22 April Thursday
കേന്ദ്രസഹമന്ത്രിയുടെ നിലവാരത്തിലല്ല മുരളീധരന്റെ 
പെരുമാറ്റമെന്ന്‌ മുതിർന്ന നേതാക്കൾ

അധിക്ഷേപം ചൊരിയൽ: 
ഒറ്റപ്പെട്ട്‌ വി മുരളീധരൻ

ദിനേശ്‌‌വർമUpdated: Wednesday Apr 21, 2021


തിരുവനന്തപുരം
മുഖ്യമന്ത്രിയെ ആക്ഷേപിച്ചും കേരളത്തിന്റെ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളെ അപഹസിച്ചും നടക്കുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ നിലപാടിനെ പിന്തുണയ്‌ക്കാതെ ബിജെപി നേതാക്കൾ. നിവൃത്തികേടുകൊണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഒരു തവണ ന്യായീകരിച്ചു. ബിജെപിയിലെ മുതിർന്ന നേതാക്കളോ അഭ്യുദയകാംക്ഷികളോ മുരളീധരനെ പിന്തുണയ്‌ക്കാനെത്തിയില്ല. മന്ത്രിസ്ഥാനം സ്വന്തം താൽപ്പര്യങ്ങൾക്കും അപഥസഞ്ചാരത്തിനായും ദുരുപയോഗിക്കുന്നുവെന്ന ആരോപണത്തോട്‌ മുരളീധരനും ഇതുവരെ പ്രതികരിച്ചിട്ടില്ല. മുരളീധരനെതിരെ ഉയരുന്ന പരാതികൾ ഗൗരവമായി എടുത്തിരിക്കുകയാണ്‌ എതിർപക്ഷം.

വാക്സിൻ വിതരണത്തിൽ കേന്ദ്രസർക്കാരും യഥാർഥ കോവിഡ്‌ മരണനിരക്ക്‌ പുറത്തുവിടുന്നതിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും പരാജയപ്പെട്ടു. ഈ വസ്തുതകളെ മറച്ചുവയ്‌ക്കാനാണ്‌ അധിക്ഷേപങ്ങളിലൂടെ മുരളീധരന്റെ ശ്രമം.
കേന്ദ്രസഹമന്ത്രിയുടെ നിലവാരത്തിലല്ല മുരളീധരന്റെ പെരുമാറ്റമെന്നാണ്‌ ബിജെപിയിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം. മറ്റുള്ളവരെ ഇല്ലാക്കഥ പറഞ്ഞ്‌ ആക്ഷേപിക്കുമ്പോൾ സ്വന്തം ചരിത്രവും ഓർക്കണം. പാർടിയുടെ സമുന്നത നേതാവായിരുന്ന വാജ്‌പേയിയുടെ കോലം കത്തിച്ച സംഭവം മുരളീധരൻ മറന്നാലും ചരിത്രത്തിലുണ്ടെന്ന്‌ മുതിർന്ന നേതാക്കൾ ഓർമിപ്പിക്കുന്നു.

മെഡിക്കൽ കോഴയടക്കം പല അഴിമതികളുമുയർന്ന കാലത്തേക്കാളും മോശം അവസ്ഥയാണ്‌ മുരളീധരൻ കേരളത്തിൽ ബിജെപിക്കുണ്ടാക്കിയിരിക്കുന്നതെന്ന്‌ ചില നേതാക്കൾ കേന്ദ്ര നേതൃത്വത്തിന്‌ പരാതി നൽകി. വിദേശകാര്യ സഹമന്ത്രിയാണെന്ന്‌ പറയുന്നുണ്ടെങ്കിലും കാര്യമായ ജോലിയൊന്നുമില്ലാത്തതാണ്‌ പ്രശ്നം. ആകെ നൽകിയത്‌ ഗൾഫിലെ ഇന്ത്യക്കാരുടെ ചുമതല മാത്രമാണ്‌. അവിടെ ബഹുഭൂരിപക്ഷവും മലയാളികളാണ്‌. ഇവർക്ക്‌ അത്യാവശ്യഘട്ടത്തിൽ സഹായമെത്തിക്കാൻ കഴിഞ്ഞുമില്ല. അതുകൊണ്ട്‌ അങ്ങോട്ടും ശ്രദ്ധിച്ചിട്ട്‌ കാര്യമില്ല.

കേരളത്തിൽ‌ മുഖ്യമന്ത്രിയെ ആക്ഷേപിച്ചാൽ വലിയ വാർത്താപ്രാധാന്യം കിട്ടുന്നു. ഈ നില അധികകാലം തുടരാനാവില്ലെന്നും മെയ്‌ രണ്ടോടെ തീരുമാനമാകുമെന്നും മുരളീധരൻ–-സുരേന്ദ്രൻ വിരുദ്ധ പക്ഷം ഉറച്ചു വിശ്വസിക്കുന്നു. കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചാണ്‌ മുരളീധരൻ വിലസുന്നതെന്നാണ്‌ ഇവരുടെ നിലപാട്‌. അത്‌ മെയ്‌ രണ്ടോടെ പൊളിയും. എന്നാൽ, കേന്ദ്രത്തിൽ തങ്ങൾക്ക്‌ വേണ്ടുവോളം സ്വാധീനമുള്ളതിനാൽ അസൂയാലുക്കളുടെ പ്രചാരണം വകവയ്‌ക്കേണ്ടതില്ലെന്നാണ്‌ മുരളീധരൻ വിഭാഗത്തിന്റെ നിലപാട്‌.‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top