23 April Friday

വാക്‌സിന്‍ ചലഞ്ച്‌: ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്‌ 22ലക്ഷം രൂപ; ഇതാണ് കേരളത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Apr 22, 2021

തിരുവനന്തപുരം > കോവിഡ് വാക്‌സിന്‍ എടുത്തവര്‍ വ്യാഴാഴ്ച്ച വൈകുന്നേരം നാലുമണിവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 22 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഐക്യത്തെയാണ് ഇത് കാണിക്കുന്നതെന്നും മുന്‍പും ഇത് കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

''ഇതാണ് നമ്മുടെ നാടിന്റെ ഒരു പ്രത്യേകത. കേരളത്തിന്റെ കൂട്ടായ്മയുടെ ഒരു ശക്തി നമ്മള്‍ ഇതിനു മുന്‍പും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഈ ഒരു ഘട്ടത്തില്‍ സ്വാഭാവികമായി ഇത്തരം ഒരു നടപടിക്ക് തയ്യാറായി പലരും മുന്നോട്ടുവരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് തന്നെ ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്. സൗജന്യമായി എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അപ്പോള്‍ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്ന ആഗ്രഹം ജനങ്ങള്‍ക്ക് സ്വാഭാവികമായും ഉണ്ടാവും. ഈ കാര്യത്തിലും അവരത് ചെയ്യുകയാണ്.'-മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്കുള്ള കോവിഡ് വാക്സിന്റെ തുക കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍  വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാന്‍ സോഷ്യല്‍മീഡിയയില്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. വാക്സിന്‍ നല്‍കുന്നതില്‍ കേന്ദ്രത്തിന്റെ നയത്തില്‍ പ്രതിഷേധമായാണ് കാമ്പയ്ന്‍ നടക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കില്ല എന്ന കേന്ദ്ര നിലപാടിലും, കേരളത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് #VaccineChallenge എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ സജീവമായിരിക്കുന്നത്. വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തങ്ങളാല്‍ കഴിയുന്ന തുക നിക്ഷേപിക്കുകയും അതിന്റെ രസീത് പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തില്‍ പങ്കാളികളികളാകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top