21 April Wednesday
വൈഗയുടെ കൊലപാതകം

സത്യം ഇനിയും ഒളിവിലോ; 
സംശയിച്ച്‌ നാട്ടുകാരും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 21, 2021

സനുമോഹനെ കങ്ങരപ്പടിയിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് കെെക്കുഞ്ഞുമായി കണ്ടുനിൽക്കുന്ന ഫ്ലാറ്റ് നിവാസി ഫോട്ടോ: മനു വിശ്വനാഥ്


കൊച്ചി
സാമ്പത്തിക ബാധ്യതമൂലം പതിമൂന്നുവയസ്സുള്ള മകളെ ശ്വാസംമുട്ടിച്ച്‌ പുഴയിലെറിഞ്ഞ്‌ കൊന്നുവെന്ന പ്രതി സനു മോഹന്റെ വെളിപ്പെടുത്തലിൽ വിശ്വാസം വരാതെ നാട്ടുകാർ. ചൊവ്വാഴ്‌ച കങ്ങരപ്പടിയിലെ ഫ്ലാറ്റിലും മുട്ടാർ കടവിലും പ്രതിയുമായി നടത്തിയ തെളിവെടുപ്പിന്‌ സാക്ഷിയായ നാട്ടുകാർക്കിടയിലെ പ്രധാന ചർച്ചയും ഇതായിരുന്നു. പ്രതിയിൽനിന്ന്‌ ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാഥമിക നിഗമനമായാണ്‌ ഇക്കാര്യം കഴിഞ്ഞ ദിവസം പൊലീസ്‌ മാധ്യമങ്ങളെ അറിയിച്ചത്‌. കൊലപാതകത്തിലേക്ക്‌ നയിച്ച യഥാർഥകാരണങ്ങൾ സംബന്ധിച്ച്‌ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ ചോദ്യംചെയ്യലിലൂടെ വ്യക്തമാകുമെന്നും കമീഷണർ സി എച്ച്‌ നാഗരാജു പറഞ്ഞിരുന്നു.

വൈഗയെ കൊന്നത്‌ പിതാവ്‌ സനു മോഹൻ ആണെന്നും മറ്റാർക്കും കൃത്യത്തിൽ പങ്കില്ലെന്നും മാത്രമാണ്‌ ഇപ്പോൾ ഉറപ്പിച്ചു പറയാവുന്നതെന്നാണ്‌ കമീഷണർ പറഞ്ഞത്‌. സനു മോഹൻ കാർവാറിൽനിന്ന്‌ പിടിയിലായശേഷം പ്രാഥമിക ചോദ്യംചെയ്യലിന്‌ പിന്നാലെയായിരുന്നു കമീഷണറുടെ വാർത്താസമ്മേളനം. സനു മോഹന്‌ വലിയ സാമ്പത്തിക ബാധ്യതയുണ്ട്‌. അതിൽനിന്ന്‌ രക്ഷപ്പെടാൻ മകളെ കൊന്ന്‌ ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഭാര്യയെ അവരുടെ ബന്ധുക്കൾ സംരക്ഷിക്കും. അതുകൊണ്ടാണ്‌ കൊലപാതകത്തിനുമുമ്പ്‌ ഭാര്യയെ അവരുടെ വീട്ടിലാക്കിയത്‌. മകളെ ആരെങ്കിലും സംരക്ഷിക്കുമെന്ന്‌ ഉറപ്പില്ല. അതിനാൽ കൊല്ലാൻ തീരുമാനിച്ചു –-ഇതാണ്‌ പ്രതി പ്രാഥമിക ചോദ്യംചെയ്യലിൽ പറഞ്ഞത്‌. അതൊന്നും പൊലീസ്‌ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും ചോദ്യംചെയ്യലും തെളിവെടുപ്പും കഴിയുമ്പോൾ കാര്യങ്ങൾ വ്യക്തമാകുമെന്നും കമീഷണർ  പറഞ്ഞിരുന്നു.

സനുമോഹൻ മൊബെെൽ ഫോൺ വലിച്ചെറിഞ്ഞതായി പറഞ്ഞ സ്ഥലത്ത്  പൊലീസ് തെരച്ചിൽ നടത്തുന്നു

സനുമോഹൻ മൊബെെൽ ഫോൺ വലിച്ചെറിഞ്ഞതായി പറഞ്ഞ സ്ഥലത്ത് പൊലീസ് തെരച്ചിൽ നടത്തുന്നു


 

