തിരുവനന്തപുരം
കോവിഡ് വാക്‌സിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന പിശുക്കൻ നയം കാര്യങ്ങളെ കൂടുതൽ ഗുരുതരാവസ്ഥയിൽ എത്തിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഇനിയൊരു ലോക്‌ഡൗൺ രാജ്യത്തിന് താങ്ങാനാകില്ല. കഴിഞ്ഞ സാമ്പത്തിക വർഷം ദേശീയ വരുമാനത്തിൽ പന്ത്രണ്ട് ശതമാനം ഇടിവുണ്ടാക്കി. വീണ്ടും ലോക്‌ഡൗണിലേക്ക് പോയാൽ നഷ്ടവും പ്രതിസന്ധിയും വിവരണാതീതമായിരിക്കും. അതിനാൽ കോവിഡ് വ്യാപനം വരുതിയിലാക്കാനുള്ള തീരുമാനങ്ങളാണ് വേണ്ടത്.
സാമൂഹ്യ പ്രതിരോധം ഉറപ്പാക്കുകയാണ് അടിയന്തര ആവശ്യം. ഇതിന് പിശുക്കുകാട്ടിയിരുന്നിട്ട് കാര്യമില്ല. വേണ്ടിവന്നാൽ വിദേശത്തുനിന്ന് വാക്‌സിൻ ഇറക്കുമതി ചെയ്യണം. അമാന്തമുണ്ടായാൽ വലിയ വില കൊടുക്കേണ്ടിവരും. കൊച്ചുകൊച്ചു കാര്യങ്ങളിൽ പിശുക്കുകാട്ടുക, വലിയ തോതിൽ ധുർത്ത് നടത്തുക എന്ന നയം വാക്‌സിന്റെ കാര്യത്തിലെങ്കിലും കേന്ദ്ര സർക്കാർ തിരുത്തണം. വാക്‌സിൻ വിതരണത്തിന് ബജറ്റിൽ നീക്കിവച്ച 35,000 കോടി അപര്യാപ്തമാണെന്ന് അന്നേ എല്ലാവരും ചൂണ്ടിക്കാണിച്ചു.
ആവശ്യാനുസരണം കൂടുതൽ തുക നൽകുമെന്ന മറുപടിയിൽ പാർലമെന്റിൽ തടിതപ്പുകയായിരുന്നു കേന്ദ്ര ധനമന്ത്രി. കോവിഡ് വ്യാപനത്തിലൂടെ രാജ്യത്തിനുണ്ടാകാവുന്ന ലക്ഷക്കണക്കിന് കോടിയുടെ നഷ്ടം തടയാനുള്ള വീണ്ടുവിചാരം കേന്ദ്രം കാട്ടണമെന്നും തോമസ് ഐസക് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..