22 April Thursday
ഇന്ന് ഭൗമദിനം

കാലാവസ്ഥാമാറ്റം ലോകാവസാനമല്ല

ജോജി കൂട്ടുമ്മേൽUpdated: Thursday Apr 22, 2021

ഭൂമിയെ പുനഃസ്ഥാപിക്കുക എന്നതാണ് ഭൗമദിനാചരണത്തിന്റെ മുദ്രാവാക്യം. അങ്ങനെയൊരു മുദ്രാവാക്യം പ്രസക്തമാകുംവിധം ഭൂമി ഒരു സർവനാശത്തിന്റെ വക്കിലെത്തിയതായി ശാസ്ത്രലോകം ഭയപ്പെടുന്നു. രണ്ട് കൊല്ലംമുമ്പ് ലോകം ഒരു കാലാവസ്ഥാ അടിയന്തരാവസ്ഥയെ നേരിടുകയാണെന്നും അതിനെ മറികടക്കാൻ കൃത്യമായ പദ്ധതി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ലോകരാജ്യങ്ങളിൽനിന്നുള്ള പതിനോരായിരം ശാസ്ത്രജ്ഞർ ചേർന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു രേഖ പ്രസിദ്ധീകരിച്ചിരുന്നു. വിഭവധൂർത്ത് എങ്ങനെയാണ് ഭൂമിയെയും അതിലെ ജീവജാലങ്ങളെയും നശിപ്പിക്കുന്നത്‌ എന്നതായിരുന്നു അതിന്റെ പ്രധാന ഉള്ളടക്കം.

എന്നാൽ, കാലാവസ്ഥാമാറ്റം ലോകാവസാനമല്ല  എന്ന ശുഭപ്രതീക്ഷ പകരുന്നതാണ് ഭൗമദിനാചരണത്തിന്റെ മുദ്രാവാക്യം. മുഖ്യമായും അത് യുവത്വത്തിലും വിദ്യാഭ്യാസത്തിലും പ്രതീക്ഷയർപ്പിക്കുന്നു. ഗ്രെറ്റ തുൻ ബർഗ്, അലക്സാൻഡ്രിയ വിലാസെനർ, ലിസിപ്രിയ കൻഗുജം എന്നിവർ നയിക്കുന്ന യുവജന ഉച്ചകോടിയോടെ തുടങ്ങിയ പരിപാടികൾ ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ പ്രവർത്തകരും ആക്ടിവിസ്റ്റുകളും പങ്കെടുക്കുന്ന വിദ്യാഭ്യാസ ഉച്ചകോടിയും പിന്നിട്ട് മൂന്നാം ദിവസമായ ഇന്ന്  വിവിധതരം ചർച്ചകളോടും സെമിനാറുകളോടുംകൂടി പൂർണമാകും. പാരിസ്ഥിതിക നീതിയായിരുന്നു യുവജന ഉച്ചകോടിയുടെ മുദ്രാവാക്യം. കാലാവസ്ഥാമാറ്റം, മലിനീകരണം, ദാരിദ്ര്യം, പൊലീസ് വേട്ട, വംശീയ അതിക്രമങ്ങൾ എന്നിവയൊക്കെയാണ് പാരിസ്ഥിതിക നീതിക്ക് വിഘാതം. ഭൂമിക്കുവേണ്ടിയുള്ള അധ്യയനം എന്നാണ് വിദ്യാഭ്യാസ ഉച്ചകോടിയുടെ മുദ്രാവാക്യമായി സ്വീകരിച്ചത്. കാലാവസ്ഥാ പരിസ്ഥിതി സാക്ഷരത, കാലാവസ്ഥാ പുനഃസ്ഥാപന സാങ്കേതികവിദ്യകൾ, വനവൽക്കരണം, പുനരുൽപ്പാദന കൃഷി, സമത്വവും പാരിസ്ഥിതിക നീതിയും, സിറ്റിസൺ സയൻസ്, ശുചിത്വം എന്നിവയൊക്കെ ചർച്ചകളുടെ മുഖ്യവിഷയങ്ങളാകും.