പൊലീസ്‌ പ്രകടിപ്പിച്ച അതേ വിശ്വാസമില്ലായ്‌മ തന്നെയാണ്‌ സനു മോഹന്റെ വെളിപ്പെടുത്തലിനോട്‌ നാട്ടുകാരും പ്രകടിപ്പിക്കുന്നത്‌. സനു മോഹന്‌ സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ അയാളുടെ അഭാവത്തിൽ അതിന്റെ ഉത്തരവാദിത്തമേൽക്കേണ്ടത്‌ ഭാര്യയാണ്‌. ഭാര്യയെ ബന്ധുക്കളെ ഏൽപ്പിച്ച്‌  സുരക്ഷിതയാക്കി എന്നാണ്‌ സനു മോഹൻ അവകാശപ്പെടുന്നത്‌. താനില്ലാത്ത അവസ്ഥയിൽ മകൾ സുരക്ഷിതയല്ലെന്ന പ്രതിയുടെ വെളിപ്പെടുത്തൽ ദുരൂഹമാണ്‌. സനു മോഹന്‌ അയാളുടെ ബന്ധുക്കളുമായി അടുപ്പമില്ലെങ്കിലും ഭാര്യ രമ്യക്ക്‌ അവരുടെ ബന്ധുക്കളുമായി നല്ല ബന്ധമാണുള്ളത്‌. അപ്പോൾപ്പിന്നെ മകൾ സുരക്ഷിതയല്ലെന്ന്‌ പറഞ്ഞതിന്‌ പിന്നിലെന്താണെന്ന ചോദ്യമുയരുന്നു.

സനു മോഹന്റെ ഭാര്യയെ മൂന്നുവട്ടം ചോദ്യംചെയ്‌തിരുന്നുവെന്നാണ്‌ അന്വേഷണസംഘത്തലവനായ എസിപി ആർ ശ്രീകുമാർ പറഞ്ഞത്‌. അവർക്കിടയിൽ പ്രശ്‌നമൊന്നുമില്ല. എന്നാൽ എല്ലാക്കാര്യങ്ങളും സനു മോഹൻ ഭാര്യയുമായി പങ്കിട്ടിരുന്നില്ല. അയാളുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ചൊന്നും ഭാര്യക്ക്‌ അറിയില്ലെന്നും പൊലീസ്‌ പറയുന്നു.

കുഞ്ഞുവൈഗയെ തള്ളിയത്‌ 
ഈ മരണച്ചുഴിയിൽ
മുട്ടാർ കടവ്‌ സ്ലൂയിസ്‌ കം ബ്രിഡ്‌ജിന്റെ ഉയർത്തിവച്ച ഷട്ടറിനടിയിലൂടെ വെള്ളം കുത്തിയൊഴുകുന്ന പെരിയാറിലെ ഈ മരണച്ചുഴിയിലാണ്‌ കുഞ്ഞുവൈഗ അവസാനശ്വാസത്തിനായി പിടഞ്ഞത്‌. മൂക്കും വായും പൊത്തി ശ്വാസംമുട്ടിച്ചപ്പോൾ അബോധാവസ്ഥയിലായ വൈഗ മരിച്ചെന്നു കരുതി അച്ഛൻ സനു മോഹൻ അവളെ ഇവിടെയാണ്‌ കൊണ്ടുവന്നുതള്ളിയത്‌. അവസാനശ്വാസത്തിനായി കൈകാലിട്ടടിച്ചപ്പോൾ കുത്തിയൊഴുകുന്ന വെള്ളത്തിനുമുകളിലേക്ക്‌ ഉയർന്നുപൊന്താൻ അവൾ ശ്രമിച്ചിട്ടുണ്ടാകുമോ. നീന്തലറിയാമായിരുന്നിട്ടും മരണച്ചുഴിയിൽപ്പെട്ട്‌ കുഞ്ഞുകൈകാലുകൾ തളർന്ന്‌ പുഴയുടെ ആഴത്തിലേക്ക്‌ താഴ്‌ന്നുപോകുകയായിരുന്നിരിക്കണം.


 

