കൊച്ചി
ഗോകുലം കേരള എഫ്‌സി കിരീടവഴിയിൽ മുന്നേറുന്നു. ഐ ലീഗ് ചാമ്പ്യൻമാരായതിനുപിന്നാലെ റിസർവ് ടീമുമായി കേരള പ്രീമിയർ ലീഗിലും ഗോകുലം കിരീടത്തിൽ മുത്തി. ഫൈനലിൽ കെഎസ്‌ഇബിയെ 2–-1നാണ് ഗോകുലം മറികടന്നത്. ആവേശകരമായ ഫൈനൽപോര് അധികസമയംവരെ നീണ്ടു. നിശ്‌ചിതസമയത്ത് ഇരുടീമുകളും 1–-1ന് സമനില പാലിച്ചു. അധികസമയത്ത് ഗണേശനാണ് ഗോകുലത്തിന്റെ വിജയഗോൾ കുറിച്ചത്. സീസണിൽ ഒരു മത്സരംപോലും ഗോകുലം തോറ്റിട്ടില്ല.
രണ്ടാംപകുതിയിൽ കെഎസ്‌ഇബിയാണ് ലീഡ് നേടിയത്. എം വിഘ്‌നേഷ് ഗോളടിച്ചു. കളി തീരാൻ 10 മിനിറ്റ് ശേഷിക്കെ ഗോകുലം തിരിച്ചടിച്ചു. പകരക്കാരനായെത്തിയ നിംഷാദ് റോഷനിലൂടെ ഗോകുലം ഗോൾ മടക്കുകയായിരുന്നു.
കെപിഎലിൽ രണ്ടാംകിരീടമാണ് ഗോകുലത്തിന്. 2018ൽ ആദ്യമായി ലീഗ് ചാമ്പ്യൻമാരായ ടീം കഴിഞ്ഞ സീസൺ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റിരുന്നു.
എട്ട് ഗോളുമായി ഗോകുലത്തിന്റെ സാലിയോ ഗ്വിണ്ടോയാണ് ലീഗിലെ ടോപ് സ്കോറർ. സെമിയിൽ കളിച്ച ടീമിനെ നിലനിർത്തിയായിരുന്നു ഗോകുലം കിരീടപ്പോരിനും ഇറങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..