തൃശൂർ > കുഴൽപ്പണമായി കൊണ്ടുവന്ന പാർടി തെരഞ്ഞെടുപ്പ് ഫണ്ട് കൊള്ളയടിച്ചതിൽ ഉന്നത ബിജെപി–-- ആർഎസ്എസ് നേതൃത്വത്തിന് പങ്കുള്ളതായി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിൽ മാത്രമല്ല സംഘപരിവാറിലാകെ ഇത് വൻ പൊട്ടിത്തെറിയിലേക്ക് നയിക്കും. ബിജെപിയിലെ ആഭ്യന്തരകലഹങ്ങൾ ഇനിയും രൂക്ഷമാവുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് തൃശൂർ കൊടകരയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിക്കൊണ്ടുപോകൽ നാടകംനൽകുന്നത്.
തൃശൂരിലെ പാർടി ഫണ്ട് കൊള്ളയിൽ പങ്കുള്ളവരാരൊക്കെയെന്ന് കേന്ദ്ര നേതൃത്വം അന്വേഷിക്കുന്നുണ്ട്. ഫണ്ട് കൊണ്ടുപോയ കാറും സമയവും വ്യക്തമായി കൊള്ള ചെയ്തവർക്ക് ലഭിച്ചത് നേതൃത്വത്തെ ഞെട്ടിച്ചു. അപകടം ഉണ്ടാക്കാൻ പോകുന്നുവെന്ന് സംഘത്തിലെ ഒരാൾ അയച്ച സന്ദേശം നമ്പർമാറി മറ്റൊരാൾക്ക് ലഭിച്ചതോടെയാണ് നാടകം പുറത്തായത്.
ബിജെപി രീതിയനുസരിച്ച് ഫണ്ട് വിതരണവും കൈകാര്യം ചെയ്യുന്നതിന്റെ ചുമതലയും സംസ്ഥാന പ്രസിഡന്റിനും സംഘടനാ സെക്രട്ടറിമാർക്കും ആർഎസ്എസ് നേതാക്കൾക്കുമാണ്. ഇതിൽ ഒരു സംഘടനാ സെക്രട്ടറി ഇത്തവണ രംഗത്തില്ലാതിരുന്നതാണ് ദുരൂഹത സൃഷ്ടിച്ചത്. തൃശൂർ ജില്ലയിൽനിന്ന് പോയ ഫണ്ടിന്റെ ചുമതല മധ്യമേഖല സംഘടനാ സെക്രട്ടറിമാർക്കും ജില്ലയിലെ ആർഎസ്എസ് പ്രചാരകനും പാർടി ജില്ലാ പ്രസിഡന്റ്, ട്രഷറർ എന്നിവർക്കുമാണ്. ഫണ്ടിന്റെ കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചിരുന്ന സംസ്ഥാന സംഘടനാ സെക്രട്ടറിയെ ഇത്തവണ മാറ്റി നിർത്തിയതിന് പിന്നിൽ ആരാണെന്നത് പുറത്ത് വരുന്നതോടെ വൻ അഴിമതിക്കഥകളും പുറത്താകും. പണം കൊള്ള ചെയ്തതിന് പിന്നിൽ ഗ്രൂപ്പുതാൽപ്പര്യങ്ങളുണ്ട്. ഫണ്ട് കൊള്ളയുടെ മറവിൽ എതിർചേരിക്കാരെ അടിച്ചൊതുക്കാൻ സംസ്ഥാന നേതൃത്വം കരുക്കൾ നീക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. കൊച്ചിയിൽ നടന്ന കോർ കമ്മിറ്റിയിൽ ഫണ്ട് കൊള്ള ചർച്ച ചെയ്യാനനുവദിക്കാത്തതിനെ ചിലർ ചോദ്യംചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..