി നിർമിച്ച ആഡംബര വീട്, വിജിലൻസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ 166 ശതമാനം സ്വത്ത്‌വർധന തുടങ്ങിയ കാര്യങ്ങളിൽ രേഖ നൽകാൻ കഴിഞ്ഞിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..