Latest NewsNewsIndia

കോഴികള്‍ മുട്ടയിടുന്നത് നിര്‍ത്തി; കര്‍ഷകന്‍ പരാതിയുമായി പൊലീസിനു മുന്നില്‍

വ്യത്യസ്തമായൊരു പരാതിയുമായി കോഴി കര്‍ഷകന്‍ പൊലീസിന് മുന്നില്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. തന്റെ ഫാമിലെ കോഴികള്‍ മുട്ടയിടുന്നത് നിര്‍ത്തിയെന്ന് പറഞ്ഞാണ് ഇയാള്‍ പൊലീസിനെ സമീപിച്ചത്. ഒരു പ്രത്യേക കമ്പനി നിര്‍മ്മിച്ച തീറ്റ നല്‍കിയതിന് ശേഷമാണ് തന്റെ കോഴികള്‍ മുട്ടയിടുന്നത് നിര്‍ത്തിയതെന്നാണ് കര്‍ഷകന്റെ പരാതി.

മൂന്ന് മുതല്‍ നാല് കോഴി ഫാമുകളുടെ ഉടമസ്ഥരും ഈ പരാതിയുമായി കമ്പനിയെ സമീപിച്ചിരുന്നു. എന്നാല്‍ കമ്പനി നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ഈ കര്‍ഷകന്‍ പൊലീസുമായി ബന്ധപ്പെട്ടത്. പ്രദേശത്തെ മറ്റ് നാല് കോഴി ഫാം ഉടമകളും ഇതേ പ്രശ്നം നേരിടുന്നുണ്ടെന്ന് മനസിലാക്കിയ ഞങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ലോണി കല്‍ബോര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര മൊകാഷി പറഞ്ഞു.

അഹമ്മദ്നഗറിലെ ഒരു കമ്പനിയില്‍ നിന്നാണ് കോഴി തീറ്റ വാങ്ങിയതെന്ന് പരാതിക്കാരന്‍ പറഞ്ഞു. ”ആ തീറ്റ കഴിച്ചതിനുശേഷം തന്റെ ഫാമിലെ കോഴികള്‍ മുട്ടയിടുന്നത് നിര്‍ത്തിയതായി അദ്ദേഹം അപേക്ഷയില്‍ പരാമര്‍ശിച്ചു,” മൊകാഷി പറഞ്ഞു.

ഇത് സംബന്ധിച്ച് പോലീസ് അഹമ്മദ്നഗറിലെ ബ്ലോക്ക് ലെവല്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. ‘അതേസമയം അവര്‍ തീറ്റ വാങ്ങിയ കമ്പനിയുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. തങ്ങള്‍ നിര്‍മിച്ച തീറ്റ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്നും പരാതി ഉന്നയിച്ച കര്‍ഷകര്‍ക്ക് അവര്‍ക്കുണ്ടായ നഷ്ടത്തിന് തത്തുല്യമായ നഷ്ടപരിഹാരം നല്‍കാന്‍ സന്നദ്ധമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്’, രാജേന്ദ്ര മൊകാഷി അറിയിച്ചു.

Related Articles

Post Your Comments


Back to top button