തിരുവനന്തപുരം
ബാങ്ക് ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബാങ്കിങ് നയം തിരുത്തണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി, കേരള) ആവശ്യപ്പെട്ടു. കനറ ബാങ്ക് തൊക്കിലങ്ങാടി ശാഖാ മാനേജരായ വനിത ഓഫീസിനുള്ളിൽ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ഗൗരവമായി ചർച്ച ചെയ്യപ്പെടണം. ഈ ദുരന്തത്തിലെ യഥാർഥ വില്ലൻ ബാങ്കിങ് നയങ്ങളാണ്. ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന അപകടകരമായ അവസ്ഥയിലാണ് ബാങ്കിങ് ജീവനക്കാർ.
അശാസ്‌ത്രീയ ബാങ്കിങ് പരിഷ്‌കാരങ്ങളുടെ ഇരകളായി ജീവനക്കാർ മാറുന്നു. ജീവനക്കാരില്ലാത്തതും അടിസ്ഥാന സൗകര്യമൊരുക്കാത്തതും യുക്തിസഹമല്ലാത്ത ബിസിനസ് ലക്ഷ്യങ്ങളും മുകൾത്തട്ടിൽനിന്നുള്ള അനാവശ്യ ഇടപെടലുകളും തൊഴിൽ സാഹചര്യമാകെ കലുഷിതമാക്കി. പ്രധാനമന്ത്രി ജൻധൻ യോജന, സുരക്ഷാ ബീമാ യോജന, ജീവൻ ജ്യോതി ബീമാ യോജന, അടൽ പെൻഷൻ യോജന, ജനറൽ–-മെഡിക്കൽ ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട്, ഫാസ്‌ടാഗ് തുടങ്ങി ബാങ്കിങ്ങിതര ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രവുംകൂടിയായി ബാങ്ക് ശാഖ. ഇതിനൊപ്പമാണ് നിക്ഷേപം, വായ്‌പ, നിഷ്‌ക്രിയ ആസ്‌തി, തിരിച്ചടവ്, കുടിശ്ശിക പിരിച്ചെടുക്കൽ തുടങ്ങിയ ബാങ്കിങ് ജോലികൾ. ഇതിലെല്ലാം യുക്തിരഹിത ബിസിനസ് ലക്ഷ്യം അടിച്ചേൽപ്പിക്കുന്നു. ബാങ്കിങ് ഇതര ധന ഉൽപ്പന്നങ്ങളുടെ വിൽപ്പനയുടെ സമ്മർദത്തിൽനിന്ന് ബാങ്കിങ് ജീവനക്കാരെ മോചിപ്പിക്കണം. കേന്ദ്ര സർക്കാർ പദ്ധതികളുടെ നടത്തിപ്പും ഏറ്റെടുക്കേണ്ടിവരുന്ന ബാങ്ക് ശാഖകൾക്ക് മതിയായ ജീവനക്കാരെ നൽകുന്നില്ല. പലതരത്തിൽ പ്രതിസന്ധി സൃഷ്ടിച്ച്, ഇടപാടുകാരുടെ പ്രതിഷേധം വളർത്തി, ബാങ്ക് സ്വകാര്യവൽക്കരണത്തിന് പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെയെല്ലാം അവസാന രക്തസാക്ഷി ബാങ്ക് ജീവനക്കാരാണ്.പൊതുമേഖലാ ബാങ്കിങ് സംവിധാനം സംരക്ഷിക്കാൻ, ജനപിന്തുണയോടെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബെഫി (കേരള) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ വി അനന്തകൃഷ്‌ണൻ, പരമേശ്വര കുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് എൽ ദിലീപ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജി പ്രശാന്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..