24 April Saturday

പിഎം കെയേഴ്‌സ്‌: ആകെ ദുരൂഹം ; വിവരങ്ങൾ പൊതുജനങ്ങൾക്ക്‌ ലഭ്യമാകുന്നില്ല

ജി രാജേഷ്‌ കുമാർUpdated: Friday Apr 23, 2021


തിരുവനന്തപുരം
കോവിഡ്‌ ഫണ്ടിനായി ആരംഭിച്ച പിഎം കെയേഴ്‌സ്‌ നിധിയുടെ നടത്തിപ്പ്‌ ആകെ ദുരൂഹം. എത്ര തുക സമാഹരിച്ചുവെന്നോ, എന്തൊക്കെയാണ്‌ ചെലവെന്നോ ആർക്കും അറിയില്ല. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നേരിട്ട്‌ കൈകാര്യം ചെയ്യുന്ന നിധിയുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക്‌ ലഭ്യമാകുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിലും വിവരം നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ്‌ തയ്യാറാകുന്നില്ല.

നിധി പ്രഖ്യാപിച്ച്‌ രണ്ടുമാസത്തിനുള്ളിൽ 9678 കോടി സമാഹരിച്ചതായാണ്‌ വിലയിരുത്തൽ. കഴിഞ്ഞവർഷം മാർച്ച്‌ 28നാണ്‌ പ്രൈം മിനിസ്‌റ്റേഴ്‌സ്‌ സിറ്റിസൺ അസിസ്‌റ്റൻസ്‌ ആൻഡ്‌ റിലീഫ്‌ ഇൻ എമർജെൻസി സിറ്റുവേഷൻ (പിഎം കെയേഴ്‌സ്‌) പ്രഖ്യാപിച്ചത്‌. കോവിഡ്‌ ബാധിതരെ സഹായിക്കാനെന്ന പേരിൽ സംഭാവന സമാഹരണം തുടങ്ങി. 52 ദിവസത്തിനുള്ളിൽ 9678  കോടി നിധിയിലെത്തിയതായി ഇന്ത്യ സ്‌പെൻഡ്‌ എന്ന ന്യൂസ്‌ വെബ്‌സൈറ്റിന്റെ അന്വേഷണം വ്യക്തമാക്കിയിട്ടുണ്ട്‌. 

പുറമെ 2098 കോടിയുടെ വാഗ്‌ദാനങ്ങളുമുണ്ടായി. കഴിഞ്ഞ വർഷം മെയ്‌ വരെ ഏതാണ്ട്‌ 10,600 കോടി പ്രത്യേക നിധിയിലെത്തിയതായി ടൈംസ്‌ ഓഫ്‌ ഇന്ത്യയും റിപ്പോർട്ടു ചെയ്‌തു. പി എം കെയേഴ്‌സിൽനിന്ന്‌ 3100 കോടി കോവിഡ്‌ മുൻനിര പ്രതിരോധ പ്രവർത്തകർക്കായി ചെലവാക്കുമെന്ന്‌ കഴിഞ്ഞവർഷം മെയ്‌ 13ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രഖ്യാപിച്ചിരുന്നു. ഈ ചെലവ്‌ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പിന്നീട്‌ പുറത്തുവന്നിട്ടില്ല.  കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങൾ സ്ഥാപനങ്ങളിൽനിന്നും ജീവനക്കാരിൽനിന്നും സംഭാവന സമാഹരിക്കാൻ ഉത്തരവു നൽകി. ദിവസക്കൂലിക്കാർ വരെ തുക നൽകി.

ഇപ്പോൾ  വരവുംചെലവും സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരവും നൽകേണ്ടതില്ലെന്നാണ്‌ പ്രധാനമന്ത്രിയുടെ നിലപാട്‌. ഖജനാവിൽനിന്നുള്ള പണം അല്ലെന്നപേരിൽ സിഎജി  പരിശോധന വിലക്കി. വിവരാവകാശ നിയമവും പാലിക്കേണ്ടതില്ലെന്ന്‌  നിർദേശം നൽകി. വിവരാവകാശ നിയമം അനുസരിച്ചു പിഎം കെയർ രേഖകൾ ആർക്കും കൈമാറേണ്ടതില്ലെന്ന്‌ വിവരാവകാശ കമീഷനെ രേഖാമൂലം അറിയിച്ചു. പാർലമെന്റിനും വിവരങ്ങൾ നൽകില്ല.

അടിയന്തര സാഹചര്യങ്ങളെയും ദുരന്തങ്ങളെയും നേരിടാനും, ദുരിത ബാധിതർക്ക്‌ സഹായം എത്തിക്കാനും പ്രധാനമന്ത്രി ആശ്വാസ നിധി (പിഎം റിലീഫ്‌ ഫണ്ട്‌) യുണ്ട്‌. 2019 ഡിസംബർ 31ന് ഇതിൽ 3,800 കോടി മിച്ചമുണ്ടായിരുന്നു. ഇതു നിലനിൽക്കേ കോവിഡിനുമാത്രമായി നിധി രൂപീകരിക്കുന്നതിൽ  ആക്ഷേപം ഉയർന്നിരുന്നു. സിഎജിയുടെ പരിശോധന ഒഴിവാക്കാനായി സ്വകാര്യ സ്വഭാവത്തിലാണ്‌ നിധിയുടെ  ഘടന തീരുമാനിച്ചതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top