ന്യൂഡൽഹി
ബഹുരാഷ്ട്രമരുന്നുകമ്പനിയായ ആസ്ട്രസെനേകയുടെ കോവിഡ് വാക്‌സിന് ലോകത്തെ ഏറ്റവും ഉയർന്ന വില ഇന്ത്യയിൽ. അമേരിക്കയിലും ബ്രിട്ടണിലും യൂറോപ്യൻ രാജ്യങ്ങളിലും വിലക്കുറവ്. സ്വകാര്യ മരുന്ന് നിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് എന്ന പേരില്‍ ഇന്ത്യയില്‍ വാക്സിന്‍ ലഭ്യമാക്കന്നത്.
ഉത്പാദിപ്പിക്കുന്നതില്‍ പകുതി വാക്സിന്‍ മെയ് ഒന്നുമുതൽ പൊതുവിപണിയില്‍ സ്വന്തമായി വിലനിശ്ചയിച്ച് വില്‍ക്കാന്‍ മോഡി സർക്കാർ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന് അനുമതി നൽകി. സംസ്ഥാനങ്ങൾക്ക് ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയമാണ് വിലയിട്ടത്.
സൗദി, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഇൻസ്‌റ്റിറ്റ്യൂട്ട് വാക്സിന്‍ നല്‍കുന്നത് ഇതിലും വിലക്കുറവിലാണ്. സൗദിയിൽ 390 ഉം ബംഗ്ലാദേശിൽ 300 രൂപയും. ബ്രിട്ടീഷ്–- സ്വീഡിഷ് മരുന്നുനിർമാണ കമ്പനിയായ അസ്‌ട്രസെനേക്കയുടെ വാക്സിന് അമേരിക്കയില്‍ ഡോസിന് 300 രൂപയും ബ്രിട്ടണില്‍ 225 രൂപയുമാണ് വില. യൂറോപ്യൻ യൂണിയനിലാകട്ടെ 161 മുതൽ 262.5 രൂപ വരെ.
കേന്ദ്ര സർക്കാരിന് 150 രൂപയ്‌ക്കാണ് കോവിഷീല്‍ഡ് വിൽക്കുന്നത്. ഈ വിലക്ക് വിറ്റാലും കമ്പനിക്ക് ലാഭമുണ്ടെന്നും കേന്ദ്രവുമായി നിലവിലെ കരാർ അവസാനിച്ചാൽ വില കൂട്ടുമെന്നും ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാല പറഞ്ഞിരുന്നു.
അടുത്തിടെ 3000 കോടി രൂപ കേന്ദ്രം സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന് കൈമാറി. കേന്ദ്രത്തിന് ഒരു മാസത്തിനുള്ളിൽ നൽകാമെന്ന് ഏറ്റ 11 കോടി ഡോസിന്റെ വില കഴിഞ്ഞാല്‍ ശേഷിക്കുന്നത് 1350 കോടി രൂപ. കേന്ദ്രത്തിന് നൽകുന്ന വിലയും 400 രൂപ ആക്കിയാല്‍ വെറും മൂന്നര കോടി ഡോസ് മാത്രമേ ബാക്കിതുകയ്ക്ക് വാങ്ങാനാകൂ.
കുറയ്‌ക്കില്ലെന്ന്
സിറം ഇൻസ്‌റ്റിറ്റ്യൂട്ട്
ഇന്ത്യയില്‍ കൂടിയവിലക്ക് വാക്സിന്‍ വിറ്റഴിക്കുന്നതിനെ ന്യായീകരിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാല.
രാജ്യങ്ങൾ മുൻകൂറായി നൽകിയ പണം ഉപയോഗിച്ച് വാക്‌സിൻ നിർമിച്ച് വിതരണം ചെയ്‌തതിനാലാണ് കുറഞ്ഞ വില. ലോകവ്യാപകമായി സർക്കാരുകൾ വലിയ അളവിൽ വാങ്ങുന്നതിനാല്‍ കുറഞ്ഞ വിലക്ക് നല്‍കും. സ്ഥാപനത്തിന് സുസ്ഥിരത ഉറപ്പാക്കാനും ശേഷി വർധിപ്പിക്കാനും കൂടുതൽ പണം നിക്ഷേപിക്കണം. വാക്‌സിനുകളിൽ ചെറിയ ശതമാനം മാത്രമാണ് 600 രൂപയ്‌ക്ക് സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത്. കോവിഡ് ചികിൽസയ്‌ക്ക് ആവശ്യമായ മറ്റ് പല സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും വിലയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയാണ്–- പൂനാവാല പ്രസ്‌താവനയിൽ പറഞ്ഞു.
കോവിഷീൽഡ് വാക്‌സിൻ 150 രൂപയ്‌ക്കുതന്നെ തുടർന്നും സംഭരിക്കുമെന്നും അത് സൗജന്യമായി സംസ്ഥാനങ്ങൾക്ക് കൈമാറുമെന്നും- ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്രത്തിന്റെ പുതിയ നിലപാടിനോട് പൂനാവാല പ്രതികരിച്ചിട്ടില്ല.
വാക്‌സിന് നിശ്ചയിച്ചത്
അന്യായ വില : പിണറായി വിജയൻ
കോവിഡ് വാക്‌സിന്റേത് ന്യായവിലയാണെന്ന കേന്ദ്രസർക്കാർ വാദം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഖ്യാപിച്ച വില പ്രകാരം, വാക്‌സിന് ലോകത്ത് ഏറ്റവും കൂടുതൽ പണം ഈടാക്കുന്ന രാജ്യമാകും ഇന്ത്യ. വിദേശ രാജ്യങ്ങൾക്കുപോലും ഇവിടെ നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് വാക്‌സിൻ നൽകുന്നത്.
നൂറ്റമ്പത് രൂപ വില നിശ്ചയിച്ച ആദ്യഘട്ടത്തിൽത്തന്നെ ലാഭം ലഭിക്കുന്നുവെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞത്. എന്നിട്ടും സംസ്ഥാന സർക്കാരിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാക്കിയത് എന്തിനാണ്? എല്ലാവർക്കും സൗജന്യവാക്‌സിനേഷനെന്നതാണ് സംസ്ഥാന സർക്കാർ നയം. ഇതിനായി സംസ്ഥാനത്തിന് സൗജന്യമായും സ്വകാര്യ ആശുപത്രികൾക്ക് താങ്ങാവുന്ന വിലയ്‌ക്കും വാക്‌സിൻ നൽകണം. ഇക്കാര്യം ആവശ്യപ്പെട്ട് ശനിയാഴ്‌ച പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വകാര്യ ആശുപത്രികൾ കോവിഷീൽഡ് വാക്‌സിൻ ഡോസിന് 600 രൂപ നൽകണം. സംസ്ഥാനങ്ങൾക്ക് നിശ്ചയിച്ച 400 രൂപയും കൂടുതലാണ്–-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..