24 April Saturday

കോവിഡ് വാക്‌സിൻ ചലഞ്ച്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക ‐ ബെഫി

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021

കൊച്ചി > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, വാക്‌സിൻ ചലഞ്ചായി, എല്ലാ ബാങ്ക്‌ ജീവനക്കാരും അവരവർക്കാകുന്ന സംഖ്യ, ഉടൻ സംഭാവനയായി നൽകാൻ സന്നദ്ധമാകണമെന്ന് ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (ബെഫി) അഭ്യർത്ഥിച്ചു. ജനപക്ഷത്തു നിൽക്കുന്ന കേരള സർക്കാരിന് എല്ലാവിധ സഹായവുമെത്തിക്കുക എന്നത് നമ്മുടെ കടമയാണ്. സൗജന്യമായി വാക്സിൻ എത്തിക്കാൻ സംസ്ഥാന സർക്കാരിന് വരുന്ന അധിക ബാധ്യതക്ക് ഒരു കൈ സഹായം നമുക്കും നൽകാനാകണമെന്നും ബെഫി പ്രസ്‌താവനയിൽ പറഞ്ഞു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അത്യന്തം ഗുരുതരമായ സ്ഥിതിഗതികളിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. ഓക്സിജന് കടുത്ത ക്ഷാമം. ആരോഗ്യ മേഖലയിലുൾപ്പടെ നടപ്പാക്കുന്ന സമ്പൂർണ സ്വകാര്യവത്ക്കരണ നയമാണ് പ്രശ്‌നം ഇത്രമേൽ രൂക്ഷമാക്കുന്നത്. നമ്മുടെ സംസ്ഥാനത്തും കോവിഡ് മഹാമാരി പടർന്നു പിടിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21 ശതമാനത്തിന് മുകളിലായി. ശക്തമായ പൊതു ആരോഗ്യരംഗം നിലവിലുള്ളതിനാൽ ഇപ്പോഴും മരണനിരക്ക് പിടിച്ചു നിർത്താനാകുന്നു എന്നതാണ് ഏറെ ആശ്വാസകരം.

ഇപ്പോഴത്തെ കേന്ദ്ര സർക്കാർ മഹാമാരിയെയും സുവർണാവസരമായാണ് കണക്കാക്കുന്നത്. വാക്‌സിൻ കമ്പനികൾക്ക് കോടികൾ ലാഭമുണ്ടാക്കാനുള്ള നയങ്ങളാണ് അവർ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരുകൾ സ്വകാര്യ വാക്‌സിൻ കമ്പനികളോട് വിലപേശി കുറഞ്ഞത് 400 രൂപ നൽകി വാക്‌സിൻ വാങ്ങാനാണ് അവരുടെ നിർദ്ദേശം. നമ്മുടെ സംസ്ഥാനത്തിന് 1300 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം ഉണ്ടാകാൻ പോകുന്നത്.

അവിടെയും കേരള സർക്കാർ മാതൃകയാവുകയാണ്. വാക്‌സിൻ സൗജന്യമെന്ന്‌ പറഞ്ഞ വാക്കിന് മാറ്റമില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ സാഹചര്യത്തിൽ ജനപക്ഷത്തു നിൽക്കുന്ന കേരള സർക്കാരിന് എല്ലാവിധ സഹായവുമെത്തിക്കുക എന്നത് നമ്മുടെ കടമയാണ് - ബെഫി പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top