കോവളം > ബീമാപള്ളിക്കടുത്ത് ചെറിയതുറ കടപ്പുറത്ത് ഭീമൻ സ്രാവ് ചത്ത് കരയ്‌ക്കടിഞ്ഞ നിലയിൽ. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സ്രാവിനെ കണ്ടെത്തിയത്. മൂവായിരത്തിലധികം കിലോയും പത്ത് മീറ്ററിലധികം നീളവുമുണ്ടായിരുന്നു.
വിഴിഞ്ഞം തീരദേശ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ വടംകൊണ്ട് ബന്ധിച്ച് കരയിലേക്ക് വലിച്ചുകയറ്റി. ഉച്ചയോടെ അമ്പലത്തറ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. സൈറ കുറുപ്പിന്റെയും വെട്ടിക്കുഴി മൃഗാശുപത്രിയിലെ ഡോ. അഭിലാഷിന്റെയും നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടി ആരംഭിച്ചു. പോസ്റ്റ്മോർട്ടവും മറവുചെയ്യലും ഏറെ ശ്രമകരവും കഠിനവുമായിരുന്നെന്ന് അധികൃതർ പറഞ്ഞു.
കോർപറേഷനിൽനിന്ന് വരുത്തിയ ജെസിബി ഉപയോഗിച്ച് മറവുചെയ്യാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ സഹായവുമായി നാട്ടുകാരും രംഗത്തെത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സ്രാവിനെ നാലായി മുറിച്ചശേഷം ജെസിബി കൊണ്ട് മറവ് ചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഉൾക്കടലിൽ മാത്രം ജീവിക്കുന്ന സ്രാവ് ദിശ തെറ്റി തീരത്തേക്ക് വന്നതാകാമെന്നാണ് കരുതുന്നത്.
ശനിയാഴ്ച രാവിലെ കോവളത്തെ കരമടി മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കരയിൽ എത്തിയ കൂറ്റൻ സ്രാവിനെ കടലിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇത് ആയിരിക്കാമെന്ന സംശയത്തിലാണ് അധികൃതർ. മടങ്ങിപ്പോകുന്നതിനിടയിൽ തിരയടിയിൽ അകപ്പെട്ട് പാറക്കൂട്ടങ്ങളിൽ ഇടിച്ചാകാം മരണകാരണം. വിഴിഞ്ഞം തീരദേശ എസ്ഐ ഷാനിബാസ്, എഎസ്ഐ അശോകൻ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..