ഹരിതഗൃഹ വാതകങ്ങൾ വേറെയുമുണ്ടെങ്കിലും കാർബൺ ഡൈ ഓക്സൈഡാണ് കാലാവസ്ഥാമാറ്റത്തിന്റെ മുഖ്യകാരണം

ഈ പ്രശ്നങ്ങളുടെയെല്ലാം കേന്ദ്രബിന്ദു കാലാവസ്ഥാമാറ്റംതന്നെ. കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നീരാവി, നൈട്രസ്‌ ഓക്സൈഡ് തുടങ്ങിയ ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ വർധിക്കുന്നതുമൂലം ശരാശരി അന്തരീക്ഷ ഊഷ്മാവ് വർധിക്കുകയും അത് കാലാവസ്ഥയിൽ മാറ്റംവരുത്തുന്നതിനെയുമാണ് ഇന്ന് കാലാവസ്ഥാമാറ്റം എന്ന് വിളിക്കുന്നത്. വ്യവസായവിപ്ലവം ആരംഭിച്ചതുമുതൽ വിവിധ തരത്തിലുള്ള പെട്രോളിയം ഇന്ധനങ്ങൾ വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. ഇത് അന്തരീക്ഷത്തിലേക്ക് വലിയതോതിൽ കാർബൺ ഡൈഓക്സൈഡ് ഉത്സർജിക്കാൻ കാരണമായി. 1750ൽ 277 പിപിഎം കാർബൺ ഡൈ ഓക്സൈഡാണ് അന്തരീക്ഷവായുവിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അത് 410 പിപിഎം ആയി വർധിച്ചു. ഹരിതഗൃഹ വാതകങ്ങൾ വേറെയുമുണ്ടെങ്കിലും കാർബൺ ഡൈ ഓക്സൈഡാണ് കാലാവസ്ഥാമാറ്റത്തിന്റെ മുഖ്യകാരണം. കാലാവസ്ഥാമാറ്റം കേരളത്തിലുണ്ടാക്കുന്ന ആഘാതം എന്തെന്നും ഇതിന് കാരണമാകുന്ന ആഗോള വികസനശൈലി എന്തെന്നുമുള്ള രണ്ട് തലത്തിൽ നാമിതിനെ വിശകലനം ചെയ്യേണ്ടതുണ്ട്.

കഴിഞ്ഞ 50 വർഷത്തിനുള്ളിൽ കേരളത്തിന്റെ കൂടിയ താപനിലയിൽ ശരാശരി 0.64 ഡിഗ്രി സെൽഷ്യസിന്റെയും കുറഞ്ഞ താപനിലയിൽ 0.23 ഡിഗ്രി സെൽഷ്യസിന്റെയും വർധന ഉണ്ടായിട്ടുണ്ട്. വാർഷിക ശരാശരിയിൽ 0.44ന്റെ വർധന. ഇത് പലതരത്തിൽ നമുക്ക് അനുഭവപ്പെടുന്നു. ഒരുദാഹരണം വേനൽക്കാലത്ത്‌ നമുക്ക് അനുഭവപ്പെടുന്ന കഠിനമായ ചൂടുതന്നെ. പക്ഷികളും മൃഗങ്ങളും അസ്വസ്ഥരാകുന്നതും കാണാം. കോട്ടയത്തെ റോസി പാസ്റ്റർ പക്ഷികളുടെയും കുമരകത്തെ വർണക്കൊക്കുകളുടെയും വടക്കൻ ജില്ലകളിലെ മയിലുകളുടെയും സാന്നിധ്യം ചൂട് കൂടുന്നതിന്റെ സന്ദേശങ്ങൾ നൽകുന്നു. മുമ്പ് വയനാട്, ഇടുക്കി ജില്ലകളിൽ ഉഷ്ണമേഖലാ വിളകളായ റബർ, തെങ്ങ് എന്നിവ സാധാരണമായിരുന്നില്ല. ഇപ്പോൾ ഇവ സാധാരണമായിക്കഴിഞ്ഞു. തേയിലയും കാപ്പിയും തണുപ്പ് കൂടിയ പ്രദേശങ്ങളിലാണ് നമ്മൾ കൃഷി ചെയ്യുന്നത്. ചൂട് കൂടിയാൽ ഇവയുടെ കൃഷിതന്നെ അപകടത്തിലാകാം.

