ന്യൂഡല്‍ഹി> കോവിഡ് രണ്ടാംതരംഗത്തില്‍ പ്രധാന രോഗലക്ഷണം ശ്വാസതടസമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ബല്‍റാം ഭാര്‍ഗവ. 'കഴിഞ്ഞ തരംഗവുമായി താരതമ്യപ്പെടുത്തിയാല്‍ ഈ തരംഗത്തില്‍ മരണശതമാനത്തില്‍ കാര്യമായ വ്യത്യാസമില്ല. എന്നാല്‍, രണ്ടാംതരംഗത്തില്‍ ശ്വാസതടസമാണ് പ്രധാനലക്ഷണമായി കാണുന്നത്. ആദ്യതരംഗത്തിലെ രോഗലക്ഷണങ്ങള്‍ കുറച്ചുകൂടി തീവ്രമായിരുന്നു. ചുമയും സന്ധിവേദനയും തലവേദനയും ആളുകളെ ബുദ്ധിമുട്ടിച്ചിരുന്നു. രണ്ടാം തരംഗത്തില്‍ കൂടുതല്‍ പേരും ബുദ്ധിമുട്ടുന്നത് ശ്വാസതടസത്തിനാലാണ്. അതുകൊണ്ടാണ്, ഓക്സിജന്‍ ആവശ്യം ഇപ്പോള്‍ കൂടിയിട്ടുള്ളത്'-- പ്രൊഫ. ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാണിച്ചു.
അശ്രദ്ധ, കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള പെരുമാറ്റ ശീലങ്ങള്‍ ഉപേക്ഷിക്കല്‍, ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ എന്നീ മൂന്ന് കാരണങ്ങളാണ് രണ്ടാംതരംഗത്തില്‍ രോഗം വ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'വലിയ അളവിലുള്ള അശ്രദ്ധ നമ്മുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതോടൊപ്പം, കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള പെരുമാറ്റരീതികള്‍ ഉപേക്ഷിച്ചു. ഇതോടൊപ്പം, ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ കൂടിയായപ്പോള്‍ രോഗം പടര്‍ന്നു'-- ഐസിഎംആര്‍ ഡിജി വിശദീകരിച്ചു.
കോവിഡ് രണ്ടാംതരംഗത്തിലും 40 വയസിനും അതിന് മുകളിലുള്ളവരുമാണ് കൂടുതലായി രോഗബാധിതരാകുന്നതെന്ന് പ്രൊഫ. ബല്‍റാംഭാര്‍ഗവ പറഞ്ഞു. 'രോഗികളില്‍ 70 ശതമാനവും 40 വയസിനും അതിന് മുകളിലുള്ളവരുമാണ്. ചെറുപ്പക്കാരുടെ ഇടയിലുള്ള രോഗബാധയും നേരിയതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണവും കൂടി. കാര്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ കഴിയാം. ആര്‍ടി--പിസിആര്‍ പരിശോധനയാണ് കോവിഡ് രോഗനിര്‍ണയത്തിനുള്ള ഏറ്റവും മികച്ച മാര്‍ഗം'-- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..