ന്യൂഡൽഹി
കോവിഡ് വാക്‌സിൻ ഉൽപ്പാദകരായ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ വിൽക്കുന്നത് ഇപ്പോൾ തന്നെ കേന്ദ്രത്തിന് നൽകുന്നതിന്റെ ഒന്നര ഇരട്ടിയിലേറെ വിലയ്‌ക്ക്. ഡോസ് കോവിഷീൽഡിന് കേന്ദ്രം നല്‍കേണ്ടത് 150 രൂപ, സംസ്ഥാനം നല്‍കേണ്ടത് 400 രൂപ. സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 600 രൂപയും. വിപണി മത്സരം കടുത്താൽ ഇനിയും കൂടും.
ഉൽപ്പാദിപ്പിക്കുന്ന വാക്സിന്റെ പകുതി പൊതുവിപണിയിൽ സ്വന്തമായി വില നിശ്ചയിച്ച് വില്‍ക്കാന്‍ കമ്പനികള്‍ക്ക് കേന്ദ്രം കഴിഞ്ഞദിവസം അനുമതി നല്‍കിയതോടെയാണിത്. ഇതിനുപിന്നാലെയാണ് വാക്സിന്‍ വില സിറം ഇൻസ്‌റ്റിറ്റ്യൂട്ട് കുത്തനെ ഉയർത്തിയത്. കേന്ദ്രം ആവശ്യത്തിന് വാക്‌സിൻ നൽകാത്തതിനാല്‍ ഉയർന്ന വിലയ്‌ക്ക് വാങ്ങാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാകും. ഉയർന്ന വില ലഭിക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികൾക്ക് വാക്സിന്‍ കൈമാറാനാകും കമ്പനികള്‍ക്ക് താല്‍പ്പര്യം. ഇതോടെ ദരിദ്ര വിഭാഗത്തിന് വാക്സിന്‍ അന്യമാകും.
വിദേശവാക്‌സിനുകളുമായി താരതമ്യംചെയ്താല്‍ വില കുറവാണെന്നാണ് സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ വാദം. ഇന്ത്യയിലെ രണ്ടാമത്തെ വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക് വാക്‌സിന്‍ വില നിശ്ചയിച്ചിട്ടില്ല. 18 വയസ്സ് കഴിഞ്ഞവര്‍ക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മഹാരാഷ്ട്ര, ഛത്തിസ്‌ഗഢ്, അസം, യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..