22 April Thursday
ലക്ഷ്യമിട്ടത് ഇരിക്കൂർ സീറ്റ്‌ ഉറപ്പിക്കാൻ

ഇരിക്കൂറിലെ സ്ഥാനാർഥി തർക്കം : സോണിക്കെതിരെ നീങ്ങിയത്‌ 
യുഡിഎഫ്‌ ചെയർമാൻ പി ടി മാത്യു

നൗഷാദ്‌ നടുവിൽUpdated: Thursday Apr 22, 2021


ആലക്കോട്
കെപിസിസി  ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ സ്ഥാനാർഥിയാകുന്നതിനെതിരെ  സാമൂഹ്യമാധ്യമങ്ങളിൽ  പ്രചാരണം നടത്തിയത്‌ കോൺഗ്രസ്‌ നേതാവും യുഡിഎഫ്‌ ജില്ലാ ചെയർമാനുമായ  പി ടി മാത്യു.  ഇരിക്കൂർ നിയമസഭാ മണ്ഡലം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ്‌ എ ഗ്രൂപ്പ്‌ നേതാവായ സോണിയുടെ അഴിമതി,  അതേ ഗ്രൂപ്പിലെ പി ടി മാത്യു സമൂഹ മാധ്യമങ്ങളിൽ ചർച്ചയാക്കിയത്‌. സ്ഥാനാർഥി നിർണയചർച്ചകൾ ചൂടുപിടിച്ച ഘട്ടത്തിൽ‌  ജോൺ ജോസഫ് എന്ന ഫെയ്‌സ് ബുക്ക് പ്രൊഫൈലിൽനിന്നാണ്‌ സോണി സെബാസ്‌റ്റ്യന്റെ  കൊപ്ര സംഭരണ അഴിമതി പ്രചരിപ്പിച്ചത്‌. 

"അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർഥിയായി  വരണോ’? എന്ന ചോദ്യവുമായിയായിരുന്നു മാർച്ച് മൂന്നിന് ആദ്യ പോസ്‌റ്റ്. ‘ഏപ്രിൽ 28ന്‌ തലശേരി വിജിലൻസ് കോടതിയിൽ കൊപ്ര സംഭരണ അഴിമതിക്കേസിന്റെ  നടപടികൾ തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി  സ്ഥാനാർഥിയായി  വരുന്നത്   ദോഷം ചെയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്?’ എന്നായിരുന്നു രണ്ടാമത്തെ  പോസ്‌റ്റ്‌.  എതിർ ഗ്രൂപ്പുകാർ  ഇത് വ്യാപകമായി പ്രചരിപ്പിച്ചു. ഇരിക്കൂർ മണ്ഡലത്തിൽ സജീവ്‌ ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം മാർച്ച് 12ന്  ഈ പ്രൊഫൈലിൽ നിന്നു
സോണിക്കെതിരെ വീണ്ടും പോസ്‌റ്റ്‌ വന്നു.  ‘ഇരിക്കൂറിൽ  എ ഗ്രൂപ്പിന്റെ സീറ്റ് നഷ്ടപ്പെട്ടു. കൊപ്ര അഴിമതി വിജിലൻസ് കേസിലെ പ്രതിയെ  സ്ഥാനാർഥിയാക്കണമെന്ന് വാശി പിടിച്ചതുകൊണ്ടല്ലേ’ എന്നായിരുന്നു പോസ്‌റ്റ്‌.

ഇതിനെതിരെ സോണി സെബാസ്റ്റ്യൻ നൽകിയ പരാതി സൈബർ സെൽ അന്വേഷിച്ചപ്പോഴാണ്‌  പി ടി മാത്യുവാണ്‌ പോസ്‌റ്റിന്‌ പിന്നിലെന്ന്‌ കണ്ടെത്തിയത്‌.  "ജോൺ ജോസഫ്’ എന്ന പ്രൊഫൈൽ ഐഡിയുടെ ഐപി അഡ്രസ്സ്  പി ടി മാത്യുവിന്റെതാണെന്ന്‌ തെളിഞ്ഞു.  തുടർന്ന്‌ ആലക്കോട് പൊലീസ് മാത്യുവിനെ ചോദ്യംചെയ്‌തു. ഉടൻ കേസ് രജിസ്‌റ്റർ ചെയ്തേതേക്കും

സജീവ്‌ ജോസഫിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ഇരിക്കൂർ ‌ മണ്ഡലം കമ്മിറ്റി ഓഫീസിന്‌ മുന്നിൽ നടത്തിയ രാപകൽ സമരത്തിന്‌ നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു പി ടി മാത്യു. സജീവ്‌ ജോസഫിനെ സ്ഥാനാർഥിയായി  പ്രഖ്യാപിച്ചതിനെ തുടർന്ന്‌ യുഡിഎഫ്‌ ജില്ലാ ചെയർമാൻ  സ്ഥാനം രാജിവയ്‌ക്കുകയും ചെയ്‌തു.   സോണി സെബാസ്‌റ്റ്യനും സജീവ്‌ ജോസഫും തമ്മിലുള്ള സ്ഥാനാർഥി തർക്കത്തിനിടയിൽ ചുളുവിൽ   ഇരിക്കൂർ സീറ്റ്‌ ഉറപ്പിക്കുകയായിരുന്നു പി ടി മാത്യുവിന്റെ  ലക്ഷ്യം. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞില്ലല്ലോയെന്നാണ്‌ സംഭവത്തിൽ പി ടി മാത്യുവിന്റെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top