23 April Friday

കേന്ദ്ര വാക്‌സിൻ നയത്തിനെതിരെ നാടാകെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021


തിരുവനന്തപുരം  
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മരുന്ന് കമ്പനികളുടെ താൽപ്പര്യത്തിനനുസരിച്ച് വാക്സിൻ വില വർധിപ്പിച്ച കേന്ദ്രസർക്കാർ നയത്തിനെതിരെ നാടാകെ പ്രതിഷേധം.

കേന്ദ്ര സർക്കാർ സൗജന്യമായി വാക്സിൻ അനുവദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ വീടുകളിൽ വിദ്യാർഥികൾ പ്ലക്കാർഡുകളുയർത്തി പ്രതിഷേധം സംഘടിപ്പിച്ചു. അഞ്ച്‌ ലക്ഷത്തോളം വിദ്യാർഥികൾ സമരത്തിന്റെ ഭാഗമായി. വാക്‌സിൻ കയറ്റുമതിയിലൂടെ സ്വകാര്യ കുത്തകകൾക്ക് ലാഭം നേടിക്കൊടുക്കാനുള്ള ശ്രമത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറുക,  ജനദ്രോഹ നടപടിയിൽനിന്ന് പിന്മാറി വാക്സിൻ സൗജന്യമായി ലഭ്യമാക്കുക എന്നീ മുദ്രവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് കോഴിക്കോടും, സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ് തിരുവനന്തപുരത്തും സമരത്തിന്റെ ഭാഗമായി.

കേന്ദ്രസർക്കാരിന്റെ 
ബോധപൂർവമായ പിന്മാറ്റം: എകെജിസിടി
കോവിഡ്‌ വാക്സിന്റെ വിലനിർണയാധികാരവും വിതരണാധികാരവും മരുന്നുകമ്പനികൾക്ക് നൽകുന്നതിലൂടെ ഈ മേഖലയിൽനിന്നുമുള്ള കേന്ദ്രസർക്കാരിന്റെ ബോധപൂർവമായ പിന്മാറ്റമാണ് വെളിവാകുന്നതെന്ന്‌ എകെജിസിടി. വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ മുഴുവൻ പേർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അഭിനന്ദനാർഹമാണെന്നും എകെജിസിടി സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. കോവിഡ് വാക്സിനിൽ കേന്ദ്ര സർക്കാർ നടത്തുന്ന പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന്‌ എഐവൈഎഫ്‌ സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു.

ജനങ്ങളെ കൊള്ളയടിക്കാനുള്ള കേന്ദ്രതീരുമാനം 
പ്രതിഷേധാർഹം: 
കെഎസ്ടിഎ
വാക്‌സിൻ വില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് കെഎസ്ടിഎ സംസ്ഥാനകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചുനിൽക്കുമ്പോൾ വാക്സിനേഷൻ സൗജന്യമായി ഉറപ്പാക്കുന്നതിനുപകരം കമ്പോള താൽപ്പര്യം സംരക്ഷിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. വാക്സിൻ വിതരണവും വില നിർണയാധികാരവും സ്വകാര്യമേഖലയ്ക്ക് നൽകാനുള്ള കേന്ദ്രഗവൺമെന്റിന്റെ തീരുമാനം ഔഷധമേഖലയുടെ സ്വകാര്യവൽക്കരണമാണ്‌ ലക്ഷ്യമിടുന്നതെന്നും കെഎസ്‌ടിഎ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top