Latest NewsArticleSpecials

ഇത്തവണയും ആഘോഷങ്ങളില്ല; മനസ് നിറയെ പഴയ ഓര്‍മ്മകളുമായി പൂരപ്രേമികള്‍; തൃശൂര്‍ പൂരം ചരിത്രത്തെ കുറിച്ച് അറിയാം

ഈ പൂരങ്ങളുടെ പൂരമാണ് നാടിന്റെ നന്മയെ കരുതി മാറ്റിവെക്കുന്നത്.

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഇത്തവണയും പൂരങ്ങളുടെ പൂരം. പൂരപ്രേമികള്‍ക്കിത് സങ്കടകരം തന്നെ. എന്നാല്‍ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന മഹാമാരിയെ ചെറുക്കാന്‍ തങ്ങളുടെ പൂരക്കാഴ്ച ചടങ്ങുകള്‍ മാത്രമായി ചുരുക്കാന്‍ അവര്‍ മനസുകൊണ്ട് തയ്യാറെടുത്തിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഇത്തവണയും ആഘോഷങ്ങളിലാതെ നടത്താന്‍ തീരുമാനമായതോടെ മനസില്‍ പൂരം നിറച്ച് പഴയകാല വീഡിയോകളും കണ്ട് ഓര്‍മ്മകളില്‍ കണ്ണുനട്ടിരിക്കുകയാണ് പൂരപ്രേമികള്‍.

തൃശൂര്‍ പൂരത്തെ പൂരങ്ങളുടെ പൂരമായാണ് കണക്കാക്കുന്നത്. ആലവട്ടവും വെണ്‍ചാമരവും അലങ്കാരങ്ങളാക്കിയ ഗജവീരന്‍മാരും പഞ്ചവാദ്യവുമെല്ലാം സൃഷ്ടിക്കുന്ന ഒരു മായിക പ്രപഞ്ചം. പൂരത്തിന് ദിവസങ്ങള്‍ക്ക് മുന്നേ തൃശൂര്‍ പട്ടണമാകെ പൂരത്തിരക്കുകളില്‍ മുങ്ങും. എല്ലാ മതവിഭാഗങ്ങളും ഒരുപോലെ ആഘോഷിക്കുന്നതാണ് ഈ ആചാരത്തിന്റെ മഹത്വം കൂട്ടുന്നത്. മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ മാരത്തണ്‍ ഉത്സവം സ്വദേശികളെയും വിദേശികളെയും ഒരേ പോലെ ആകര്‍ഷിക്കുന്നു. മേടമാസത്തിലാണ് തൃശൂര്‍ പൂരം നടക്കുന്നത്. ആനകള്‍, കുടമാറ്റം, മേളം, വെടിക്കെട്ട് തുടങ്ങിയവാണ് പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

തൃശൂര്‍ പൂര ചരിത്രത്തെ കുറിച്ച് അറിയാം

200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട് തൃശൂര്‍ പൂരത്തിന്. ശക്തന്‍ തമ്പുരാനാണ് ഇതിന് തുടക്കം കുറിച്ചത്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍ പൂരം ആഘോഷിക്കുന്നത്.

ആറാട്ടുപുഴ പൂരമായിരുന്നു കേരളത്തില്‍ ഏറെ പ്രശസ്തമായിരുന്നത്. കൊച്ചി ശക്തന്‍ തമ്പുരാന്റെ കാലത്തായിരുന്നു ആറാട്ടുപുഴ പൂരം. വിവിധ ദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്ന് എത്തുന്ന സംഘങ്ങള്‍ ആറാട്ടു പുഴ പൂരത്തില്‍ പങ്കെടുക്കുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിശ്വാസം. എന്നാല്‍ 1796 ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും ഉണ്ടായതിനെ തുടര്‍ന്ന് പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ സംഘങ്ങള്‍ക്ക് എത്താന്‍ സാധിച്ചില്ല. ഇതോടെ ഈ സംഘങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. ഇതില്‍ കോപിഷ്ടനായ ശക്തന്‍ തമ്പുരാന്‍ തൃശൂര്‍ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ (1797 മെയ്) തൃശൂര്‍ പൂരം ആരംഭിക്കുകയായിരുന്നു. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രധാന പങ്കാളികള്‍.