ചൊവ്വാഴ്‌ച പകലാണ്‌ സനു മോഹനെ പൊലീസ്‌ ഇവിടെ തെളിവെടുപ്പിനായി കൊണ്ടുവന്നത്‌. സന്ധ്യതിരിഞ്ഞാൽ ആളനക്കമില്ലാത്ത പ്രദേശത്ത്‌ രാത്രിയുടെ മറവിൽ ചെയ്‌ത കൊടുംകൃത്യത്തെക്കുറിച്ച്‌ ഭാവഭേദമില്ലാതെയാണ്‌ സനു മോഹൻ പൊലീസിനോട്‌ വിവരിച്ചത്‌. മുട്ടാർ പാലം കടന്ന്‌ മഞ്ഞുമ്മൽവഴിയാണ്‌ വൈഗയെ ജീവനോടെ എറിഞ്ഞ കളമശേരി ഗ്ലാസ്‌ഫാക്ടറി കടവിലെ മുട്ടാർ കടവ്‌ സ്ലൂയിസ്‌ കം ബ്രിഡ്‌ജിലേക്ക്‌ എത്തിയത്‌. പ്രതി സനു മോഹൻ അന്ന്‌ തെരഞ്ഞെടുത്ത വഴിയും ഇതുതന്നെയായിരുന്നു. പ്രതിയെ തെളിവെടുപ്പിന്‌ കൊണ്ടുവരുമ്പോൾ പാലത്തിനടിയിൽ തുറന്നിട്ട മൂന്ന്‌ ഷട്ടറുകളിലൂടെ വെള്ളം കുത്തിയൊഴുകുന്നുണ്ടായിരുന്നു. മാർച്ച്‌ 21ന്‌ രാത്രി  വൈഗയുമായി ഇവിടെ എത്തുമ്പോൾ പടിഞ്ഞാറെ അറ്റത്തെ ഒരു ഷട്ടർമാത്രമാണ്‌ തുറന്നിരുന്നത്‌. അതുകൊണ്ടുതന്നെ വെള്ളം അതിശക്തമായി കുത്തിയൊഴുകിയിരുന്നു. മഞ്ഞുമ്മൽ ഭാഗത്തുനിന്ന്‌ പാലം കടന്ന്‌ കിഴക്കോട്ടുള്ള വഴിയിലൂടെ വാഹനമിറക്കി ഗ്ലാസ്‌ കമ്പനി കടവിലെത്തി. ഇവിടെ രാത്രി തീരെ ആൾസഞ്ചാരമുണ്ടാകാറില്ല. അതുകൊണ്ടുതന്നെയാകണം പ്രതി കൃത്യനിർവഹണത്തിന്‌ ഇവിടം തെരഞ്ഞെടുത്തതും. പാലത്തിൽനിന്ന്‌ 50 മീറ്ററോളം തെക്കുമാറി വലിയൊരു തണൽമരം നിൽക്കുന്നതിനുകീഴെ പുഴയിലേക്കാണ്‌ വൈഗയെ എറിഞ്ഞത്‌. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ പുതപ്പിൽ പൊതിഞ്ഞിരുന്നു. പൊലീസ്‌ വാഹനത്തിൽനിന്ന്‌ ഇറങ്ങി കടവിലെത്തിയ സനു മോഹൻ, അന്ന്‌ ചെയ്‌തതെല്ലാം അന്വേഷണസംഘത്തോട്‌ വിവരിച്ചു. വിലങ്ങിട്ട കൈകൾകൊണ്ട്‌ ആംഗ്യവും കാണിക്കുന്നുണ്ടായിരുന്നു. കൊടുംക്രൂരത ചെയ്‌തതിന്റെ ഓർമയിൽ മുഖത്ത്‌ ഭാവഭേദമൊന്നുമുണ്ടായില്ല. മിനിറ്റുകൾക്കകം എല്ലാം വിവരിച്ച്‌ പൊലീസിനൊപ്പം തിരിച്ച്‌ വാഹനത്തിൽ കയറി.

മാർച്ച്‌ 22ന്‌ ഉച്ചയോടെയാണ്‌ വൈഗയുടെ മൃതദേഹം കടവിൽ മറ്റൊരിടത്ത്‌ പൊങ്ങിയത്‌. വൈഗയെ പുഴയിൽ എറിഞ്ഞ ഭാഗത്തുനിന്ന്‌ ഏതാനും മീറ്ററുകൾ വടക്കോട്ടു‌ മാറിയാണ്‌ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്‌. കൈകാലുകൾ മടക്കി കമിഴ്‌ന്നനിലയിൽ. കാലിൽ പാദസ്വരംപോലെ ചരട്‌ ബന്ധിച്ചിരുന്നു. മുടി പിന്നിൽ കെട്ടിയ നിലയിലും. സ്ലൂയിസ്‌ കം ബ്രിഡ്‌ജിന്റെ ഒരു ഷട്ടറിലൂടെ വരുന്ന വെള്ളം കുത്തിയൊഴുകി തെക്കുഭാഗത്ത്‌ ചുഴി രൂപപ്പെടും. ഒരു ഷട്ടർമാത്രം തുറന്നനിലയിൽ ചുഴിയുടെ ആക്കംകൂടുമെന്ന്‌ നാട്ടുകാർ പറഞ്ഞു. അതുകൊണ്ടാണ്‌ വെള്ളത്തിന്‌ തെക്കോട്ട്‌ നല്ല ഒഴുക്കുണ്ടെങ്കിലും മൃതദേഹം മറ്റെവിടേക്കും പോകാതെ അവിടെത്തന്നെ പൊങ്ങിയത്‌. കുത്തൊഴുക്കിൽ മൃതദേഹം മറ്റെവിടേക്കെങ്കിലും പോകുമെന്ന്‌ ഇവിടം തെരഞ്ഞെടുക്കുമ്പോൾ സനു മോഹൻ കണക്കുകൂട്ടിയിരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top