കേരളത്തിലെ മഴ അറബിക്കടലിൽനിന്നുമുള്ള മൺസൂൺ കാറ്റുകൾ എത്തിക്കുന്ന മേഘങ്ങൾ തണുത്ത് പെയ്യുന്നതാണ്. താപവർധനയുടെ ഫലമായി ഈ കാറ്റുകളുടെ ദിശയും ശക്തിയും മാറിയാൽ അതിവർഷമോ ചില പ്രത്യേക പ്രദേശങ്ങളിൽമാത്രം വലിയ മഴ പെയ്യലോ മഴ പെയ്യാതിരിക്കലോ സംഭവിക്കാം. അതിവർഷം ഉണ്ടായാൽ അത് പശ്ചിമഘട്ടത്തിൽ ഉരുൾപൊട്ടലിലേക്കും പ്രളയത്തിലേക്കും നയിക്കും. സാധാരണയായി ഉഷ്ണമേഖലാപ്രദേശത്തെ ചുഴലിക്കാറ്റുകൾ കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് സഞ്ചരിക്കുന്നത്. കേരളം കടലിന്റെ കിഴക്കേ തീരത്തായതിനാൽ ചുഴലിക്കാറ്റുകൾ നമ്മെ കാര്യമായി ബാധിക്കാറില്ല. അന്തരീക്ഷവായുവിന്റെയും സമുദ്രജലത്തിന്റെയും താപനിലയിൽ ഉണ്ടാകുന്ന മാറ്റം ചുഴലിക്കാറ്റുകളുടെ പിറവിയെ സ്വാധീനിച്ചാൽ കേരളവും ചുഴലിക്കാറ്റ് ഭീഷണിയിലാകും. ഓഖി അത്തരമൊരു സൂചന നൽകുന്നു. നമ്മുടെ ശാരീരികസൗഖ്യവും കാലാവസ്ഥയെയുംകൂടി ആശ്രയിച്ചാണ് ഇരിക്കുന്നത്. ഉയർന്ന ചൂടിൽ കൊതുക് അടക്കം രോഗം പടർത്തുന്ന ജീവികൾ വർധിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. ചിക്കൻഗുനിയ, ഡെങ്കിപ്പനി, ജപ്പാൻപനി എന്നിവയൊക്കെ കേരളത്തിൽ പ്രത്യക്ഷപ്പെടുന്നത് ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. മലേറിയയും ഈ പട്ടികയിൽ ഇടംപിടിച്ചേക്കാം. 

കാർഷികോൽപ്പന്നങ്ങൾക്കുമേൽ വിപണിയുടെയും അതുവഴി കോർപറേറ്റുകളുടെയും ആധിപത്യം ഉറപ്പിക്കുന്നതിനുള്ള മോഡിസർക്കാരിന്റെ നീക്കങ്ങൾക്കെതിരെയാണ് ഡൽഹിയിൽ മാസങ്ങളായുള്ള കർഷകസമരം തുടരുന്നത്. കോർപറേറ്റുകൾ ഇപ്പോൾ ഉൽപ്പന്നങ്ങളാണ് നോട്ടമിട്ടിരിക്കുന്നതെങ്കിലും ആസന്നഭാവിയിൽത്തന്നെ ഭൂമിയുടെ ഉടമസ്ഥത നേടുകയെന്നതാകും അവരുടെ ലക്ഷ്യം. അങ്ങനെ നോക്കിയാൽ ഭൂമിയെ കേന്ദ്രമാക്കിയുള്ള ഒരു രാഷ്ട്രീയവൈരുധ്യം ഇന്ത്യയിൽ രൂപപ്പെട്ട് വരുന്നുണ്ടെന്ന് കാണാം. ഈ സംഘർഷത്തിൽ കർഷകർക്കുള്ള പിന്തുണ ദിനേന വർധിച്ചുവരികയാണ്. കേന്ദ്രഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയകക്ഷിയും ഇതിനെ നേരിടാൻ വിശ്വാസത്തിന്റെയും അശാസ്ത്രീയ ധാരണകളുടെയും ആശയങ്ങളെയാണ് ആയുധമാക്കുന്നത്. ഭൂമിപൂജയും പ്രകൃതികൃഷിയും വൃക്ഷാരാധനയുമെല്ലാം ഏകോപിപ്പിച്ച് കർഷകസമരത്തിന്റെമേൽ വിശ്വാസപരമായ സമ്മർദമുയർത്താനാണവരുടെ ശ്രമം. ഇതിനെതിരെ ഭൂമിയുടെ പുനർവിതരണത്തിന്റെയും സ്വാശ്രയത്വത്തിന്റെയും രാഷ്ട്രീയവും ഭൂമിയെയും കൃഷിയെയുംകുറിച്ചുള്ള ശാസ്ത്രീയധാരണകളെയും ഉയർത്തിപ്പിടിക്കുകയും അവ സാമാന്യജനങ്ങളിലേക്ക്‌ എത്തിക്കുകയും ചെയ്യേണ്ടതുണ്ട്.

വികസനത്തിന്റെ സുസ്ഥിരതയോ സമ്പത്തിന്റെ നീതിപൂർവമായ വിതരണമോ കണക്കിലെടുക്കാതെയുള്ള മുതലാളിത്ത വളർച്ചയുടെ അന്തമില്ലാത്ത ലാഭക്കൊതിയാണ് അടിസ്ഥാനപ്രശ്നം.

