കൊല്‍ക്കത്ത
പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സിപിഐ എം പ്രവര്‍ത്തകനെ തൃണമൂല്‍ അക്രമികള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുർഷിദാബാദ് ജില്ലയിലെ ഹരിഹർപാറയിലെ അബുൾകാസിം അലിയാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറണമെന്ന ഭീഷണി വിലപ്പോകാത്തതിനെ തുടര്‍ന്നാണ് പതിയിരുന്ന് ആക്രമിച്ചത്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംയുക്ത മോർച്ച സ്ഥാനാർഥി മീർ അലംഗീർ പാലാസിന്റെ നേതൃത്വത്തില്‍ പ്രവർത്തകർ റോഡ് ഉപരോധിച്ചു, പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംഭവത്തില്‍ ഇതുവരെ ഏഴ് തൃണമൂലുകാര്‍ പിടിയിലായി.
തെരഞ്ഞെടുപ്പ് പ്രഖാപിച്ചശേഷം ബംഗാളില്‍ തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നാല് സിപിഐ എം പ്രവർത്തകർ. ആറു മാസത്തിനിടെ ഹരിഹർപാറയില്‍മാത്രം മൂന്ന് സിപിഐ എം പ്രവർത്തകര്‍ കൊല്ലപ്പെട്ടു.
കൊലപാതകം
നിത്യസംഭവമായി
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളില്‍ കൊലപാതകം നിത്യസംഭവമായി. തൃണമൂലുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പൂർവ ബർദ്വമാൻ ജില്ലയിലും നാദിയയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. മാൾദയില്‍ ബിജെപി സ്ഥാനാർഥി ഗോപാല്‍ ചന്ദ്ര ഷാഹയ്ക്ക് തൃണമൂല്‍ അക്രമത്തില്‍ സാരമായി പരിക്കേറ്റു.
കോവിഡ് വ്യാപനത്തെ തുടർന്ന് തൃണമൂലും ബിജെപിയും വലിയ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ നിർബന്ധിതരായി. മമതയുടെയും പ്രധാനമന്ത്രി മോഡിയുടെയും നിരവധി സമ്മേളനങ്ങള്‍ വേണ്ടെന്നുവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..