21 April Wednesday

നേരിടാൻ കേരളം സജ്ജം: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021


തിരുവനന്തപുരം
കോവിഡിന്റെ രണ്ടാംവരവിനെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ. ആശുപത്രി സൗകര്യം ഒരുക്കൽ, വാക്‌സിൻ നൽകൽ, ഐസിയുവിന്റെ എണ്ണം വർധിപ്പിക്കൽ, ഓക്‌സിജൻ ലഭ്യത ഉറപ്പാക്കൽ എന്നിവയിൽ ആരോഗ്യവകുപ്പ് നടപടി ‌ സ്വീകരിക്കുന്നുവെന്ന്‌ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഓക്‌സിജൻ ഉൽപ്പാദനവും വിതരണവും മികച്ച രീതിയിൽ നടപ്പാക്കാനുള്ള സംവിധാനം സജ്ജമാക്കി. 2020 ഏപ്രിൽ ആദ്യം കേരളത്തിൽ ഉണ്ടായിരുന്ന പ്രതിദിന ഓക്‌സിജൻ സ്‌റ്റോക്ക് 99.39  ടണ്ണും ഉൽപ്പാദനം 50 ലിറ്റർ പെർ മിനിറ്റും ആയിരുന്നു. ഈ മാസം ആദ്യം കേരളത്തിലെ പ്രതിദിന സ്‌റ്റോക്ക്‌ 219  ടണ്ണും ഉൽപ്പാദനം 1250 ലിറ്റർ പെർ മിനിറ്റും ആയി. 15ലെ കേരളത്തിലെ പ്രതിദിന ആവശ്യം 73 ടണ്ണായിരുന്നു. തെരഞ്ഞെടുത്ത എട്ട്‌ ആശുപത്രിയിൽ ഓക്‌സിജൻ ജനറേറ്റർ സ്ഥാപിച്ചു. രണ്ട്‌ ഓക്‌സിജൻ ജനറേറ്റർ സ്ഥാപിച്ചുവരുന്നു. നിലവിൽ ഓക്‌സിജൻ ക്ഷാമം ഉണ്ടാകില്ലെങ്കിലും രോഗികൾ വർധിക്കുകയാണെങ്കിൽ  ഓക്‌സിജൻ  ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്‌ ഓക്‌സിജൻ ഉൽപ്പാദനത്തിൽ മുമ്പിലുള്ളത്‌‌ ഇനോക്‌സ്‌ എയർ പ്രൊഡക്‌ട്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌. പാലക്കാട്‌ കഞ്ചിക്കോട്‌ പ്രവർത്തിക്കുന്ന കമ്പനിക്ക്‌ ഒരു ദിവസം 149 ടൺ മെഡിക്കൽ ഓക്‌സിജൻ ഉൽപ്പാദിപ്പിക്കാൻ കഴിയും‌. 1000 ടൺ സംഭരണശേഷിയുമുണ്ട്‌. ഏപ്രിൽ 14 വരെ 500 ടണ്ണിലധികം ഓക്‌സിജൻ ഇവിടെ സംഭരിച്ചിരുന്നു. സർക്കാർ സ്ഥാപനമായ കൊല്ലത്തെ കേരള മെറ്റൽസ്‌ ആൻഡ്‌ മിനറൽസ്‌ ലിമിറ്റഡ്‌സിൽ പ്രതിദിനം ആറ്‌ ടൺ ഓക്‌സിജൻ ഉൽപ്പാദിപ്പിക്കാനാകും. ഇവിടെ 50 ടൺ ഓക്‌സിജൻ സംഭരിക്കാനാകും. ബിപിസിഎൽ –- കൊച്ചി റിഫൈനറിയിൽ സ്‌റ്റോക്കുണ്ടായിരുന്ന ഓക്‌സിജൻ തൃശൂരിലെ സഹകരണ ആശുപത്രികളിൽ നൽകി. കേരളത്തിലെ പത്ത്‌ ആശുപത്രിയിലായി 105 ടൺ ലിക്വിഡ്‌ ഓക്‌സിജനും സംഭരിക്കാനാകും.

അടിയന്തരമായി വാക്‌സിന്‍ അനുവദിക്കണം
സംസ്ഥാനത്തെ  ക്ഷാമം പരിഹരിക്കാൻ അടിയന്തരമായി വാക്‌സിൻ എത്തിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു. കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിൻ എത്രയുംവേഗം അനുവദിക്കണം. കോവിഡ് വ്യാപനം കുറയ്‌ക്കാനാണ്‌ ക്രഷിങ് ദ കർവിന്റെ ഭാഗമായി കൂട്ടപരിശോധനയും മാസ് വാക്‌സിനേഷനും ആരംഭിച്ചത്. 

സംസ്ഥാനത്ത് ആകെ 65 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് എത്തിച്ചത്. പ്രതിദിനം രണ്ട് ലക്ഷത്തിനു മുകളിൽ വാക്‌സിൻ നൽകുന്നുണ്ട്. ഇനി മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിൻമാത്രമാണുള്ളത്. 18 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ തുടങ്ങാനും നിലവിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കണം. അതിനാൽ, എത്രയുംവേഗം കൂടുതൽ വാക്‌സിൻ അനുവദിക്കണം.

സംസ്ഥാനത്ത് ചൊവ്വാഴ്‌ച 2,02,313 പേർക്കാണ് വാക്‌സിൻ നൽകിയത്. 1100 സർക്കാർ ആശുപത്രിയും 330 സ്വകാര്യ ആശുപത്രിയുമുൾപ്പെടെ 1430 കേന്ദ്രത്തിലാണ് വാക്‌സിനേഷൻ നടന്നതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top