23 April Friday

അവസാനിക്കുമോ അമേരിക്കൻ വംശവെറി

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021


കഴിഞ്ഞ വർഷം അമേരിക്കയിലെ മിനാപൊളിസിൽനിന്ന്‌ ഉയർന്ന ആ രോദനം ലോകജനതയുടെ കണ്ണ്‌ നനയിച്ചതാണ്‌. വർണവെറി പൂണ്ട ഒരു പൊലീസുകാരന്റെ കാൽമുട്ടിനിടയിൽ കഴുത്ത്‌ ഞെരിക്കപ്പെട്ട അവസ്ഥയിൽ ‘എനിക്ക്‌ ശ്വാസം മുട്ടുന്നു’ എന്ന്‌ നിലവിളിച്ച നാൽപ്പത്താറുകാരൻ ജോർജ്‌ ഫ്‌ളോയിഡ്‌ പൊലീസ്‌ പൈശാചികതയുടെ ആഴമാണ്‌ ലോകജനതയെ ബോധ്യപ്പെടുത്തിയത്‌. ഒരു വർഷത്തിനകംതന്നെ ജോർജ്‌ ഫ്‌ളോയിഡിന്റെ ഘാതകൻ നാൽപ്പത്തഞ്ചുകാരനായ ഡെറിക്‌ ഷോവിൻ കുറ്റക്കാരനാണെന്ന്‌ കോടതി വിധിച്ചിരിക്കുന്നു. രണ്ടു മാസത്തിനകം ശിക്ഷ വിധിക്കുമെന്നും ജഡ്‌ജി പീറ്റർ കാഹിൽ അറിയിച്ചപ്പോൾ അമേരിക്കൻ തെരുവീഥികളിൽനിന്ന്‌ ഉയർന്ന മുദ്രാവാക്യം ‘കറുത്ത അമേരിക്കയ്‌ക്ക്‌ നീതി ലഭിച്ചാൽ അത്‌ അമേരിക്കയ്‌ക്ക്‌ നീതി ലഭിച്ചതിന്‌ സമാനമാണെന്നായിരുന്നു’. അതായത്‌ വംശവെറിയുടെയും വർണവെറിയുടെയും അംശങ്ങൾ തുടച്ചുനീക്കിയാലേ അമേരിക്കയ്‌ക്ക്‌ നീതി ലഭിക്കൂ എന്ന സന്ദേശമാണ്‌ ആ രാജ്യത്തുനിന്ന്‌ ഇപ്പോൾ ഉയരുന്നത്‌.

സിഗരറ്റ്‌ വാങ്ങിയ കടക്കാരന്‌ ജോർജ്‌ ഫ്‌ളോയിഡ്‌ 20 ഡോളറിന്റെ കള്ളനോട്ട്‌ നൽകിയെന്ന പരാതിയെ തുടർന്നാണ്‌ ഡെറിക്‌ ഷോവിനും മറ്റു മൂന്നു പൊലീസുകാരും ചേർന്ന്‌ ജോർജ്‌ ഫ്‌ളോയിഡിനെ വണ്ടിയിൽനിന്ന്‌ ഇറക്കി മർദിച്ചത്‌. ഫ്‌ളോയിഡിന്റെ കഴുത്ത്‌ ഇരുകാൽ മുട്ടുകൾക്കുമിടയിൽ ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു ഷോവിൻ. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു പെൺകുട്ടി പകർത്തിയ ദൃശ്യങ്ങളാണ്‌ ഫ്‌ളോയിഡിന്റെ കൊലപാതകം അന്താരാഷ്‌ട്ര മാനമുള്ള വിഷയമാക്കി മാറ്റിയത്‌. ‘ബ്ലാക്ക്‌ ലൈവ്‌സ്‌ മാറ്റർ’ എന്ന ബൃഹത്തായ പ്രസ്ഥാനംതന്നെ അതിന്റെ ഫലമായി ഉയർന്നുവന്നു. കറുത്തവരും മനുഷ്യരാണെന്നും അവർക്കും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്നും ഉറക്കെ വിളിച്ചുപറയാൻ ഈ പ്രസ്ഥാനം തയ്യാറായി. തീവ്ര ഇടതുപക്ഷമാണ്‌ ഈ പ്രസ്ഥാനത്തിന്റെ പിന്നിലെന്നുപറഞ്ഞ്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധത പടർത്താൻ അന്നത്തെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ശ്രമിച്ചുവെങ്കിലും അതൊന്നും വിജയം കണ്ടില്ല. ബ്ലാക്ക്‌ ലൈവ്‌സ്‌ മാറ്റർ പ്രസ്ഥാനത്തെ തകർക്കാൻ നാഷണൽ ഗാർഡുകളെ വിളിക്കുമെന്നും ട്രംപ്‌ ഭീഷണി മുഴക്കി. കറുത്തവരെ മർദിച്ചൊതുക്കി വെള്ളക്കാരുടെ വോട്ടുകൾ നേടാനുള്ള വില കുറഞ്ഞ ശ്രമമാണ്‌ ട്രംപ്‌ നടത്തിയത്‌. എന്നാൽ, ട്രംപിന്റെ എതിരാളിയായ ജോ ബൈഡൻ ഫ്‌ളോയിഡിന്റെ കുടുംബത്തെ സന്ദർശിച്ച്‌ എല്ലാ പിന്തുണയും അറിയിച്ചു. ‘‘അച്ഛന്റെ കൊലപാതകം ലോകത്തെ മാറ്റിമറിച്ചുവെന്നാണ്‌ ’’ അന്ന്‌ ബൈഡൻ ഫ്‌ളോയിഡിന്റെ ഏഴു വയസ്സുകാരി മകൾ ജിയാനയോട്‌ പറഞ്ഞത്‌. 2.7 കോടി ഡോളർ നഷ്‌ടപരിഹാരമായി ഫ്‌ളോയിഡിന്റെ കുടുംബത്തിന്‌ നൽകുകയും ചെയ്‌തു.

