തിരുവനന്തപുരം > കോവിഡിന്റെ രണ്ടാംതരംഗം സംസ്ഥാനത്ത് ഗൗരവതരമായ സ്ഥിതിയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍നശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. അടുത്ത രണ്ടുദിവസങ്ങളില്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുക. അതുകഴിഞ്ഞ് ഏതൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്ന് തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാര്‍ടികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ നിമിഷവും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ റിസര്‍ട്ട് കിട്ടുന്നതുവരെ നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം. രോഗം പടരുന്നതിന്റെ വേഗവും രീതിയും മാറിയിട്ടുണ്ട് എന്നതും ഓര്‍മ വേണം.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.5 ലേക്ക് കുറച്ചു കൊണ്ടുവന്ന ഒരു ഘട്ടത്തിലാണ് രണ്ടാമത്തെ തരംഗം ആരംഭിച്ചത്. ഇന്നലെ 1,35,177 പേരെ ടെസ്റ്റ് ചെയ്തപ്പോള്‍ 26,995 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.85 ആണ്. ടെസ്റ്റ് പെര്‍ മില്യണ്‍ 4.22 ലക്ഷമാണ്. കേസ് ഫെറാലിറ്റി റേറ്റ് 0.39 ആക്കി കുറച്ച് നിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍വ് ക്രഷ് ചെയ്യാന്‍ മൂന്ന് ഇടപെടലുകളോടുകൂടിയ സ്ട്രാറ്റജി ആണ് ഇപ്പോള്‍ പിന്തുടരുന്നത്. ഒന്ന്, ടെസ്റ്റിന്റെ എണ്ണം കൂട്ടി പരമാവധി കേസുകള്‍ കണ്ടെത്തുക. രണ്ട്, കോവിഡ് ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, ഹോം ഐസൊലേഷന്‍ എന്നിവയിലൂടെ ചികിത്സ പരമാവധി ലഭ്യമാക്കുക. മൂന്ന്, പ്രത്യേകമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും അവയുടെ മേല്‍നോട്ടവും കാര്യക്ഷമമാക്കി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കുകയും സമ്പദ്ഘടന മുന്നോട്ടുപോകുന്നു എന്നുറപ്പാക്കുകയും ചെയ്യുക.
പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിഹേര്‍ഡ് ഇമ്യൂണിറ്റി വികസിപ്പിക്കുന്നതാണ് ഈ മഹാവ്യാധിക്കെതിരായുള്ള ഏറ്റവും മികച്ച പ്രതിരോധം എന്നാണ് സംസ്ഥാനം കണക്കാക്കുന്നത്. ആ നിലയ്ക്ക് മെയ് ഒന്ന് മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ കേരളം സ്വാഗതം ചെയ്യുന്നു. അത് കാര്യക്ഷമമാക്കുന്നതിന് ഘട്ടം ഘട്ടമായി വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതാണ് ഉചിതം. വിവിധ പ്രായക്കാര്‍ക്ക് വിവിധ സമയങ്ങള്‍ അനുവദിക്കാം. പ്രായഭേദമെന്യേ മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണനയും നല്‍കാം.
താങ്ങാവുന്ന വിലക്ക് വാക്‌സിന്‍ ലഭിക്കാതിരുന്നത് കോവിഡിനെ അതിജീവിക്കുക എന്ന നമ്മുടെ ലക്ഷ്യ സാക്ഷാല്‍കാരത്തിന് വലിയ വെല്ലുവിളി ഉയര്‍ത്താം എന്ന ആശങ്ക യോഗത്തില്‍ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥിതിഗതികള്‍ ഗൗരവതരമായതിനാല്‍ ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രധാന ജങ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും അനൗണ്‍സ്‌മെന്റുകള്‍ നടത്തുന്നുണ്ട്. പൊലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി എല്ലാവരും പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും തിരക്കുണ്ടാകാതെയിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സജ്ജമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളില്‍ സ്ഥലവിസ്തൃതിയുടെ പകുതി ആളുകളെ മാത്രമേ ഒരേ സമയം ഉള്ളില്‍ പ്രവേശിപ്പിക്കാവൂ. ബാക്കിയുള്ളവര്‍ സാമൂഹിക അകലംപാലിച്ച് ക്യൂ നില്‍ക്കണം.
സ്ഥാപനങ്ങളിലേക്ക് കടക്കുമ്പോള്‍ നിര്‍ബന്ധമായും ശരീര ഊഷ്മാവ് പരിശോധിക്കുകയും കൈകള്‍ സാനിറ്റൈസ് ചെയ്യുകയും വേണം. ഇതിനായി സ്ഥാപനങ്ങള്‍ പ്രത്യേക ജീവനക്കാരെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകളിലെത്തുന്നവരുടെ പേരും മറ്റു വിവരങ്ങളും എഴുതി സൂക്ഷിക്കുന്നതിനുള്ള രജിസ്റ്റര്‍ നിര്‍ബന്ധമാക്കണം. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ ഇക്കാര്യം ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനകള്‍ ആരംഭിച്ചു.
