തിരുവനന്തപുരം > കോവിഡ് പ്രതിരോധത്തിനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴയിലെ വ്യവസായ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് നടത്തുന്ന ഇടപെടലിന് സമാനതകളില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 42 ലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ കെഎസ്ഡിപി ഉല്‍പ്പാദിപ്പിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിനാണ് ഇതിന്റെ ഭൂരിഭാഗവും നല്‍കിയത്. സ്വകാര്യ കമ്പനികള്‍ ഈടാക്കുന്നതിന്റെ മൂന്നിലൊന്ന് വിലയ്ക്ക് കെഎസ്ഡിപി സാനിറ്റൈസര്‍ നല്‍കി.
കെഎസ്ഇബി, കെഎസ്ആര്‍ടിസി, സഹകരണ സ്ഥാപനങ്ങള്‍, ഹൈക്കോടതി, ബാങ്കുകള്‍, കണ്‌സ്യൂമര്‍ ഫെഡ്, സപ്ലൈകോ, സ്വകാര്യ ആശുപത്രികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും സാനിറ്റൈസര്‍ നല്‍കി. കെ എസ് ഡി പി ഔട്‌ലെറ്റ് വഴിയും സാനിറ്റൈസര്‍ വിതരണം ചെയ്തുവരുന്നു. സാനിറ്റൈസര്‍ ഉത്പാദനത്തിനു ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ലഭ്യമാക്കാനും ശ്രദ്ധിച്ചു. കൊവിഡ് ചികിത്സയ്ക്കായി ആവശ്യമുള്ള മരുന്നുകള്‍ ഉള്‍പ്പെടെ തയ്യാറാക്കുന്നതും സജീവമായി തുടരുകയാണ്. ടാബ്ലെറ്റ് (66.17 കോടി), കാപ്സ്യൂള്‍ (12.45 കോടി) ഒ ആര്‍ എസ് (13.40 ലക്ഷം പാക്കറ്റ്), ഡ്രൈ സിറപ്പ് (5.7 ലക്ഷം ബോട്ടില്‍), ഇഞ്ചക്ഷന്‍ ( 34.50 ലക്ഷം വയല്‍സ്), ലിക്വിഡ്സ് (25.63 ലക്ഷം ലിറ്റര്‍) എന്നിങ്ങനെ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ചു.
കേരളത്തിലെ ഏക പൊതുമേഖലാ മരുന്ന് നിര്‍മ്മാണ കമ്പനിയാണ് കെഎസ്ഡിപി. ഒരു കാലത്ത് പാരസെറ്റമോള്‍ കമ്പനി എന്ന് തമാശരൂപേണ വിളിച്ചിരുന്ന സ്ഥാപനം ഇന്ന് കാന്‍സര്‍ മരുന്ന് ഉള്‍പ്പെടെ നിര്‍മ്മിക്കാന്‍ സജ്ജമാണ്. 5 വര്‍ഷം മുന്പ് നഷ്ടത്തിലായിരുന്ന സ്ഥാപനം കഴിഞ്ഞ സാമ്പത്തികവര്‍ഷം 15 കോടി രൂപ ലാഭം ഉണ്ടാക്കി. 140 കോടിയെന്ന റെക്കോഡ് വിറ്റുവരവും കൈവരിച്ചു. സ്വകാര്യ കമ്പനികള്‍ അന്യായ വില ഈടാക്കുന്ന മരുന്നുകള്‍ സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാന്‍ കെ എസ് ഡി പി സഹായിക്കുന്നു. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആണ് കെ എസ് ഡി പിയുടെ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടാനിരുന്ന സ്ഥാപനമാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്.
ലോകാരോഗ്യ സംഘടന (W.H.O)നിഷ്‌ക്കര്ഷിച്ച ഫോര്‍മുല അടിസ്ഥാനപ്പെടുത്തി സാനിറ്റൈസര്‍ ഉല്പാദനം 2020 മാര്ച്ച്13 മുതല്‍ ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പ് വഴി 11.09 കോടി രൂപയുടെ മരുന്നിനുള്ള ഓര്‍ഡര്‍ ലഭിച്ചിരുന്നു. ഈ മരുന്നുകള്‍ സമയബന്ധിതമായി നല്‍കി. മെഡിക്കല്‍ ഡിവൈസ് നിര്മ്മാണം തുടങ്ങുവാനായി ശ്രീ ചിത്ര ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. പിപിഇ കിറ്റ്, മാസ്‌ക്, ഗ്ലൗസ് എന്നിവ കെ.എസ്.ഡി.പി വഴി പഞ്ചായത്തുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്തുവരുന്നുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..