എന്നാൽ, ഫ്‌ളോയിഡിന്റെ സംഭവത്തോടുകൂടി അമേരിക്കയിൽ വംശവെറിക്കോ വർണവെറിക്കോ കുറവൊന്നും ഉണ്ടായില്ല. ഫ്‌ളോയിഡിന്റെ ഘാതകൻ നരഹത്യക്കും കൊലപാതകത്തിനും കുറ്റക്കാരനാണെന്ന്‌ കോടതി പറയുന്ന വേളയിലും ഒരു കറുത്തവംശജ പൊലീസിന്റെ വെടിയേറ്റു മരിച്ചു. ഒഹായോ സംസ്ഥാനത്തെ കൊളംബസിൽ പതിനഞ്ചുകാരിയായ കറുത്തവംശജ മെകിയ ബ്രയറ്റിനെയാണ്‌ പൊലീസ്‌ വെടിവച്ചു കൊന്നത്‌. ഫ്‌ളോയിഡിന്റെ കൊലപാതകത്തിനുശേഷംമാത്രം 64 പേരെയാണ്‌ പൊലീസ്‌ വെടിവച്ചു കൊന്നത്‌. മിനിയാപൊളിസ്‌ സ്‌റ്റാർ ട്രിബ്യൂണൽ 2016ൽ നടത്തിയ പഠനത്തിൽ പറയുന്നത്‌ 2000 മുതൽ 148 പേരെ പൊലീസ്‌ വെടിവച്ചു കൊലപ്പെടുത്തി എന്നാണ്‌. അതിൽ ഒരാൾക്കെതിരെപോലും കുറ്റം ചുമത്തിയിട്ടില്ല എന്നും പത്രം പറയുന്നു. പ്രസിഡന്റ്‌ ബൈഡൻതന്നെ ശരിയായി വിലയിരുത്തുന്നതുപോലെ ‘അമേരിക്കൻ ആത്മാവിനേറ്റ കളങ്കമാണ്‌ വർണവെറി’. അത്‌ കഴുകിക്കളയാൻ അമേരിക്കൻ ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന്‌ ഏറെ സംഭാവനകൾ ഒന്നുമില്ല എന്നതാണ്‌ വേദനിപ്പിക്കുന്ന സത്യം. അതുകൊണ്ടുതന്നെ ഫ്‌ളോയിഡിനെ വധിച്ച പൊലീസുകാരൻ കുറ്റക്കാരനാണെന്ന വിധിന്യായം അപൂർവങ്ങളിൽ അപൂർവമാണ്‌. അമേരിക്കൻ പ്രസിഡന്റിനുപോലും അങ്ങനെ പറയേണ്ടിവന്നിരിക്കുന്നു. തെരഞ്ഞെടുപ്പ്‌ പ്രചാരണവേളയിൽ ബൈഡൻ ജനങ്ങൾക്ക്‌ വാഗ്‌ദാനം ചെയ്‌ത പൊലീസ്‌ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ അദ്ദേഹം തയ്യാറാകുമോ. അങ്ങനെ ചെയ്‌തെങ്കിൽ ഫ്‌ളോയിഡുമാർ ഇനിയും ഉണ്ടാകാതെ സൂക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top