തിരുവനന്തപുരം
ഗ്രൂപ്പുവഴക്കിൽ പ്രതിഷേധിച്ച് പാർടി വിട്ട ചെറിയാൻ ഫിലിപ്പിനെ പാർടി പത്രം വീക്ഷണം തിരിച്ചുവിളിച്ചതിന്റെ പേരിലും കോൺഗ്രസിൽ തർക്കം. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഇക്കാര്യത്തിൽ രണ്ടു തട്ടിൽനിന്നാണ് പ്രതികരിച്ചത്.
പാർടി നേതൃത്വത്തോട് ആലോചിക്കാതെ ഇക്കാര്യത്തിൽ മുഖപ്രസംഗമെഴുതിയതിന് പത്രത്തിന്റെ ചുമതലയുള്ള കെപിസിസി സെക്രട്ടറി ജയ്സൺ ജോസഫിനോട് മുല്ലപ്പള്ളി വിശദീകരണം തേടി; അതൃപ്തിയും അറിയിച്ചു. മുല്ലപ്പള്ളി ക്ഷുഭിതനായെങ്കിലും മറ്റു ചില നേതാക്കൾ വീക്ഷണം നിലപാടിന്റെ കൂടെയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാകട്ടെ തീരുമാനം ചെറിയാൻ ഫിലിപ്പിന് വിട്ട് തടിതപ്പി. കോൺഗ്രസ് വിടുന്നവർക്ക് ചെറിയാൻ പാഠമാണെന്ന് പറഞ്ഞ ചെന്നിത്തല മുല്ലപ്പള്ളി ചെയ്തതുപോലെ ആരേയും സ്വാഗതം ചെയ്യാൻ തയ്യാറായില്ല. അപരാധങ്ങൾ ഏറ്റുപറഞ്ഞ് തെറ്റുകൾ തിരുത്തിയുമൊക്കെ വേണമെങ്കിൽ തിരികെ വരാമെന്നായിരുന്നു മുഖപ്രസംഗം. എന്നാൽ, ചൊവ്വാഴ്‌ച ചെറിയാൻ ഫിലിപ്പ് വീക്ഷണത്തിന് മറുപടി നൽകി നിലപാട് വ്യക്തമാക്കി.
രാഷ്ട്രീയ ഭിക്ഷാംദേഹിയല്ല: ചെറിയാൻ ഫിലിപ്പ്
രാഷ്ട്രീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ലെന്ന് ചെറിയാൻ ഫിലിപ്പ്. ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിച്ചിട്ടില്ല. 20 വർഷം രാഷ്‌ട്രീയ അഭയംതന്ന പിണറായി വിജയനെ തള്ളിപ്പറയില്ലെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. തെറ്റ് തിരുത്തി, സമസ്താപരാധം പറഞ്ഞാൽ തിരിച്ചുവരാമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം കഴിഞ്ഞ ദിവസം എഴുതിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ചെറിയാന്റെ കുറിപ്പ്. വീക്ഷണത്തിൽ രാഷ്‌ട്രീയ ലേഖകനായിരുന്നു.
‘രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും 20 വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല. എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഇക്കാര്യം ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും വർഷങ്ങൾക്കുമുമ്പ് നേരിൽ അറിയിച്ചിട്ടുണ്ട്.
തന്റെ ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാൽ മരണംവരെ കേരളത്തിലെ പൊതുസമൂഹത്തിൽ തലയുയർത്തി നിൽക്കും’–- കുറിപ്പിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..