വടക്കുംനാഥന്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിന് ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. വടക്കുംനാഥന്‍ ക്ഷേത്രത്തിന് ചുറ്റും 65 ഏക്കറില്‍ പരന്നു കിടക്കുന്നതാണ് തേക്കിന്‍ കാട് മൈതാനം. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികള്‍ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളണ്. പൂരത്തിന്റെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണ് നടക്കുന്നത്.

കൂത്തമ്പലത്തില്‍ വടക്കുംനാഥ എഴുന്നള്ളത്ത് അവസാനിച്ചശേഷമാണ് ഇലഞ്ഞിത്തറമേളം തുടങ്ങുന്നത്. പാണ്ടിമേളത്തിന്റെ കുലപതികള്‍ പങ്കെടുക്കുന്ന ഇലഞ്ഞിത്തറമേളം നാല് മണിക്കൂറാണ് ദൈര്‍ഘ്യമുള്ളതാണ്. മുന്‍ നിരയില്‍ ഉരുട്ട് ചെണ്ടക്കാര്‍ 15 പേരാണ്. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകള്‍, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേര്‍ കൂടിയുള്ളതുമാണ്.

പതികാലത്തില്‍ തുടങ്ങുന്ന മേളം സാവധാനമാണ്. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ് മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേല്‍ ചെണ്ട തുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാല്‍ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ് എന്നാണ് വിളിക്കപ്പെടുന്നത്. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാര്‍ദ്ധത്തില്‍ എല്ലാം അവസാനിക്കുകയാണ്.

ഇലഞ്ഞിത്തറമേളത്തിന് ശേഷം തെക്കോട്ടിറക്കമാണ്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിന്‍ കാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. പാറമേക്കാവിന്റെ 15 ആനകള്‍ തെക്കോട്ടിറങ്ങി കോര്‍പ്പറേഷന്‍ ആപ്പീസിന്റെ മുമ്പിലുള്ള രാജാവിന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നില്‍ക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നില്‍ക്കുന്നതോടെ കുടമാറ്റം തുടങ്ങും.

POORAM

പാറമേക്കാവ്- തിരുവമ്പാടി ദേവിമാരുടെ കൂടിക്കാഴചയാണ് കുടമാറ്റം. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ചു മത്സരിക്കും. ഓരോ കുട ഉയര്‍ത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയര്‍ത്തിയ ശേഷമേ അടുത്ത കുട ഉയര്‍ത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു 14 ആനകള്‍ക്ക് ഉയര്‍ത്തുന്ന കൂടയേക്കാള്‍ വ്യത്യാസമുള്ളതായിരിക്കും. എല്ലാ വര്‍ഷവും വ്യത്യസ്തമായ കുടകള്‍ അവതരിപ്പിക്കാന്‍ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിക്കുന്നു. ഇതോടെ പകല്‍പൂരം അവസാനിക്കും.

എന്നാല്‍ പകല്‍ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ് പൂരത്തിന്റെ മറ്റൊരു ആകര്‍ഷണം. വെളുപ്പിന് മൂന്നു മണിയോടെ ആകാശത്തിലെ ഈ മേളം തുടങ്ങും. പിന്നീട് തൃശൂര്‍ പൂരത്തിന്റെ പിറ്റേ ദിവസം രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും. തൃശ്ശൂര്‍ക്കാരുടെ പൂരം എന്നും ഇതിനെ പറയാറുണ്ട്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കുന്നു. മേളത്തിന് ശേഷം വെടിക്കെട്ട് നടക്കുന്നു. അതിനുശേഷം ദേവിമാര്‍ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങും. ഇതോടെയാണ് ഔപചാരികമായി പൂരങ്ങളുടെ പൂരം സമാപിക്കുന്നത്.

ഈ പൂരങ്ങളുടെ പൂരമാണ് നാടിന്റെ നന്മയെ കരുതി മാറ്റിവെക്കുന്നത്. പൂരം നിയന്ത്രണവിധേയമായതില്‍ ഹൃദയവ്യഥ അനുഭവിക്കുന്നവരെല്ലാം അടുത്ത പൂരം ഗംഭീരമാക്കാമെന്ന പ്രതീക്ഷയിലാണ്.

Related Articles

Post Your Comments


Back to top button