വളർച്ചയ്ക്ക് പരിധിയുണ്ടെന്നും വികസനത്തിന് പരിമിതിയുണ്ടെന്നും മനസ്സിലാക്കാതെയുള്ള ലാഭമോഹംതന്നെയാണ് ആഗോള താപനത്തിലേക്കും അതുവഴി കാലാവസ്ഥാമാറ്റത്തിലേക്കും ലോകത്തെ നയിക്കുന്നത്. വികസനത്തിന്റെ സുസ്ഥിരതയോ സമ്പത്തിന്റെ നീതിപൂർവമായ വിതരണമോ കണക്കിലെടുക്കാതെയുള്ള മുതലാളിത്ത വളർച്ചയുടെ അന്തമില്ലാത്ത ലാഭക്കൊതിയാണ് അടിസ്ഥാനപ്രശ്നം. കാലാവസ്ഥാമാറ്റത്തിലേക്ക്‌ നയിക്കുന്ന ആഗോളവികസന നയംതന്നെയാണ് ഇന്ത്യയിൽ കർഷകർക്കുമേൽ കോർപറേറ്റുകളുടെ ആധിപത്യം ഉറപ്പിക്കാനുള്ള നിയമനിർമാണങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നതും.

എങ്ങനെയാണ് നാമിതിനെ മറികടക്കുക? പെട്രോൾകാലം അവസാനിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മറ്റ് ഊർജസ്രോതസ്സുകൾ കണ്ടെത്തുകതന്നെ വേണം. സൗരോർജത്തിലേക്ക്‌ എത്രമാത്രം മാറാൻ കഴിയുമോ അത്രയും മാറണം. പൊതുഗതാഗതം ശക്തിപ്പെടുത്തുകയും സുരക്ഷിതമാക്കുകയും ചെയ്യണം. ഇത് ഇന്ധനോപയോഗം കുറയ്ക്കും. കെട്ടിടനിർമാണത്തിന് ഹരിതരീതികൾ കണ്ടെത്തണം. ഉരുക്ക്, ഗ്ലാസ്‌ എന്നിവയുടെ ഉൽപ്പാദനം വലിയതോതിൽ കാർബൺ ഉത്സർജനത്തിന് കാരണമാകുന്നു. അതുകൊണ്ട് ഇവയുടെ ഉപയോഗം കുറച്ചുകൊണ്ടുള്ള വാസ്തുവിദ്യ പ്രോത്സാഹിപ്പിക്കപ്പെടണം. അതിന് സഹായകരമായ രീതിയിൽ നയങ്ങളും എൻജിനിയറിങ്‌ വിദ്യാഭ്യാസവും മാറണം.

ഇനിയും സമുദ്രനിരപ്പുയരാം. മഴയും കൂടാം. ഉയർന്ന് വരുന്ന, ഒഴുകിവരുന്ന ജലത്തെ ഉൾക്കൊള്ളാൻ നമ്മുടെ തണ്ണീർത്തടങ്ങൾ നിലനിർത്തണം. ആഗോളതാപനം ഏറ്റവും കൂടുതൽ ആഘാതമേൽപ്പിക്കാൻ പോകുന്നത് തീരദേശത്തും മലമുകളിലുമായിരിക്കും. രണ്ടിടങ്ങളും പരിസ്ഥിതിലോലമാണ്. മലമുകളിൽ ഒരു നിശ്ചിത ഉയരം കഴിഞ്ഞാൽ മനുഷ്യവാസമില്ലാതിരിക്കുന്നതാണ് നല്ലത്. സമതല പ്രദേശങ്ങളിൽ പ്രകൃതിയെ മുറിവേൽപ്പിക്കാതെ ജീവിക്കുകയും ഭൂവിനിയോഗം ശാസ്ത്രീയമാക്കുകയും വേണം. കാട് കാടായും കായൽ കായലായും കുന്ന് കുന്നായും കടൽ കടലായും നിലനിൽക്കട്ടെ. നമ്മുടെ ഓരോ നദിയെയും സംരക്ഷിക്കാൻ വിശേഷാൽ പദ്ധതികൾ വേണം. ഏറെ ചർച്ച ചെയ്ത നീർത്തടാധിഷ്‌ഠിത വികസനം പ്രായോഗികമാക്കാൻ കഴിയണം. പാർശ്വവൽക്കരിക്കപ്പെടുന്നവരെ പരിഗണിക്കുകയും സാമൂഹ്യനീതി ഉറപ്പാക്കുകയും ചെയ്യുന്ന വികസനത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയാണ് മൗലികമായ കടമ.

(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിർവാഹക സമിതിയംഗമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top