തിരുവനന്തപുരം > സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത് 6.35 ലക്ഷം പേർ. ശനിയാഴ്‌ച എത്തിച്ച രണ്ട് ലക്ഷം വാക്‌സിൻ ഉൾപ്പെടെ ഇതുവരെ എത്തിയത് 60.84 ലക്ഷം വാക്‌സിനാണ്. അതിൽ 50.3 ലക്ഷം ആദ്യ ഡോസ് വാക്‌സിനാണ്. 6,35,447 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
ആകെ വിതരണം ചെയ്‌ത് 56.75 ലക്ഷം വാക്‌സിനാണ്.നിലവിൽ ബാക്കിയുള്ളത് 4.11 ലക്ഷം വാക്‌സിൻ മാത്രം. 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും 45 ദിവസത്തിനുള്ളിൽ വാക്‌സിൻ നൽകലാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ആവശ്യപ്പെടുന്ന അളവിൽ വാക്‌സിൻ ലഭിക്കാത്തത് ഇതിന് വെല്ലുവിളിയാണ്. വാക്‌സിൻ വിതരണത്തിൽ രാജ്യത്ത് അഞ്ചാം സ്ഥാനത്താണ് കേരളം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ വാക്‌സിൻ വിതരണം ചെയ്‌തത്. ഇവിടങ്ങളിൽ ആറുലക്ഷത്തിലധികം ഡോസ് വിതരണം ചെയ്‌തു. തൃശൂരിൽ 4.91 ലക്ഷവും കോഴിക്കോട് 4.04 ലക്ഷവും മലപ്പുറത്ത് 3.81 ലക്ഷം വാക്‌സിനും വിതരണം ചെയ്‌തു.
2 ദിവസം; 3 ലക്ഷം പരിശോധന
തിരുവനന്തപുരം > വെള്ളി, ശനി ദിവസങ്ങളിലായി സംസ്ഥാനത്ത് നടത്തിയ കോവിഡ് കൂട്ട പരിശോധനയിൽ 3,00,971 പേരുടെ സാമ്പിൾ ശേഖരിച്ചു. രണ്ടുദിവസത്തിൽ രണ്ടര ലക്ഷം പരിശോധനയായിരുന്നു ലക്ഷ്യം. വെള്ളിയാഴ്ച 1,35,159 ഉം ശനിയാഴ്ച 1,65,812ഉം സാമ്പിൾ പരിശോധിച്ചു.ഇവയുടെ പൂർണഫലം ലഭ്യമായിട്ടില്ല. അടുത്ത രണ്ടുദിവസത്തിനുള്ളിൽ ഫലം പൂർണമായി ലഭിക്കുന്നതോടെ രോഗനിരക്ക് കുത്തനെ ഉയർന്നേക്കും. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആർ, ആർടിഎൽഎഎംപി, ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ആകെ 1.42 കോടി സാമ്പിൾ പരിശോധിച്ചു.
കേരള മാതൃകയെ പ്രശംസിച്ച് ‘ടിൽ വി വിൻ’
തിരുവനന്തപുരം > കോവിഡ് പ്രതിരോധത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ കേരളമാതൃകയെ പ്രശംസിച്ച് ആരോഗ്യ വിദഗ്ധർ. ആരോഗ്യവിദഗ്ധനായ ഡോ. ചന്ദ്രകാന്ത് ലഹാരിയ, വാക്‌സിൻ ഗവേഷകൻ ഡോ. ഗഗൻദീപ് കാങ്, എയിംസ് ന്യൂഡൽഹി ഡയറക്ടർ രൺദീപ് ഗുലാരിയ എന്നിവർ ചേർന്നെഴുതിയ ‘ടിൽ വി വിൻ: ഇന്ത്യാസ് ഫൈറ്റ് എഗയിൻസ്റ്റ് ദ കോവിഡ്–- 19 പാൻഡമിക്’ പുസ്‌തകത്തിലാണ് സംസ്ഥാനത്തെ കോവിഡ് പോരാട്ടത്തിന് അംഗീകാരം.
കേരളം, ധാരാവി, ഡൽഹി എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധമാണ് ഇന്ത്യയിൽത്തന്നെ മികച്ചതെന്ന് പുസ്‌തകത്തിൽ പറയുന്നു. കോവിഡിൽനിന്ന് പൂർണമുക്തി നേടാനായിട്ടില്ലെങ്കിലും ഇനിവരുന്ന മഹാമാരികളിൽ ഈ പ്രതിരോധമാർഗങ്ങൾ ഗുണകരമാകും. കോവിഡിനെ പിടിച്ചുകെട്ടാൻ മറ്റ് സംസ്ഥാനങ്ങൾക്ക് ഈ പ്രതിരോധ പ്രവർത്തനങ്ങളെ മാതൃകയാക്കാം.
അടച്ചുപൂട്ടലിൽ രാജ്യത്ത് പൊതുവെ അതിഥിത്തൊഴിലാളികൾ നേരിട്ട സാമൂഹ്യ, സാമ്പത്തിക അസമത്വവും സ്വദേശത്തക്കുള്ള മടക്കവും വരുമാനം നഷ്ടപ്പെട്ട സാധാരണക്കാരെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. കോവിഡ്‌കാലത്തെ ആരോഗ്യമേഖലയിലെ വെല്ലുവിളികളും സാമൂഹ്യ ഘടകങ്ങളും വിശകലനംചെയ്‌താണ് പുസ്‌തകരചന. പെൻഗ്വിൻ ബുക്‌സാണ് പ്രസാധകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..