ന്യൂഡൽഹി> ഇപ്പോഴത്തെ കോവിഡ് അടിയന്തരസ്ഥിതി നേരിടാന്‍ സാർവത്രിക ബൃഹത് വാക്‌സിനേഷൻ പരിപാടിയാണ് വേണ്ടതെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം അവർ സൃഷ്ടിച്ച ഗുരുതര ആരോഗ്യസാഹചര്യത്തിൽനിന്ന് സ്വയം ഒഴിഞ്ഞുമാറുന്നതാണ്. എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് ശ്രമം.
വാക്‌സിൻ വിതരണം വർധിപ്പിക്കാതെ വിൽപ്പന ഉദാരമാക്കുന്നതും വിലനിയന്ത്രണം എടുത്തുകളയുന്നതുമാണ് പുതിയ നയം. പര്യാപ്‌തമായ അളവിൽ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഒരു വർഷത്തിനിടെ കേന്ദ്രം നടപടിയെടുത്തില്ല.പുതിയ വാക്‌സിൻ നയം കോടിക്കണക്കിന് ആളുകൾക്ക് ഉയർന്ന വില കാരണം വാക്‌സിൻ വാങ്ങാനാകാത്ത സാഹചര്യമുണ്ടാക്കും.
ഇതുവരെ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കി. ഇനിമുതൽ പൊതുവിപണിയിൽനിന്ന് സംസ്ഥാനങ്ങൾ പണംകൊടുത്ത് വാങ്ങണം. വാക്‌സിന്‍ വിലയില്‍ നിയന്ത്രണമില്ല. വാക്‌സിൻ നിർമാതാക്കൾക്ക് ഇഷ്ടമുള്ള വില ഈടാക്കാം. ഇതോടെ വലിയവിഭാഗം ജനത വാക്സിന്‍ പ്രക്രിയക്ക് പുറത്താകും. കരിഞ്ചന്തയ്‌ക്കും പൂഴ്‌ത്തിവയ്‌പിനും വഴിവയ്‌ക്കും.
വാക്‌സിന്‍ വാങ്ങാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകണം. ബൃഹത്തായ വാക്സിന്‍യജ്ഞം എപ്പോഴും സൗജന്യവും സാർവത്രികവുമാകണം. സ്വതന്ത്ര ഇന്ത്യയുടെ പാരമ്പര്യവും അനുഭവവും അതാണ്. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നതും വിവേചനപരവും തുല്യാവസരം നിഷേധിക്കുന്നതുമായ വാക്സിന്‍നയത്തെ നിശിതമായി അപലപിക്കുന്നു.
ആരോഗ്യ അടിയന്തര സാഹചര്യത്തിന് പരിഹാരം കാണാന്‍ ഈ നയം സഹായകമല്ല. മഹാമാരിയുടെ വ്യാപനത്തിന് വഴിവയ്ക്കുകയും ചെയ്യും–- പിബി പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..