ന്യൂഡല്‍ഹി > ഓക്സിജന്‍ നീക്കത്തെ തടസ്സപ്പെടുത്തുന്നത് ആരായാലും തൂക്കിലിടുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിക്ക് ലഭിക്കേണ്ട ഓക്സിജന്‍ എപ്പോഴാണ് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹാരാജാ അഗ്രസെന്‍ ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനെ 'സുനാമി' എന്നാണ് കോടതി വിശേഷിപ്പിച്ചത്.
ഓക്സിജന്‍ നീക്കത്തെ തടസപ്പെടുത്തുന്നത് ആരായാലും വെറുതെ വിടില്ല. കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ പ്രാദേശിക ഭരണകൂടത്തിലെയോ ഏത് ഉദ്യോഗസ്ഥരായാലും ഓക്സിജന്‍ നീക്കത്തെ തടസ്സപ്പെടുത്തിയാല്‍ തൂക്കിലിടും. ഡല്‍ഹിക്ക് പ്രതിദിനം 480 മെടിക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുതന്നിരുന്നതാണ്. എപ്പോഴാണ് അത് ലഭിക്കുകയെന്ന് വ്യക്തമാക്കണം. കൃത്യമായ ഒരു തീയ്യതി അറിയണം. ഡല്‍ഹിക്ക് ഇതുവരെ 480 മെട്രിക് ടണ്‍ ഓക്സിജന്‍ കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ വിടാനാവില്ല- ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖാ പാലി എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു.
480 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ സിസ്റ്റം തകരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് ഞങ്ങള്‍ കണ്ടതാണ്. വലിയ ദുരന്തം നടക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇന്നലെ 295 മെട്രിക് ടണ്‍ ഓക്‌സിജനാണ് ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു. കൈവശമുളള ഓക്‌സിജന്റെയും വിതരണത്തിന്റെയും കൃത്യമായ വിവരം കേന്ദ്രത്തില്‍നിന്ന് തേടണമെന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓക്സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി നിരവധി പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഇരുപത്തിയഞ്ചു പേരും ഇന്നലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഇരുപതു പേരുമാണ് പ്രാണവായുവില്ലാതെ മരിച്ചത്. കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി തുടരുന്നതിനിടെ ഒട്ടേറെ ആശുപത്രികളാണ് ഓക്‌സിജന്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..