24നും 25നും സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. അന്നേ ദിവസങ്ങളില്‍ എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കാന്‍ തയ്യാറാകണം. അനാവശ്യമായ യാത്രകളും പരിപാടികളുമൊന്നും ഈ ദിസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളുകള്‍ക്കുളളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. ചടങ്ങുകളില്‍ ആകെ പങ്കെടുക്കാവുന്നവരുടെ എണ്ണമാണ് ഇത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.
ദീര്‍ഘദൂര യാത്ര പൊതുവെ ഒഴിവാക്കേണ്ടതാണ്. വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍, ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയ്യില്‍ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.
ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധനാ സമയത്ത് യാത്രക്കാര്‍ക്ക് ടിക്കറ്റ് അഥവാ ബോര്‍ഡിങ് പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കാവുന്നതാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനത്തിന് ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാവുന്നതാണ്. ഇതിനായി സത്യപ്രസ്താവന കയ്യില്‍ കരുതണം.
ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്നതിന് തടസമില്ല. എന്നാല്‍, വില്‍പ്പനക്കാര്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
ശനിയാഴ്ച്ചത്തെ ഹയര്‍സെക്കന്ററി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. അതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷകര്‍ത്താക്കള്‍ അവിടെ കൂട്ടംകൂടി നില്‍ക്കാതെ ഉടന്‍ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് കുട്ടികളെ വിളിക്കാന്‍ തിരിച്ചെത്തിയാല്‍ മതി. പരീക്ഷാകേന്ദ്രത്തിന് മുന്നില്‍ കുട്ടികളും രക്ഷകര്‍ത്താക്കളും തിരക്കുണ്ടാക്കാതെ സാമൂഹിക അകലം പാലിക്കേണ്ടതാണ്. യാത്രാസൗകര്യങ്ങള്‍ക്ക് വേണ്ട ഇടപെടല്‍ നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
വായുവിലൂടെ പകരാം
വായു മാര്‍ഗം കോവിഡ് പകരാന്‍ സാധ്യതകള്‍ കൂടിയിരിക്കുന്നു എന്ന് ലാന്‍സറ്റ് ജേര്‍ണലില്‍ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തു വരുന്ന മൈക്രോ ഡ്രോപ്ലെറ്റ്‌സ് വായുവില്‍ തങ്ങി നില്‍ക്കുകയും അല്‍പ ദൂരം സഞ്ചരിക്കുകയും ചെയ്‌തേക്കാം. അത്തരത്തില്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വായു വഴി കോവിഡ് പകരുന്നു.
മാസ്‌കുകള്‍ കര്‍ശനമായി ധരിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രശ്‌നം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു. മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാകും. മാസ്‌കുകളുടെ ശരിയായ രീതിയിലുള്ള ഉപയോഗം നമ്മള്‍ കര്‍ശനമായി പിന്തുടരണം. അടഞ്ഞ സ്ഥലങ്ങളില്‍ കൂടിയിരിക്കുക, അടുത്തിടപഴകുക, ഒരുപാടാളുകള്‍ കൂട്ടം കൂടുക എന്നിവയും വായുമാര്‍ഗം രോഗം പടരുന്നതില്‍ വളരെ പ്രധാന കാരണങ്ങളാണ്.
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ട ഉടനെത്തന്നെ ടെസ്റ്റിങ്ങിനു വിധേയമാകാന്‍ എല്ലാവരും തയ്യാറകണം. സാധാരണ പനിയോ ജലദോഷമോ ആണെന്നു കരുതി കാത്തുനിന്ന് സമയം കളയരുത്. വ്യാപനം രൂക്ഷമായിരിക്കുന്നതിനാല്‍ ആ ലക്ഷണങ്ങള്‍ കോവിഡിന്റേതാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
എത്രയും പെട്ടെന്ന് തൊട്ടടുത്ത ടെസ്റ്റിങ് സെന്ററില്‍ ചെന്ന് പരിശോധന നടത്തുകയും, ഫലം പോസിറ്റീവ് ആണെങ്കില്‍ അവശ്യമായ ചികിത്സയും മുന്‍കരുതലും സ്വീകരിക്കുകയും വേണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തു കഴിഞ്ഞവര്‍ രോഗലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും നിര്‍ബന്ധമായും ഐസോലേഷനില്‍ കഴിയേണ്ടതാണ്.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പരമാവധി സൗകര്യം നല്‍കും. മറ്റു രോഗങ്ങളുള്ളവര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ തുടങ്ങുന്നത് ആലോചിക്കും. ആദിവാസി മേഖലകളില്‍ വാക്‌സിനേഷന് പ്രത്യേക സൗകര്യം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..