തിരുവനന്തപുരം
രോഗം വരാനുള്ള സാധ്യതയെ 70 മുതൽ 80 ശതമാനംവരെയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത 95 ശതമാനംവരെയും വാക്സിനുകൾ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ വാക്സിനേഷൻ പൂർണമായി ഇല്ലാതാക്കും. വാക്സിനെടുത്ത ഒരാൾക്ക് കോവിഡ് പിടിപെട്ടാൽ, വാക്സിനെടുക്കാത്തയാളെ അപേക്ഷിച്ച് മരണസാധ്യത വളരെ കുറവായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു."വാക്സിൻ എടുത്തയാളുകൾക്കും രോഗബാധ ഉണ്ടാകുന്നുണ്ടല്ലോ, അതുകൊണ്ട് വാക്സിനേഷൻ എടുക്കേണ്ടതുണ്ടോ' എന്ന സംശയം ചിലരിൽ ഉണ്ടാകുന്നുണ്ട്. "ബ്രെയ്ക് ത്രൂ ഇൻഫെക്ഷൻ' എന്ന ഈ പ്രതിഭാസം കോവിഡ് വാക്സിനുകളുടെ കാര്യത്തിൽ മാത്രമല്ല, ഏത് വാക്സിനെടുത്താലും അപൂർവം ചിലർക്ക് രോഗംവരാം.
ഇന്ത്യയിൽ ഇതുവരെ നടന്ന കോവിഡ് വാക്സിനേഷൻ ഐസിഎംആർ പഠനവിധേയമാക്കിയപ്പോൾ 10,000ൽ നാലുപേർക്ക് എന്ന നിരക്കിൽ മാത്രമാണ് രോഗമുണ്ടായതായി കണ്ടെത്തിയത്. ഇതിൽനിന്ന് വാക്സിൻ സുരക്ഷിതമാണെന്ന് മനസ്സിലാക്കാം. അതിനാൽ മടികൂടാതെ വാക്സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണം.വാക്സിനെടുത്തെന്ന ആത്മവിശ്വാസത്തോടെ ശ്രദ്ധയില്ലാതെ നടന്നാൽ രോഗം പിടിപെട്ടേക്കാം. ഗുരുതരമായ രോഗാവസ്ഥയുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും രോഗം പകർത്താൻ ഇത്തരക്കാർക്ക് സാധിക്കും. സമൂഹത്തിൽ ഭൂരിഭാഗംപേർക്കും വാക്സിൻ ലഭിക്കുന്നതുവരെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജീവിക്കാൻ നാം നിർബന്ധിതരാണ്. ആ യാഥാർഥ്യം ഉൾക്കൊണ്ടുവേണം മുന്നോട്ടുപോകാൻ.
മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ കൂട്ടം കൂടുന്നതും നിർദേശങ്ങൾ പാലിക്കാത്തതുമായ വാക്സിൻ വിതരണകേന്ദ്രങ്ങളിൽ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..