കൊച്ചി > കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം നേരിട്ട ഗോവയ്ക്ക് ഓക്‌സിജന്‍ നല്‍കിയ കേരളത്തിന്റെ നടപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 20000 ലിറ്റര്‍ ദ്രവരൂപത്തിലുള്ള ഓക്സിജന്‍ ആണ് കേരളം ഗോവക്ക് കൈമാറിയത്. കേരളസര്‍ക്കാരിന്റെ തീരുമാനത്തിന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ആപല്‍ഘട്ടത്തില്‍ മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ തുണയായത് കേരളം പൊതുമേഖലയില്‍ തുടക്കമിട്ട ഓക്‌സിജന്‍ പ്ലാന്റാണ്.
പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലാണ് ഓക്‌സിജന്‍ പ്ലാന്റ് ആരംഭിച്ചത്. 2020 ഒക്ടോബര്‍ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. 50 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പ്ലാന്റില്‍ 70 ടണ്‍ പ്രതിദിന ശേഷിയുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് പുറത്ത് നിന്ന് ഓക്സിജന്‍ വാങ്ങാന്‍ പ്രതിവര്‍ഷം 12 കോടിയോളം രൂപ നേരത്തേ ചെലവായിരുന്നു. പ്ലാന്റ് ആരംഭിച്ചതോടെ ഈ അധിക ചെലവ് ഒഴിവാക്കാന്‍ സര്‍ക്കാരിന് സാധിച്ചു.
ഊര്‍ജ്ജക്ഷമത കൂടിയതും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ പ്ലാന്റിന്റെ പ്രവര്‍ത്തനം വൈദ്യുതി ചെലവും കുറയ്ക്കും. പ്ലാന്റിന്റെ വരവോടെ ഓക്സിജന്‍ ലഭ്യതയില്‍ കേരളത്തിന് സ്വയംപര്യാപ്തത നേടാനും ടൈറ്റാനിയം ഡയോക്സൈഡ് ഉല്‍പ്പാദനം പൂര്‍ണ തോതിലാക്കാനും സഹാകമാകുന്നുണ്ട്.
വ്യാവസായിക ആവശ്യങ്ങള്‍ക്ക് നിലവില്‍ 63 ടണ്‍ ഓക്‌സിജനാണ് ആവശ്യം. ഇതിന് പുറമെ ഏഴ് ടണ്‍ ദ്രവീകൃത ഓക്സിജന്‍ കൂടി ഉല്‍പ്പാദിപ്പിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..