21 April Wednesday

കൊച്ചി തുറമുഖത്തുനിന്ന്‌ 
14.7 കിലോ സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 21, 2021


കൊച്ചി
കൊച്ചി തുറമുഖത്തുനിന്ന്‌ ഏഴരക്കോടിയോളം രൂപയുടെ സ്വർണം ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജൻസ്‌ (ഡിആർഐ) പിടിച്ചെടുത്തു. ബിസ്‌കറ്റ്‌ രൂപത്തിലാക്കിയ 14.7 കിലോ സ്വർണമാണ്‌ കണ്ടെടുത്തത്‌‌.  മലപ്പുറം സ്വദേശിയെ കസ്‌റ്റഡിയിലെടുത്തു.

ചൊവ്വാഴ്‌ച കൊച്ചി വാർഫിൽ നടത്തിയ പരിശോധനയിലാണ്‌  റഫ്രിജറേറ്ററിനുള്ളിൽ ഒളിപ്പിച്ച 120 സ്വർണ ബിസ്‌കറ്റുകൾ കണ്ടെത്തിയത്‌. സ്വർണം കണ്ടെത്തിയതിനുപിന്നാലെ മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൽ ഡിആർഐ പരിശോധന നടത്തി. കാർഗോ ഒരാഴ്‌ചമുമ്പ്‌ തുറമുഖത്ത്‌ എത്തിയെന്നാണ്‌ സൂചന. ഇത്‌ വാങ്ങാനെത്തിയ മലപ്പുറം സ്വദേശിയാണ്‌ പിടിയിലായത്‌.

ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്‌. സ്വർണം കടത്താൻ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കുമെന്നും കേസിൽ കൂടുതൽ അറസ്‌റ്റ്‌ ഉണ്ടാകുമെന്നും ഡിആർഐ വ്യക്തമാക്കി. പിടിയിലായയാളെ ബുധനാഴ്‌ച എറണാകുളം എസിജെഎം (സാമ്പത്തിക കുറ്റകൃത്യങ്ങൾ) കോടതിയിൽ ഹാജരാക്കും. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെ തുറമുഖംവഴി സ്വർണം കടത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top